നാൽപ്പതു വർഷങ്ങൾക്കു ശേഷം അതേ ‘വിട പറയും മുമ്പേ’യിലെ സേവ്യറായി ജീവിതത്തിലും നെടുമുടി വേണു

 

2021 ഒക്ടോബർ 11-നായിരുന്നു അഭിനയകലയുടെ കൊടുമുടി കീഴടക്കിയ നെടുമുടി വേണു തന്റെ അവസാന സീൻ എന്നപോലെ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ എല്ലാവർക്കും മുമ്പിൽ നിശ്ചലനായി നീണ്ടുനിവർന്നു കിടന്നത്.1973 മുതൽ 2021 വരെയുള്ള തന്റെ അഭിനയ ജീവിതത്തിൽ അതായിരുന്നു നെടുമുടി വേണുവിന്റെ ഏറ്റവും മികച്ച സീനും.നായകനായും സഹനടനായും വില്ലനായും സ്വഭാവ നടനായും ഹാസ്യനടനായുമെല്ലാം തിളങ്ങിയ നെടുമുടിയുടെ അഭിനയജീവിതത്തിൽ പക്ഷെ ഏറ്റവും പ്രധാനപ്പെട്ട വർഷം എന്നു പറയുന്നത് 1981 ആണ്.അതായത് അദ്ദേഹം വിടപറയുന്നതിന് കൃത്യം നാൽപ്പതു വർഷങ്ങൾക്കു മുമ്പ്.

1981 സെപ്റ്റംബർ 10- ന് പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമായിരുന്നു ‘വിട പറയും മുമ്പേ’. മഹാരോഗം ഉണ്ടെന്ന വിവരം ആരെയും അറിയിക്കാതെ, എല്ലാവരോടും കളിച്ചും ചിരിച്ചും തമാശ പറഞ്ഞും നടക്കുന്ന സേവ്യര്‍ എന്ന കഥാപാത്രം പ്രേക്ഷകരുടെ ഹൃദയത്തിൽ നൊമ്പരമുണര്‍ത്തുക മാത്രമല്ല, ഈ പടത്തിലെ അഭിനയത്തിന് അക്കൊല്ലത്തെ മികച്ച നടനുള്ള അവാർഡും നെടുമുടിക്ക് നേടിക്കൊടുത്തു.കൃത്യം നാൽപ്പതു വർഷങ്ങൾക്കു ശേഷം ഇതേ പോലൊരു അവസ്ഥയായിരുന്നു ‘വിടപറയുന്നതിനു മുമ്പേ’ നെടുമുടിയുടേതും.ലിവറിലെ ക്യാൻസറും അതിനിടയിൽ വന്നുപെട്ട കോവിഡും എല്ലാം ചേർന്ന് ജീവിതത്തെ ആകെ തളർത്തിയെങ്കിലും നെടുമുടി ആരോടും ഒന്നും പറഞ്ഞില്ല.അവസാന നിമിഷങ്ങൾക്ക് മണിക്കൂറുകൾ മുമ്പുവരെയും കളിചിരി തമാശകളോടെ അദ്ദേഹം എല്ലാവരോടും ഇടപെട്ടു, ഓടിനടന്ന് സിനിമയിലും അഭിനയിച്ചു.

എല്ലാവരെയും അമ്പരിപ്പിച്ചുകൊണ്ട് നെടുമുടി വേണു ക്യാമറകൾക്കു മുന്നിൽ വിസ്മയ നടനമാടിയ, അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച വർഷം എന്നു പറയാവുന്ന 1981-ലെ ആ ചിത്രങ്ങൾ ഇവയാണ്.

ഭരതൻ സംവിധാനം ചെയ്ത് 1981 -ജൂൺ 25ന് പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പാളങ്ങൾ. ജോൺപോൾ ആണ് തിരക്കഥ.,സറീന വഹാബ്, നെടുമുടി വേണു തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രത്തിന്റെ മിക്കവാറും ഭാഗങ്ങൾ ഷൊർണ്ണൂരും പരിസര പ്രദേശങ്ങളിലുമാണ് ചിത്രീകരിച്ചിരിക്കുന്നത്.പടം മാത്രമല്ല,ഇതിലെ ‘ഏതോ ജൻമ കൽപ്പനയിൽ..’ ഉൾപ്പടെയുള്ള എല്ലാ പാട്ടുകളും വമ്പൻ ഹിറ്റായിരുന്നു.ഇന്നും ഓർമ്മിക്കപ്പെടുന്നവ.

അതിന്റെ തൊട്ടടുത്ത ദിവസം
പത്മരാജന്റെ സംവിധാനത്തിൽ (1981-ജൂൺ 26ന്) പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കള്ളൻ പവിത്രൻ. പത്മരാജന്റെ തന്നെ ഇതേപേരിലുള്ള ചെറുകഥയുടെ ചലച്ചിത്രാവിഷ്കാരമായിരുന്നു ഇത്. ചിത്രത്തിൽ പവിത്രൻ എന്ന കള്ളനെ അവതരിപ്പിച്ചിരിക്കുന്നത് നെടുമുടി വേണുവാണ്.

1981ജൂലൈ10ന് കാക്കനാടന്റെ കഥയ്ക്ക് ഭരതൻ നൽകിയ ചലചിത്രാവിഷ്കാരമാണ് പറങ്കിമല. ചിത്രത്തിൽ സുകുമാരി, നെടുമുടി വേണു എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

1981 സെപ്റ്റംബർ 10- ന് ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് വിട പറയും മുമ്പേ. ജോൺപോളിന്റെ കഥക്ക് തിരക്കഥ, സംഭാഷണം സംവിധാനം എന്നിവ നിർവഹിച്ചത് മോഹൻ ആണ്. ഇന്നസെന്റ് നിർമ്മിച്ച ഈ ചിത്രത്തിൽ നെടുമുടിവേണുവാണ് നായകനായി അഭിനയിച്ചിരിക്കുന്നത്.വിടപറയും മുമ്പേ എന്ന സിനിമയിലെ സേവ്യര്‍ എന്ന കഥാപാത്രത്തെ അവിസ്മരണീയനാക്കി വേണു അക്കൊല്ലത്തെ മികച്ച നടനുള്ള അവാർഡും നേടി.

1981 നവംബർ 17 ന് ജോൺപോളിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണമെഴുതി അശോക് കുമാർ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്‌ തേനും വയമ്പും.പ്രേംനസീർ, മോഹൻലാൽ, സുമലത, റാണി പത്മിനി എന്നിവരോടൊപ്പം നെടുമുടി വേണുവും പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

500ല്‍ അധികം സിനിമകളില്‍ നെടുമുടിവേണു അഭിനയിച്ചിട്ടുണ്ട്. കാറ്റത്തെ കിളിക്കൂട്,,ഒരു കഥ ഒരു നുണക്കഥ,,സവിധം, തുടങ്ങി എട്ടു ചിത്രങ്ങള്‍ക്ക് കഥയെഴുതുകയും, പൂരം എന്ന ചലച്ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു.1991ല്‍ ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിന് മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കി. 2004 ല്‍ ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനും അര്‍ഹനായി.1981,1987,2003 എന്ന വര്‍ഷങ്ങളില്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും കരസ്ഥമാക്കിയ അദ്ദേഹം. മലയാളത്തോടൊപ്പം തമിഴ് സിനിമകളിലും ധാരാളം ടെലിസീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

നെടുമുടിക്ക് ലഭിച്ച പുരസ്കാരങ്ങൾ
1980 – രണ്ടാമത്തെ മികച്ച നടൻ (ചാമരം)
1981 – മികച്ച നടൻ (വിട പറയും മുമ്പേ)
1987-മികച്ച നടൻ (ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം)
1990 – ജൂറിയുടെ പ്രത്യേക പരാമർശം (ഭരതം, സാന്ത്വനം)
1990-മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം (ഹിസ് ഹൈനസ് അബ്‌ദുള്ള)
1994 – രണ്ടാമത്തെ മികച്ച നടൻ (തേന്മാവിൻ കൊമ്പത്ത്)
2001 – മികച്ച നടൻ- അവസ്ഥാന്തരങ്ങൾ
2003-മികച്ച നടൻ (മാർഗം)
2005 – മികച്ച സഹനടൻ – തന്മാത്ര
2005 മാർഗം ഹവാന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ
2007 – മികച്ച തിരക്കഥാ രചയിതാവ് – തനിയേ
2007 സൈര – മികച്ച നടൻ – സിംബാബ്‌വേ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ

2011 – മികച്ച സഹനടൻ – എൽസമ്മ എന്ന ആൺകുട്ടി
2013 – മികച്ച സ്വഭാവ നടൻ – നോർത്ത് 24 കാതം
2015 – മികച്ച വില്ലൻ – ഒരു സെക്കന്റ് ക്ലാസ് യാത്ര, രുദ്ര സിംഹാസനം
2017 – ആജീവനാന്ത നേട്ടത്തിനുള്ള ഏഷ്യാനെറ്റ് ഫിലിം അവാർഡ്

Leave a Reply

Your email address will not be published. Required fields are marked *