പരപ്പ സെന്റ് ജോസഫ് പള്ളിയിൽ വച്ചാണ് എബിനും, റോസ്മരിയയും വിവാഹിതരായത്. ഇതിനുശേഷം പള്ളിയിൽ നിന്നും ഒന്നര കിലോമീറ്ററോളം ദൂരെയുള്ള വരന്റെ ഗൃഹത്തിലേക്ക് കുതിരവണ്ടിയിൽ യാത്ര ചെയ്താണ് ഇരുവരുംപ്രതിഷേധം അറിയിച്ചത്
ഇന്ധന വില ദിനംപ്രതി വർധിച്ചു കൊണ്ടിരിക്കുകയാണ്. സാധാരണക്കാരന് താങ്ങാവുന്നതിനും അപ്പുറമാണ് ഇപ്പോഴത്തെ ഇന്ധനവില. രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ ഇതിനെതിരെ വൻപ്രതിഷേധങ്ങൾ ഉയർന്നു വരുന്നുണ്ട്. ഈ അവസരത്തിലാണ് വധൂവരൻമാർ കുതിരവണ്ടിയിൽ യാത്ര ചെയ്ത് ഇന്ധന വില വർദ്ധനവിലുള്ള തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്. വിവാഹ ചടങ്ങിന് കാർ ഉപേക്ഷിച്ച് കുതിര വണ്ടിയിൽ വേറിട്ട പ്രതിഷേധവുമായി എത്തിയത്, ആലക്കോട് പാലച്ചുവട്ടിൽ തോമസ് – ഫിലോമിന ദമ്പതികളുടെ മകൻ എബിനും, കൊട്ടയാട് നെന്മേനി കാട്ടിൽ ജോർജ്- ജസീന്ത ദമ്പതികളുടെ മകൾ റോസ്മരിയയുമാണ്.
പരപ്പ സെന്റ് ജോസഫ് പള്ളിയിലായിരുന്നു വിവാഹം. ഇതിനുശേഷം പള്ളിയിൽ നിന്നും ഒന്നര കിലോമീറ്ററോളം ദൂരെയുള്ള വരന്റെ ഗൃഹത്തിലേക്ക് കുതിരവണ്ടിയിൽ യാത്ര ചെയ്താണ് ഇരുവരും പ്രതിഷേധം അറിയിച്ചത്.
വരൻ എബിന്റെ പിതാവ് തോമസ് പരപ്പയിലെ ടാക്സി ഉടമയും, ഡ്രൈവറും കൂടിയാണ്. അതുകൊണ്ടുതന്നെ ഇന്ധനവില വർദ്ധനയിൽ പ്രതിഷേധിച്ചുള്ള വധൂവരന്മാരുടെ കുതിരവണ്ടിയിലുള്ള ഈ സവാരി നാട്ടുകാർക്കും കൗതുകമായി. വിവാഹശേഷമുള്ള യാത്രയ്ക്കായി പരപ്പ പുതുശ്ശേരി സ്വദേശിയുടെ കുതിരവണ്ടി തെരഞ്ഞെടുക്കുകയായിരുന്നു. വ്യത്യസ്തമായ ഈ പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്.