Lead NewsNEWS

ജോജുവിന്റെ കാറിന് ഫാൻസി നമ്പർ പ്ലേറ്റ്, ഒരെണ്ണം ഹരിയാന രജിസ്ട്രേഷൻ: നിയമങ്ങള്‍ പാലിക്കാതെ ഉപയോഗിക്കുന്നുവെന്ന് പരാതി

കൊച്ചി: നടന്‍ ജോജു ജോര്‍ജിന്റെ 2 കാറുകള്‍ നിയമം പാലിക്കാതെയാണ് ഉപയോഗിക്കുന്നതെന്ന് പരാതി. കളമശേരി സ്വദേശി മനാഫ് പുതുവായിലാണ് ഇതുസംബന്ധിച്ച് എറണാകുളം ആര്‍ടിഒയ്ക്കു പരാതി നല്‍കിയത്. അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് അഴിച്ചു മാറ്റി ഫാന്‍സി നമ്പര്‍ പ്ലേറ്റാണ് ജോജുവിന്റെ ഒരു കാറില്‍ ഘടിപ്പിച്ചിട്ടുള്ളതെന്ന് പരാതിയില്‍ പറയുന്നു.

മറ്റൊരു കാര്‍ ഹരിയാന രജിസ്‌ട്രേഷനിലുള്ളതാണ്. കേരളത്തില്‍ തുടര്‍ച്ചയായി ഉപയോഗിക്കണമെങ്കില്‍ ഇവിടുത്തെ രജിസ്‌ട്രേഷന്‍ വേണമെന്ന നിയമം ലംഘിച്ചെന്നും പരാതിയില്‍ പറയുന്നു. ആദ്യത്തെ പരാതി അന്വേഷിക്കാന്‍ അസി.മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ ചുമതലപ്പെടുത്തിയതായി ആര്‍ടിഒ പി.എം.ഷെബീര്‍ പറഞ്ഞു. രണ്ടാമത്തെ പരാതി ചാലക്കുടി ആര്‍ടിഒയ്ക്കു കൈമാറി.

കോണ്‍ഗ്രസ് ഉപരോധത്തില്‍ പ്രതിഷേധിച്ചു റോഡിലിറങ്ങിയ നടന്‍ ജോജു ജോര്‍ജ് മാസ്‌ക് ധരിക്കാതെ കോവിഡ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും പകര്‍ച്ചവ്യാധി തടയല്‍ നിയമപ്രകാരം കേസെടുക്കണമെന്നും ആവശ്യപ്പെട്ടു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ.ഷാജഹാനും പരാതി നല്‍കിയിട്ടുണ്ട്.

അതേസമയം, ജോജുവിന്റെ കാര്‍ തല്ലിപ്പൊളിച്ച സംഭവത്തില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തൈക്കൂടം സ്വദേശി പി.ജി.ജോസഫിനെ (47) റിമാന്‍ഡ് ചെയ്തു. ജാമ്യമില്ലാത്ത വകുപ്പുകളാണു ചുമത്തിയിട്ടുള്ളത്. സംഭവത്തില്‍ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണിയടക്കം 15 നേതാക്കള്‍ക്കും കണ്ടാല്‍ തിരിച്ചറിയാവുന്ന 50 പേര്‍ക്കെതിരെയും കേസെടുത്തിരുന്നു.

Back to top button
error: