ഒളിമ്പ്യൻ പി.ആർ ശ്രീജേഷിന് പരമോന്നത കായിക ബഹുമതി ഖേൽരത്ന പുരസ്കാരം; ഒപ്പം നീരജ് ചോപ്രയടക്കം 12 പേര്‍ക്കും ഖേല്‍രത്‌ന, 35 പേര്‍ക്ക് അര്‍ജുന അവാർഡ്
വെങ്കല മെഡൽ പോരാട്ടത്തിൽ ജർമനിയെ 5-4ന് തകർത്തപ്പോൾ ഗോൾപോസ്റ്റിനു മുന്നിൽ ഇന്ത്യയുടെ രക്ഷകനായത് കിഴക്കമ്പലത്തുകാരൻ ശ്രീജേഷാണ്. 49 വർഷത്തിനു ശേഷം ഒളിമ്പിക് മെഡലണിയുന്ന മലയാളി എന്ന നേട്ടത്തിനു പിന്നാലെ ഇപ്പോഴിതാ ശ്രീജേഷിന് ഖേൽരത്നയുടെ തിളക്കവും
ന്യൂഡൽഹി: ടോക്യോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ഗോൾകീപ്പർ പി.ആർ ശ്രീജേഷിന് രാജ്യത്തെ പരമോന്നത കായിക ബഹുമതി മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം. സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര ഉൾപ്പടെ 12 പേർക്കാണ് അവർഡ്. 35 താരങ്ങൾ അർജുന അവാർഡിനും അർഹരായി. ഈ മാസം 13-ന് പുരസ്കാരം സമ്മാനിക്കും.
1972-ലെ മ്യൂണിക് ഒളിമ്പിക്സിൽ ഹോക്കിയിൽ വെങ്കല മെഡൽ നേടിയ മാനുവൽ ഫ്രെഡറിക്കിന് ശേഷം ഇന്ത്യൻ ഹോക്കിയിൽ കേരളത്തിന്റെ മേൽവിലാസമായിരിക്കുകയാണ് ശ്രീജേഷ്. വെങ്കല മെഡൽ പോരാട്ടത്തിൽ ജർമനിയെ 5-4ന് തകർത്തപ്പോൾ ഗോൾപോസ്റ്റിനു മുന്നിൽ ഇന്ത്യയുടെ രക്ഷകനായത് കിഴക്കമ്പലത്തുകാരൻ ശ്രീജേഷാണ്. 49 വർഷത്തിനു ശേഷം ഒളിമ്പിക് മെഡലണിയുന്ന മലയാളി എന്ന നേട്ടത്തിനു പിന്നാലെ ഇപ്പോഴിതാ ശ്രീജേഷിന് ഖേൽരത്നയുടെ തിളക്കവും. 2006 മുതൽ ഇന്ത്യൻ ടീമിൽ കളിക്കാൻ തുടങ്ങിയ ശ്രീജേഷിന്റെ കഠിനാധ്വാനത്തിന്റെയും നിരന്തരമായ പ്രയത്നത്തിന്റെയും ഫലമാണ് ഈ നേട്ടം.
പാരലിമ്പ്യൻമാരായ അവാനി ലേഖര, സുമിത് അന്റിൽ, പ്രമോദ് ഭഗത്, കൃഷ്ണ നഗർ, മനീഷ് നർവാൾ, വനിതാ ക്രിക്കറ്റ് താരം മിതാലി രാജ്, ഫുട്ബോൾ താരം സുനിൽ ഛേത്രി, ഹോക്കി താരം മൻപ്രീത് സിങ് എന്നിവരും ഖേൽരത്ന പുരസ്കാരം നേടി.
കോച്ചുമാരായ ടി.പി ഔസേപ്പും ആർ രാധാകൃഷ്ണൻ നായരും ദ്രോണാചാര്യ പുരസ്കാരത്തിന് അർഹരായി. കെസി ലേഖയ്ക്ക് സമഗ്ര സംഭാവനയ്ക്കുള്ള ധ്യാൻചന്ദ് പുരസ്കാരം ലഭിച്ചു.
ഖേൽരത്ന അവർഡ് നേടുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീജേഷ്. 2002- 2003 വര്‍ഷത്തില്‍ ഓട്ടക്കാരി കെ എം ബീനാമോളാണ് ആദ്യമായി ഖേൽരത്‌ന പുരസ്‌കാരം നേടുന്നത്. അടുത്തവര്‍ഷം ലോങ്ജമ്പ് താരം അഞ്ജു ബോബി ജോര്‍ജ്ജും ഈ പുരസ്‌കാരത്തിന് അര്‍ഹയായി.
ഖേൽരത്ന പുരസ്കാര ജേതാക്കൾ
1. നീരജ് ചോപ്ര (ജാവലിൻ ത്രോ)
2. രവി കുമാർ (ഗുസ്തി)
3. ലവ്ലിന (ബോക്സിങ്)
4. പി.ആർ.ശ്രീജേഷ് (ഹോക്കി)
5. അവാനി ലേഖര (പാരാ ഷൂട്ടിങ്)
6. സുമിത് അന്റിൽ (പാരാ അത്ലറ്റിക്സ്)
7. പ്രമോദ് ഭഗത് (പാരാ ബാഡ്മിന്റൺ)
8. കൃഷ്ണ നഗർ (പാരാ ബാഡ്മിന്റൺ)
9. മനീഷ് നർവാൾ (പാരാ ഷൂട്ടിങ്)
10. മിതാലി രാജ് (ക്രിക്കറ്റ്)
11. സുനിൽ ഛേത്രി (ഫുട്ബോൾ)
12. മൻപ്രീത് സിങ് (ഹോക്കി)