NEWS

ബെഹറയും മനോജ് എബ്രഹാമും എന്തു പൊലീസെന്ന് ഹൈക്കോടതി, ടിപ്പുവിന്റെ സിംഹാസനവും മോശയുടെ വടിയും കണ്ടിട്ട് മനസ്സിലായില്ലേ…?

ഉന്നതരായ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട മോൻസൺ മാവുങ്കലിൻ്റെ തട്ടിപ്പ് കേസ് പോലീസ് അന്വേഷിച്ചാൽ മതിയാകുമോ എന്നാണ് ഹൈക്കോടതി സംശയം പ്രകടിപ്പിച്ചത്. ഈ സംശയം കേരളത്തിൻ്റെ ഓരോ പൗരൻ്റെയും സംശയമാണ്

കൊച്ചി: മോൻസൺ കേസിലെ സർക്കാർ സത്യവാങ്മൂലത്തെ വിമർശിച്ച് ഹൈക്കോടതി. മോൻസൺന്റെ വീട്ടിൽ പോയ ബെഹറയ്ക്കും മനോജ് എബ്രഹാമിനും പുരാവസ്തു നിയമത്തെ കുറിച്ച് അറിവില്ലേ എന്ന് കോടതി ചോദിച്ചു. ടിപ്പുവിന്റെ സിംഹാസനവും മോശയുടെ വടിയും കണ്ടിട്ട് ഇവർക്ക് മനസ്സിലായില്ലേ…? ഐ.ജി ലക്ഷ്മണയുടെ പങ്ക് സംബന്ധിച്ച് സർക്കാർ വിശദീകരണം അപൂർണമാണെന്നും കോടതി നിരീക്ഷിച്ചു.

മോൻസൺ കേസിൽ പോലീസ് സമർപ്പിച്ച സത്യവാങ്മൂലം വായിച്ച ശേഷമാണ് ഹൈക്കോടതി ഈ ചോദ്യങ്ങൾ ഉയർത്തിയത്. സത്യവാങ്മൂലം കൂടുതൽ ചോദ്യങ്ങൾ ഉയർത്തുകയാണ് ചെയ്യുന്നതെന്ന് കോടതി നിരീക്ഷിച്ചു.
മോൻസൺന്റെ വീട് സന്ദർശിച്ച ലോക്നാഥ് ബെഹ്റയ്ക്കും എ.ഡി.ജി.പി മനോജ് എബ്രഹാമിനും അവിടെ നടക്കുന്ന തട്ടിപ്പ് ബോധ്യപ്പെട്ടില്ലേ എന്നാണ് ഹൈക്കോടതിയുടെ ചോദ്യം.

നാട്ടിൽ പുരാവസ്തുക്കൾ സൂക്ഷിക്കുന്നതിനും അവ പ്രദർശിപ്പിക്കുന്നതിനും നിയമമുണ്ട്. ആ നിയമത്തെ കുറിച്ച് ഈ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് അറിവില്ലായിരുന്നോ എന്നും കോടതി ചോദിച്ചു. എ.ഡി.ജി.പിയെയും ഡി.ജി.പിയെയും ആരാണ് മോൻസണിന്റെ വീട്ടിലേക്ക് കൊണ്ടുപോയതെന്നും കോടതി ആരാഞ്ഞു.

ഇവർ ആര് ക്ഷണിച്ചിട്ടാണ് പോയത്…? 2019 മെയ് മാസം 11 നാണ് മോൻസണിനെതിരെ ഇന്റലിജൻസ് അന്വേഷണത്തിന് എ.ഡി.ജി.പി മനോജ് എബ്രഹാം ഉത്തരവിടുന്നത്. ഇതിന് ശേഷമാണ് മോൻസൺ സ്വന്തം വീടിന് സുരക്ഷ ആവശ്യപ്പെട്ടത്. മോൻസണിനെതിരെ സംശയം ഉണ്ടായിട്ടും പോലീസ് എന്തിന് സംരക്ഷണം നൽകി.
ഉന്നതരായ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ടിട്ടുള്ള ഈ കേസ് പോലീസ് അന്വേഷിച്ചാൽ മതിയാകുമോ എന്നും കോടതി ചോദിച്ചു.

Back to top button
error: