NEWS

ബാലവിവാഹങ്ങൾ വ്യാപകമാകുന്നു, എട്ട് മാസത്തിനിടയിൽ സംസ്ഥാനത്ത് 45 ബാലവിവാഹങ്ങൾ

സംസ്ഥാനത്തെ ശൈശവവിവാഹം തടയാൻ സർക്കാർ ആരംഭിച്ച പദ്ധതിയാണ് പൊൻവാക്ക്. ശൈശവവിവാഹത്തെക്കുറിച്ച് മുൻകൂട്ടി വിവരം നൽകുന്ന വ്യക്തിക്ക് 2500 രൂപ പാരിതോഷികമായി നൽകും

തിരുവനന്തപുരം: എട്ട് മാസത്തിനിടയിൽസംസ്ഥാനത്ത് നടന്നത് 45 ബാലവിവാഹങ്ങളെന്ന് കണക്ക്. ആഗസ്റ്റ് വരെയുള്ള കണക്കാണിത്. കഴിഞ്ഞ വർഷം 41 ബാലവിവാഹങ്ങളാണ് ആകെ നടന്നത്. ശിശുക്ഷേമവകുപ്പിന്‌ ലഭിച്ച പരാതികളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലുള്ള കണക്കുകളാണിത്. വകുപ്പ് അറിയാതെ നടക്കുന്ന ധാരാളം ബാലവിവാഹങ്ങൾ വേറെയുമുണ്ട്.

Signature-ad

വയനാട് ജില്ലയിലാണ് ഇക്കാലയളവിൽ കൂടുതൽ കല്യാണം നടന്നത്. കഴിഞ്ഞ കൊല്ലം 27ഉം ഇക്കാല്ലം 36ഉം. ശൈശവവിവാഹം കൂടുതലായി നടക്കുന്നുവെന്ന് നേരത്തെ പരാതി ഉയർന്ന മലപ്പുറത്ത്‌ മാറ്റംവന്നിട്ടുണ്ട്. മലപ്പുറം ജില്ലയിൽ കഴിഞ്ഞ വർഷം മൂന്നു ശൈശവവിവാഹങ്ങൾ മാത്രമാണ്‌ നടന്നത്. ഇക്കൊല്ലം ഒരെണ്ണവും.

ഈ വർഷം മൂന്നു ശൈശവവിവാഹം നടന്ന ഇടുക്കി രണ്ടാംസ്ഥാനത്താണ്. കോട്ടയത്തും എറണാകുളത്തും രണ്ടുവീതവും തൃശൂരിൽ ഒരു കല്യാണവും നടന്നു.
കഴിഞ്ഞ വർഷം ആലപ്പുഴ, തൃശൂർ ജില്ലകളിൽ മൂന്നു ശൈശവവിവാഹങ്ങൾ നടന്നു. ഇടുക്കിയിൽ രണ്ടും തിരുവനന്തപുരം, എറണാകുളം, പാലക്കാട് ജില്ലകളിൽ ഓരോ കല്യാണവും നടന്നു.

2020 ഏപ്രിൽ മുതൽ 2021 മാർച്ച് വരെ ശിശുക്ഷേമസമിതിക്ക്‌ ലഭിച്ച 145 പരാതികളിൽ 109 കല്യാണങ്ങള്‍ തടയാൻ കഴിഞ്ഞിട്ടുണ്ട്. കൂടുതൽ പരാതികൾ ലഭിച്ചത് മലപ്പുറത്തുനിന്നാണ്. ഒന്നരവർഷത്തിനുള്ളിൽ വിവിധ ജില്ലകളിൽനിന്ന് കോടതികളിലെത്തിയ 28 കേസുകളിൽ രണ്ടെണ്ണത്തിൽ ശിക്ഷിച്ചു. 19 എണ്ണം തടഞ്ഞു. കണ്ണൂർ ജില്ലയിൽനിന്നാണ് കൂടുതൽ പരാതികൾ കോടതിയുടെ പരിഗണനയിലെത്തിയത്; 14 പരാതികള്‍. 12 വിവാഹങ്ങൾ കോടതിയും രണ്ടെണ്ണം ശിശുക്ഷേമസമിതിയും തടഞ്ഞു. കോഴിക്കോട്, കാസർകോട്, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ രണ്ടുവർഷത്തിനിടെ ശൈശവവിവാഹം റിപ്പോർട്ട് ചെയ്തിട്ടില്ല.

ശൈശവവിവാഹത്തിലെ ഇരയുടെ തീരുമാനപ്രകാരം വിവാഹം അസാധുവാക്കാം. കുടുംബകോടതിയില്‍ പരാതി നല്‍കാം. രക്ഷിതാക്കള്‍, അടുത്ത സുഹൃത്ത്, ബാല്യവിവാഹ നിരോധന ഓഫീസര്‍ എന്നിവർ മുഖേന പരാതി ഫയല്‍ ചെയ്യാം. പ്രായപൂര്‍ത്തിയായി രണ്ടു വര്‍ഷം കഴിയുന്നതിനുമുമ്പ് പരാതി എപ്പോള്‍ വേണമെങ്കിലും നൽകാം. വിവാഹം അസാധുവായി പ്രഖ്യാപിക്കുന്നതിനൊപ്പം എതിര്‍കക്ഷി വിവാഹസമയത്ത് പരാതിക്കാരിയിൽനിന്ന്‌ സ്വീകരിച്ച ആഭരണങ്ങളടക്കമുള്ളവ തിരികെ നല്‍കുന്നതിനും ഉത്തരവ് ബാധകമാവും.

സംസ്ഥാനത്തെ ശൈശവവിവാഹം തടയാൻ സർക്കാർ ആരംഭിച്ച പദ്ധതിയാണ് പൊൻവാക്ക്. ശൈശവവിവാഹത്തെക്കുറിച്ച് മുൻകൂട്ടി വിവരം നൽകുന്ന വ്യക്തിക്ക് 2500 രൂപ പാരിതോഷികമായി നൽകും. വിവാഹം നടന്നശേഷം വിവരം നൽകുന്നവർക്ക് പാരിതോഷികമില്ല. ശൈശവവിവാഹം തടയാൻ ജനങ്ങളെക്കൂടി പങ്കാളികളാക്കാനാണ് പൊൻവാക്ക്.

Back to top button
error: