NEWS
പാക്കിസ്ഥാന്റെ ക്രിക്കറ്റ് വിജയം ആഘോഷിച്ച അധ്യാപികയെ ജോലിയിൽ പിരിച്ചുവിട്ടു
ജയ്പൂർ: ട്വന്റി ട്വന്റി ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ പാക്കിസ്ഥാന്റെ വിജയം ആഘോഷിച്ച അധ്യാപികയെ സ്‌കൂൾ അധികൃതർ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.
രാജസ്ഥാനിലെ ഉദയ്പൂരിലെ നീർജ മോദി സ്‌കൂളിലെ അധ്യാപിക നഫീസ അതാരിയെയാണ് പിരിച്ചുവിട്ടത്.
പാകിസ്താന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച അധ്യാപികയുടെ വാട്ട്സ്ആപ്പ് പോസ്റ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലായിരുന്നു. പോസ്റ്റിൽ, ‘ജീത് ഗയേ,ഹം’ (ഞങ്ങൾ വിജയിച്ചു) എന്ന വാചകത്തോടുകൂടിയ പാകിസ്താൻ കളിക്കാരുടെ ചിത്രം അതാരി പങ്കുവെച്ചിരുന്നു.
സൊജാതിയ ചാരിറ്റബിൾ ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ് നീർജ മോദി സ്‌കൂൾ പ്രവർത്തിക്കുന്നത്. പിരിച്ചുവിടാനുള്ള കാരണം പക്ഷെ നോട്ടീസിൽ പരാമർശിച്ചിട്ടില്ല.
പിരിച്ചുവിട്ട കാര്യം സ്‌കൂൾ അധികൃതർ സ്ഥിരീകരിച്ചു. ഇന്നലെ ചേർന്ന യോഗത്തിലാണ് നഫീസ അതാരിയെ പിരിച്ചുവിടാൻ തീരുമാനിച്ചത്.