മികച്ച ഭിന്നശേഷി ജീവനക്കാർക്കുള്ള 2020- ലെ ദേശീയ പുരസ്കാരം അയർകുന്നം പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് രശ്മി മോഹന്
ന്യുമോണിയ ബാധിച്ചു മൂന്നാം വയസ്സിൽ സംസാരശേഷിയും കേൾവിശക്തിയും നഷ്ടപ്പെട്ട രശ്മി മോഹൻ ഇച്ഛാശക്തി കൊണ്ട് ഉയരങ്ങൾ കീഴടക്കാമെന്ന് സ്വന്തം ജീവിതംകൊണ്ട് തെളിയിച്ച വ്യക്തിയാണ്. പരിമിതികൾ മറികടന്നാണ് രശ്മി പഞ്ചായത്ത് വകുപ്പിലെ മികച്ച ഉദ്യോഗസ്ഥ ആയി മാറിയത്
കോട്ടയം: അയർക്കുന്നം ഗ്രാമ പഞ്ചായത്ത് ജീവനക്കാരി രശ്മി മോഹന് ദേശീയ ഭിന്നശേഷി അവാർഡ് ലഭിച്ചു.
പാലാ മുത്തോലി സ്വദേശിനിയായ രശ്മി അൽഫോൻസാ കോളജ് വിദ്യാർത്ഥിനിയായിരിക്കുമ്പോൾ സോഷ്യോളജിയിൽ റാങ്ക് നേടിയിരുന്നു. കോട്ടയം ജില്ലാ പഞ്ചായത്ത്, മുത്തോലി, എരുമേലി തുടങ്ങിയ പഞ്ചായത്തുകളിലും ജോലി ചെയ്തിട്ടുണ്ട്. ഇപ്പോൾ അയർക്കുന്നം പഞ്ചായത്ത് ഓഫീസ് സൂപ്രണ്ടാണ്.
ന്യുമോണിയ ബാധിച്ചു മൂന്നാം വയസ്സിൽ സംസാരശേഷിയും കേൾവിശക്തിയും നഷ്ടപ്പെട്ട രശ്മി മോഹൻ ഇച്ഛാശക്തികൊണ്ട് ഉയരങ്ങൾ കീഴടക്കാൻ കഴിയുമെന്ന് സ്വന്തം ജീവിതംകൊണ്ട് തെളിയിച്ച വ്യക്തിയാണ്. ഏറെ ചികിത്സയ്ക്ക് ശേഷം സംസാരശേഷി തിരിച്ചുകിട്ടിയെങ്കിലും കേൾവിശക്തി മടക്കി ലഭിച്ചില്ല. എന്നിരുന്നാലും ഒന്നാം ക്ലാസ്സുമുതൽ സാധാരണ കുട്ടികൾക്കൊപ്പം പഠിച്ച രശ്മി എസ്.എസ്.എൽ.സി യും പ്രീഡിഗ്രിയും ജൂനിയർ ഡിപ്ലോമ ഇൻ കോ ഓപ്പറേഷൻ കോഴ്സും ഫസ്റ്റ് ക്‌ളാസ്സൊടെയാണ് പാസ്സായത്.
ഡിഗ്രിക്ക് ഒറ്റമാർക്കിനാണ് ഒന്നാംറാങ്ക് നഷ്ടപ്പെട്ടത്.
ഇരുപത്തൊന്നാം വയസ്സിൽ മീനച്ചൽ താലൂക്ക് കോ ഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റിയിൽ ക്ലർക്കു ട്രെയിനിയായ രശ്മി ഇരുപത്തിരണ്ടാം വയസ്സിൽ മുത്തോലി ഗ്രാമപഞ്ചായത്തിൽ എൽ. ഡി ക്ലാർക്കായി സർക്കാർ സർവിസിൽ പ്രവേശിച്ചു.
ഭിന്നശേഷിക്കാരിയെന്ന പരിമിതികൾ മറികടന്നാണ് രശ്മി പഞ്ചായത്ത് വകുപ്പിലെ മികച്ച ഉദ്യോഗസ്ഥ ആയി മാറിയത്. സംസ്ഥാന സാമൂഹ്യനീതിവകുപ്പ് ഏർപ്പെടുത്തിയ പുരസ്‌കാരവും 2016ൽ രശ്മിയെ തേടിയെത്തിയിരുന്നു.
കേരളത്തിലെ ബധിരവനിതകളുടെ സംഘടനയായ ഡെഫ് വുമൺസ് ഫോറം സംസ്ഥാന പ്രസിഡന്റ്, ബധിര ഗവണ്മെന്റ് ജീവനക്കാരുടെ സ്വതന്ത്ര സംഘടനയായ ഡെഫ് എംപ്ലോയീസ്ഫോറം കേരളയുടെ സംസ്ഥാന കോ ഓർഡിനേറ്റർ, കോട്ടയം ജില്ലാ അസോസിയേഷൻ ഓഫ് ഡെഫ് ജില്ലാ എക്സക്യൂട്ടീവ് അംഗം, കോട്ടയം ഡെഫ് വിമൻസ് ഫോറം ചെയർപേഴ്സൺ എന്നീ നിലകളിലും രശ്മി പ്രവർത്തിച്ചുവരുന്നു.