NEWS

91 വയസ് തികഞ്ഞ മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളെല്ലാം ’90 കളിൽ ഇറങ്ങിയവ, ഏതൊക്കെയാണ് ആ സുവർണകാല ചിത്രങ്ങൾ

മലയാള സിനിമയ്ക്ക് 91 വയസ്സ് പൂർത്തിയാകുന്നു. മലയാളത്തിലെ ആദ്യ സിനിമ ‘വിഗതകുമാരൻ‘ പ്രദർശനത്തിനു വന്നത് (തിരുവനന്തപുരം ക്യാപിറ്റോൾ) 1930 ഒക്ടോബർ 23ന്. ഈ കാലത്തിനുള്ളിൽ മലയാളിയെ ഏറ്റവും കൂടുതൽ ആകർഷിച്ച സിനിമ, അല്ലെങ്കിൽ തിയേറ്ററുകളിൽ ഏറ്റവും കൂടുതൽ ഓടിയ സിനിമ ഏതാണ്…?

ഇന്ത്യൻ സിനിമാ വ്യവസായത്തെ സംബന്ധിച്ചടത്തോളം മലയാളം ഒന്നുമല്ല. ബോളിവുഡിലെ ഒരു നായകൻ വാങ്ങുന്ന പ്രതിഫലം കൊണ്ട് ഒരു മലയാള സിനിമ നിർമ്മിക്കാൻ സാധിക്കും.
പക്ഷെ ബോളിവുഡുമായി താരതമ്യം ചെയ്യുമ്പോള്‍ മലയാളത്തില്‍ കുറച്ചുകൂടെ കലാമൂല്യമുള്ള സിനിമകളുണ്ടാകുന്നു എന്നതിൽ തർക്കമില്ല. എന്നിരുന്നാലും എണ്‍പതുകളുടെ അവസാനം മുതൽ തൊണ്ണൂറുകളുടെ അവസാനം വരെയുള്ള കാലമാണ് മലയാള സിനിമയുടെ സുവർണ്ണ കാലം.

ഇപ്പോഴുള്ള ചിത്രങ്ങള്‍ കൂടിയാല്‍ 150 ദിവസം ഓടും, അതുമല്ലെങ്കില്‍ 200. അതിനുമപ്പുറം ഒരു ചിത്രത്തിന് തിയേറ്ററില്‍ ആയുസുണ്ടോ എന്നത് സന്ദേഹം. ‘ശങ്കരാഭരണം’ ഒഴികെ മുന്നൂറ് ദിവസങ്ങളില്‍ കൂടുതല്‍ ഓടിയ സിനിമകൾ എല്ലാംതന്നെ ’89-’99 ന് ഇടയിലുള്ളതായിരുന്നു.

ഗോഡ്ഫാദർ

സിദ്ധിഖ് – ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ഹാസ്യകുടുംബ ചിത്രമാണ് ഗോഡ്ഫാദർ. 1991- ലായിരുന്നു ഇതിന്റെ റിലീസിംഗ്. എന്‍ എന്‍ പിള്ള, തിലകന്‍, മുകേഷ്, കനക, ഇന്നസെന്റ്, ജഗദീഷ്, ഫിലോമിന തുടങ്ങിയ താരനിര. തെലുങ്കില്‍ പെദ്ദരികം, കന്നടയില്‍ പാണ്ഡവരു, ഹിന്ദിയില്‍ ഹുല്‍ചുല്‍ എന്നീ പേരുകളിലും റീമേക്ക് ചെയ്യപ്പെട്ട ഈ സിനിമയാണ് കേരളത്തിൽ ഏറ്റവും കൂടുതൽ ഓടിയ മലയാള ചിത്രം. തിരുവനന്തപുരം ശ്രീകുമാറിൽ തുടർച്ചയായ 404 ദിവസങ്ങളാണ് ഈ ചിത്രം പ്രദർശിപ്പിച്ചത്.
ഈ റെക്കോഡ് ഭേദിക്കാൻ ഇതുവരെ ഒരു മലയാള സിനിമയ്ക്കും സാധിച്ചിട്ടില്ല.

       ചിത്രം

തുടക്കത്തില്‍ ഒരുപാട് ചിരിപ്പിച്ച് ഒടുക്കം കരയിക്കുന്ന ഈ പ്രിയദര്‍ശന്‍ ചിത്രം 1988 ലാണ് പുറത്തിറങ്ങിയത്. സംഗീതത്തിന് ഏറെ പ്രാധാന്യം നല്‍കിയ ‘ചിത്ര’ത്തിലെ പാട്ടുകളെല്ലാം ഹിറ്റായിരുന്നു. കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത് മോഹന്‍ലാലും, രഞ്ജിനിയും, നെടുമുടി വേണുവും.’ചിത്രം’ പിന്നീട് തെലുങ്ക്, തമിഴ്, കന്നട, ഹിന്ദി എന്നീ ഭാഷകളിലേക്ക് റീമേക്ക് ചെയ്തു. ‘ചിത്രം’ 366 ദിവസങ്ങളാണ് തിയേറ്ററില്‍ കളിച്ചത്.

        കിലുക്കം

പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ മറ്റൊരു മികച്ച സിനിമ. അമേരിക്കന്‍ റൊമാന്റി കോമഡി ചിത്രമായ ‘റോമന്‍ ഹോളിഡേ’യില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് പ്രിയൻ ഈ ചിത്രം സംവിധാനം ചെയ്തത്. 1991ലാണ് കിലുക്കം പുറത്തിറങ്ങിയത് തെലുങ്കിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്തിട്ടുണ്ട്. 365 ദിവസങ്ങള്‍ കേരളത്തിലെ തിയേറ്ററുകളിൽ ‘കിലുക്കം’ പ്രദര്‍ശിപ്പിച്ചു.           മണിച്ചിത്രത്താഴ്

ഫാസില്‍ സംവിധാനം ചെയ്ത് 1993 ല്‍ റിലീസ് ചെയ്ത ‘മണിച്ചിത്രത്താഴ്’ തുടർച്ചയായി 314 ദിവസങ്ങളാണ് ഓടിയത്. മധു മുട്ടം തിരക്കഥ രചിച്ച ഈ ചിത്രത്തില്‍ മോഹന്‍ലാല്‍, ശോഭന, സുരേഷ് ഗോപി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിത്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ മാവേലിക്കരയിലെ പ്രശസ്തമായ ആലുമൂട്ടില്‍ കൊട്ടാരത്തിലെ ഒരു ഈഴവ കുടുംബത്തില്‍ നടന്ന ദുരന്തസംഭവമാണ് ഈ സിനിമയുടെ ഇതിവൃത്തം .പത്ത് വര്‍ഷത്തിനു ശേഷം ചിത്രം തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ബംഗാളി ഭാഷകളിലേക്ക് റീമേക്ക് ചെയ്തു..

ഒരു വടക്കൻ വീരഗാഥ

‘ഒരു വടക്കന്‍ വീരഗാഥ’ 1989ലാണ് പുറത്തിറങ്ങിയത്. മമ്മൂട്ടി, ബാലന്‍ കെ നായര്‍, സുരേഷ് ഗോപി, മാധവി, ഗീത, ക്യാപ്റ്റന്‍ രാജു തുടങ്ങിയവര്‍ മുഖ്യ വേഷത്തിലെത്തിയ ചിത്രം ഒരേ സമയം ക്രിട്ടക്കല്‍ – കൊമേര്‍ഷ്യല്‍ വിജയം നേടി. ദേശീയ പുരസ്‌കാരവും ലഭിച്ച ‘ഒരു വടക്കന്‍ വീരഗാഥ’ ഇന്ത്യന്‍ സിനിമയിലെ മികച്ച മൂന്ന് ചിത്രങ്ങളിലൊന്നായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. 300 ദിവസമാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്.

ഹിറ്റ്‌ലർ

അഞ്ച് സഹോദരിമാരെ സ്‌നേഹിയ്ക്കുന്ന ഒരു വലിയേട്ടന്റെ കഥയാണ് സിദ്ധിഖ് – ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഹിറ്റ്‌ലർ. മമ്മൂട്ടിയുടെ ഹിറ്റ്‌ലര്‍ മാധവന്‍കുട്ടി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. മമ്മൂട്ടിയെ കൂടാതെ മുകേഷ്, ജഗദീഷ്, ശോഭന, സായികുമാര്‍, വാണി വിശ്വനാഥ്, സോമന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തി. 1996 ല്‍ റിലീസ് ചെയ്ത ‘ഹിറ്റ്‌ലർ’ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു. 300 ദിവസമാണ് ഈ ചിത്രവും കേരളത്തിലെ തീയേറ്ററുകളിൽ പ്രദര്‍ശിപ്പിച്ചത്.

ആദ്യം തെലുങ്കിൽ ഇറങ്ങുകയും പിന്നീട് തെന്നിന്ത്യയിലാകെ തന്നെ ഹിറ്റായി മാറുകയും ചെയ്ത സിനിമയാണ് ശങ്കരാഭരണം.
ഈ സിനിമ മലയാളത്തിൽ റിലീസാകുന്നത്1980ല്‍ ആണ്. 365 ദിവസം ഓടി അക്കാലത്ത് റിക്കാർഡ് സൃഷ്ടിച്ച സിനിമയാണ് ശങ്കരാഭരണം.

Back to top button
error: