LIFETRENDING

ഭാര്യയുടെ പിന്തുണയിൽ പടുത്തുയർത്തിയ സിനിമയാണ് ഓപ്പറേഷന്‍ ജാവ: തരുണ്‍ മൂര്‍ത്തി

കോവിഡ് പ്രതിസന്ധിയിൽ അടഞ്ഞുകിടന്ന തിയേറ്ററുകൾ വീണ്ടും തുറന്നു പ്രവർത്തനം ആരംഭിച്ചപ്പോൾ പഴയ പ്രതാപത്തിലേക്ക് തിരികെയെത്തിക്കാൻ പ്രധാന പങ്കുവഹിച്ചു കൊണ്ടിരിക്കുന്ന സിനിമയാണ് ഓപ്പറേഷൻ ജാവ. ചിത്രം ഈ മാസം പന്ത്രണ്ടാം തീയതിയാണ് പ്രദർശനത്തിനെത്തിയത്. കേരളം കടന്ന് സിനിമയുടെ പ്രദർശനം വിദേശരാജ്യങ്ങളിലേക്കും പോയിക്കഴിഞ്ഞു. പ്രദർശന ശാലകളിൽ നിന്നും മികച്ച പ്രതികരണം നേടി രണ്ടാം വാരത്തിലേക്ക് മുന്നേറുകയാണ് ചിത്രം. നവാഗതനായ തരുണ്‍ മൂർത്തി രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ബാലു വർഗീസും ലുക്മാനുമാണ്. ഇവർക്കൊപ്പം ഇര്‍ഷാദ്, വിനായകന്‍, ബിനു പപ്പു, മമിത, ധന്യ, ബാലചന്ദ്രന്‍, പ്രശാന്ത് അലക്സാണ്ടര്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങി ഒരുപിടി താരങ്ങൾ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.

വി സിനിമാസിന് വേണ്ടി പത്മ ഉദയ് ആണ് ഓപ്പറേഷൻ ജാവാ എന്ന ചിത്രം നിർമിച്ചിരിക്കുന്നത്. മികച്ച തിരക്കഥയെ അതിമനോഹരമായി സ്ക്രീനിൽ എത്തിക്കുന്നതിൽ മുഖ്യപങ്കുവഹിക്കുന്ന ക്യാമറ വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത് ഫയസ് സിദ്ധിഖ് ആണ്. ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ജേക്സ് ബിജോയ് ആണ്.

ഈയടുത്ത് ഒരു സ്വകാര്യ മാധ്യമത്തിന് ചിത്രത്തിന്റെ സംവിധായകൻ തരുണ്‍ മൂർത്തി നൽകിയ അഭിമുഖത്തിലാണ് ചിത്രം ഉണ്ടായതിന് പിന്നിലെ രസകരമായ കഥ അദ്ദേഹം തുറന്നു പറഞ്ഞത്. അധ്യാപകനായി ജോലി നോക്കി വരികയായിരുന്ന തരുൺ മൂർത്തി തന്റെ സഹപ്രവർത്തകയെയാണ് വിവാഹം കഴിച്ചത്. സിനിമ സ്വപ്നം മനസ്സിൽ കൊണ്ടുനടന്നിരുന്ന തരുണ്‍ മൂർത്തിക്ക് ഒരുഘട്ടത്തിൽ ജോലി ഉപേക്ഷിക്കണം എന്ന് തീരുമാനിക്കേണ്ടി വന്നു. തനിക്ക് സിനിമയിലേക്ക് പോകണമെന്ന് ഭാര്യയോട് അറിയിച്ചപ്പോൾ അവർ പറഞ്ഞ മറുപടിയാണ് സംവിധായകനെ ഞെട്ടിച്ചത്. ”നിങ്ങള്‍ക്ക് അതാണ് ആഗ്രഹം എങ്കിൽ ആ വഴി പോകൂ, ഒരു 40 വയസ്സ് ആകുമ്പോൾ പണ്ട് അങ്ങനെ ചെയ്യാമായിരുന്നു എന്ന തോന്നൽ വരരുത്”. ഭാര്യ നൽകിയ പിന്തുണയും പ്രോത്സാഹനവും കൊണ്ട് മാത്രമാണ് തനിക്ക് ഈ സിനിമ പൂർത്തിയാക്കാൻ കഴിഞ്ഞതെന്ന് സംവിധായകൻ ഓർമ്മിക്കുന്നു.

Back to top button
error: