നിയമസഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ പോലീസ് ഉദ്യോഗസ്ഥന്മാരുടെ കുടുബജീവിതത്തേയും, പോലീസ് സംവിധാനത്തേയും തകർക്കുന്ന തരത്തിലുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ സ്ഥലംമാറ്റ മാനദണ്ഡങ്ങൾക്കെതിരെ ബഹു. കേരള ഹൈക്കോടതിയെ സമീപിക്കാൻ കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ്റെ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
സബ് ഇൻസ്‌പെക്ടർ റാങ്ക് മുതൽ മുകളിലോട്ടുള്ള ജീവനക്കാരാണ് ഇത്തരത്തിൽ ട്രാൻസ്ഫർ ചെയ്യപ്പെടുന്നത്. ഇലക്ഷൻ കമ്മീഷന്റെ മാനദണ്ഡങ്ങൾ പ്രകാരം, ഒരു ഉദ്യോഗസ്ഥന് സ്വന്തം ജില്ലയിലും, മൂന്ന് വർഷം തുടർച്ചയായി പ്രവർത്തി എടുത്ത ജില്ലയിലും, 2019 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ജോലി നോക്കിയ ജില്ലയിലും, ഇതിനുമപ്പുറം 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജോലി നോക്കിയ ജില്ലയിലും SI മുതൽ മുകളിലോട്ടുള്ള റാങ്കിൽ ഉള്ളവരെ നിയമിക്കാൻ പാടില്ല. ഇതിൻെറ അനന്തരഫലം എന്നത് ഈ ഉദ്യോഗസ്ഥന്മാരെ അഞ്ച് ജില്ലകൾക്കപ്പുറത്തേക്ക് സ്ഥലം മാറ്റപ്പെടുന്നു. ഇത് ബഹു. കോടതിയുടെ മുന്നിൽ കൊണ്ടുവരാൻ കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ്റെ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. കേവലം രണ്ട് മാസം മുമ്പ് നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പ് ഇത്തരത്തിൽ ഒരു ട്രാൻസ്ഫറും ഇല്ലാതെ ഭംഗിയായി നടത്തിയ പോലീസ് ഓഫീസർമാരാണ് കേരളത്തിൽ ഉള്ളത് എന്നതും ശ്രദ്ധേയമാണ്.
ഈ നടപടി പോലീസ് ഉദ്യോഗസ്ഥന്മാരുടെ കുടുംബജീവിതം തകർക്കുന്നു എന്ന് മാത്രമല്ല, പോലീസ് സംവിധാനത്തിൻ്റെ പ്രവർത്തനങ്ങളെ പോലും തകർക്കുന്നു. കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകൾ അന്വേഷിക്കുന്ന ഇൻവെസ്റ്റിഗേഷൻ ഓഫീസർമാരാണ് ഇങ്ങനെ ട്രാൻസ്ഫർ ചെയ്യപ്പെടുന്നത്. ഇങ്ങനെ ട്രാൻസ്ഫർ നടത്തുന്നതിലൂടെ കേരളത്തിലെ മുഴുവൻ കേസുകളിലും പുതിയ അന്വേഷണ ഉദ്യോഗസ്ഥർ ആകുന്നു. ഇത് ഉണ്ടാക്കുന്ന സാഹചര്യം കൂടി കാണേണ്ടതുണ്ട്.
അതുപോലെ അഡ്വക്കേറ്റ്സിനെതിരെ ഉണ്ടാകുന്ന കേസുകളിൽ പരസ്പര ചർച്ചയ്ക്കായി ഒരു സമിതി നിലവിലുണ്ട്. SP ആയി വിരമിച്ച തോമസ് ജോളി ചെറിയാൻ IPS ഉം ചാലക്കുടി ബാർ അസോസിയേഷനും തമ്മിൽ 2001 ൽ നടന്ന ഒരു കേസിൻെറ പശ്ചാത്തലത്തിൽ അന്നത്തെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ശ്രീ. അരിജിത് പാസായത് അവർകളും ജസ്റ്റിസ് KS രാധാകൃഷ്ണൻ അവർകളും ചേർന്ന ബഞ്ച് നൽകിയ സദുദ്ദേശപരമായ നിർദ്ദേശത്തിലാണ് ഇങ്ങനെ ഒരു സമിതി ഉണ്ടായത്. എന്നാൽ ഈ സമിതിയുടെ പ്രവർത്തനം തൃപ്തികരമല്ല എന്ന് മാത്രമല്ല, ജനാധിപത്യ പരവുമല്ല എന്ന് ഇന്ന് KPOA കാണുന്നു.
അതാത് കാലത്തെ അഡ്വക്കേറ്റ് ജനറൽ ചെയർമാനും, സംസ്ഥാന പോലീസ് മേധാവി അംഗവുമാണ്. കൂടാതെ ഹൈക്കോടതിയിലെ അഡ്വക്കേറ്റ്മാരുടെ സംഘടനയായ ഹൈക്കോടതി ബാർ അസോസിയേഷൻ്റെ മൂന്ന് അംഗങ്ങളും പ്രസിഡന്റും, ആവലാതിക്കാരനായ അഡ്വക്കേറ്റിൻ്റെ ജില്ലയിലെ ബാർ അസോസിയേഷൻ പ്രതിനിധിയും ഈ സമിതിയിൽ അംഗങ്ങളാണ്. ഇങ്ങനെ ഒരു സമിതിയിലേക്ക് ഒറ്റയ്ക്ക് കടന്ന് വരുന്ന പോലീസ് ഓഫീസറെ കൂട്ടായി വിചാരണ ചെയ്യുന്ന അനുഭവമാണ് പലപ്പോഴും ഉണ്ടാകുന്നത്. ഹൈക്കോടതിക്കുള്ളിൽ AG യുടെ ഓഫീസിൽ ആണ് ഈ യോഗം നടക്കുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും ഇങ്ങനെ എത്തുന്ന പോലീസ് ഓഫീസർമാർ കയ്യേറ്റത്തിന് വിധേയരാകുന്നുണ്ട്. എല്ലാ മേഖലയിലും ബഹുഭൂരിപക്ഷം വരുന്ന നല്ലവരെ പറയിപ്പിക്കാൻ ചില പുഴുക്കുത്തുകൾ സ്വാഭാവികമാണ്. എന്നാലും ഇത്തരം പുഴുക്കുത്തുകളാൽ പോലീസ് ഉദ്യോഗസ്ഥർ ആക്രമിക്കപ്പെടുന്നത് പ്രതിഷേധാർഹമാണ്. കഴിഞ്ഞ ദിവസവും ഇത്തരം ഒരു സംഭവം ഉണ്ടായി. അതിൽ എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തിട്ടുണ്ട്. ഇനിമുതൽ ഇതുപോലെ ഒരു മീറ്റിംഗിൽ പോലീസ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിക്കരുതെന്നും, ഈ സമിതി പിരിച്ചു വിടുന്നതിനുള്ള നടപടി സ്വീകരിക്കാൻ അധികാരികൾക്ക് നിവേദനം നൽകാനും കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ്റെ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
ഇങ്ങനെ ഒരു സമിതി തുടരാനാണ് തീരുമാനം എങ്കിൽ ബാർ അസോസിയേഷൻ്റെ പ്രതിനിധികൾ എന്ന പോലെ കേരളത്തിലെ പോലീസ് സംഘടനകളുടെ പ്രതിനിധികളും നിർബന്ധമായും ഉണ്ടാകണം. അതുപോലെ തന്നെ ഹൈക്കോടതി പോലെ ഒരു സ്ഥലത്ത് യോഗം കൂടാനും പാടില്ല എന്നും ആവശ്യപ്പെടാൻ കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ്റെ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.