LIFETRENDING

ജോര്‍ജ്ജുകുട്ടിയുടേയും കുടുംബത്തിന്റേയും രഹസ്യങ്ങളുടെ ചുരുളഴിയുന്നു; ദൃശ്യം 2 ലെ ആദ്യഗാനമെത്തി

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ദൃശ്യം 2 എന്ന ചിത്രത്തിലെ ആദ്യഗാനമെത്തി. ചിത്രം ഒരു ഫാമിലി ഡ്രാമ ആയിരിക്കുമെന്നാണ് മുന്‍പ് സംവിധായകന്‍ ജിത്തു ജോസഫ് പറഞ്ഞിരുന്നതെങ്കിലും പുറത്ത് വരുന്ന ട്രെയിലറില്‍ നിന്നും ടീസറില്‍ നിന്നും ചിത്രം മറ്റൊരു ത്രില്ലറാണെന്ന സൂചനകളും പ്രേക്ഷകര്‍ക്ക് ലഭിക്കുന്നുണ്ട്. ആദ്യഭാഗത്തില്‍ അഭിനയിച്ച മിക്ക താരങ്ങളും രണ്ടാം ഭാഗത്തിലും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇവര്‍ക്ക് പുറമേ മുരളി ഗോപി, ഗണേഷ് കുമാര്‍, അഞ്ജലി നായര്‍ തുടങ്ങിയവരും രണ്ടാം ഭാഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രം ഫെബ്രുവരി 19 ന് ആമസോണ്‍ റിലീസായി തീയേറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

ദൃശ്യം 2013ലെ ഏറ്റവും വലിയ ഹിറ്റായിരുന്നു. ജിത്തു ജോസഫ് എന്ന സംവിധായകന്റെയും മലയാള സിനിമയുടെയും മാറ്റത്തിന് തുടക്കമാവുകയായിരുന്നു ദൃശ്യം. സ്വന്തം കുടുംബത്തെ സംരക്ഷിക്കാന്‍ ഒരു കൊലപാതകം മറച്ചു വെക്കേണ്ടി വരുന്ന ജോര്‍ജ്ജുകുട്ടി എന്ന സാധാരണക്കാരന്റെയും അയാള്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളുടെയും കഥയാണ് ദൃശ്യത്തിലൂടെ ജിത്തു ജോസഫ് പ്രേക്ഷകരോട് സംവദിച്ചത്. ചിത്രം അവസാനിക്കുമ്പോള്‍ ഒരു വലിയ രഹസ്യം ജോര്‍ജ്ജുകുട്ടിയുടെ മനസ്സിലും സിനിമ കണ്ടിറങ്ങിയ ഓരോ പ്രേക്ഷകന്റെ മനസ്സിലും അവശേഷിക്കുന്നു. ജോര്‍ജുകുട്ടിയുടെ മകള്‍ കൊലപ്പെടുത്തിയ ചെറുപ്പക്കാരന്റെ മൃതശരീരം രാജാക്കാട് പോലീസ് സ്റ്റേഷനിലാണ് കുഴിച്ചിട്ടിരിക്കുന്നതെന്ന് ജോര്‍ജുകുട്ടിയെ പോലെ അറിയാവുന്നത് പ്രേക്ഷകര്‍ക്ക് മാത്രമാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിക്കുമ്പോള്‍ ഓരോ പ്രേക്ഷകന്റെയും മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന ചിത്രം രാജാക്കാട് പോലീസ് സ്റ്റേഷന്‍ ആയിരിക്കും. ജോര്‍ജുകുട്ടി അവശേഷിപ്പിച്ച ആ വലിയ രഹസ്യം നിയമപാലകര്‍ കണ്ടെത്തുമോ എന്ന ചോദ്യം തന്നെയാണ് ദൃശ്യം 2 ലേക്കുള്ള പ്രധാന ആകര്‍ഷക ഘടകം. ദൃശ്യം 2 എന്ന ചിത്രത്തിലേക്ക് പ്രേക്ഷകരെ അടുപ്പിക്കുന്നതും ഈ കാരണം തന്നെയാണ്.

Signature-ad

ഒരു കൊലപാതകവും അതില്‍ പ്രതിയാക്കപ്പെട്ട ജോര്‍ജ്ജ് കുട്ടിയുടെയും കുടുംബത്തിന്റെയും ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഉള്ള ജീവിതമാണ് ദൃശ്യം 2. നാട്ടുകാരും സഹപ്രവര്‍ത്തകരും ബന്ധുക്കളും പിന്നീട് എങ്ങനെയായിരിക്കും ജോര്‍ജുകുട്ടിയേയും കുടുംബത്തെയും സമൂഹത്തില്‍ പരിഗണിക്കുക എന്നൊക്കെയാണ് ദൃശ്യം ചര്‍ച്ച ചെയ്യുന്നതെന്ന് സംവിധായകന്‍ വെളിപ്പെടുത്തുന്നു.

Back to top button
error: