ശാന്തിഗിരി പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾക്ക് ദേശീയതലത്തിൽ തുടക്കമായി
ന്യൂഡൽഹി: ശാന്തിഗിരി ഹെൽത്ത്കെയർ & റിസർച്ച് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ഇന്ത്യയിലുടനീളം ആരംഭിക്കുന്ന പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾക്ക് ഇന്ന് തുടക്കമായി. ഇതിന്റെ ദേശീയതല ഉദ്ഘാടനം കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്‌വി നിർവഹിച്ചു. ആരോഗ്യമേഖലക്ക് വെല്ലുവിളി ഉയർത്തിയ കോവിഡ് എന്ന മഹാമാരിയെ നേരിടുന്നതിൽ എല്ലാ ചികിത്സാവിഭാഗങ്ങളും തനതായ പങ്ക് വഹിച്ചിട്ടുണ്ട്.
പ്രതിരോധത്തിലൂന്നിയുള്ള ആയുഷ് ചികിത്സാവിഭാഗങ്ങൾക്ക് കോവിഡാനന്തര രോഗങ്ങളെ നേരിടാൻ കഴിയുന്നുവെന്നതും പ്രതീക്ഷാവഹമാണ്. ആയൂർവേദ- സിദ്ധ വിഭാഗങ്ങളെ സമന്വയിപ്പിച്ച് ശാന്തിഗിരി ആശ്രമം നടത്തുന്ന ആരോഗ്യപ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. സഫ്ദർജംഗ് റോഡിലെ ഔദ്യോഗിക വസതിയിൽ വച്ചു നടന്ന ചടങ്ങിൽ ശാന്തിഗിരി ആശ്രമം സോണൽ മാനേജർ ഡോ.കിരൺ.എസ്, പ്രോജക്ട് കോർഡിനേറ്റർ മനീഷ്. എം എന്നിവർ പങ്കെടുത്തു. പോസ്റ്റ കോവിഡ് ക്ലിനിക്കുകളൂടെ ഭാഗമായി ശാന്തിഗിരിയുടെ വിവിധ ആരോഗ്യ കേന്ദ്രങ്ങൾ വഴി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടുള്ള ആരോഗ്യ ബോധവൽകരണ ക്യാമ്പുകൾ, സൗജന്യ ടെലികൺസൾട്ടേഷൻ എന്നിവ നടത്തുമെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. രാജ്കുമാർ അറിയിച്ചു.