ഇടുക്കി ഉടുമ്പന്‍ ചോലയില്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജിന് സ്ഥലം അനുവദിച്ചു

തിരുവനന്തപുരം: ഇടുക്കി ഉടുമ്പന്‍ ചോലയില്‍ പുതുതായി ആയുര്‍വേദ മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നതിന് ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് സ്ഥലം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 20.82 ഏക്കര്‍ സ്ഥലമാണ് ആയുര്‍വേദ മെഡിക്കല്‍ കോളേജിനായി അനുവദിക്കുന്നത്. ആയുര്‍വേദ മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നതിന്റെ ഭാഗമായി ആശുപത്രിയുടെ നിര്‍മ്മാണമാണ് ആദ്യമായി ആരംഭിക്കുന്നത്. ഇടുക്കിയില്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നതോടെ ഇടുക്കിയിലേയും സമീപ ജില്ലകളിലേയും ജനങ്ങള്‍ക്ക് ഏറെ സഹായകരമാണെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് തിരുവനന്തപുരം, തൃപ്പുണ്ണിത്തുറ, കണ്ണൂര്‍ എന്നീ 3 സര്‍ക്കാര്‍ ആയുര്‍വേദ കോളേജുകളാണ് നിലവിലുള്ളത്. നാലാമത്തെ സര്‍ക്കാര്‍ മേഖലയിലുള്ള ആയുര്‍വേദ കോളേജാണ് ഇടുക്കി നെടുങ്കണ്ടത്ത് സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. മലയോര മേഖലയുടെ വികസനം കൂടി മുഖവിലയ്‌ക്കെടുത്താണ് ഇടുക്കിയില്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നത്.

ഈ കോളേജ് സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 2 കോടി രൂപ അനുവദിച്ചിരുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തിലെ ബജറ്റില്‍ ഒരു കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ വാപ്‌കോസ് എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കോളേജിനോടനുബന്ധിച്ച് സ്ഥാപിക്കുന്ന കൊളീജിയേറ്റ് ആശുപത്രിയില്‍ എല്ലാ സ്‌പെഷ്യാലിറ്റി ചികിത്സകള്‍ക്കുള്ള സൗകര്യം ഉണ്ടാക്കും. ആധുനിക സജ്ജീകരണങ്ങളോട് കൂടിയ കോളേജും ആശുപത്രിയുമാണ് ഇവിടെ ആരംഭിക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *