Lead NewsNEWS

ശതകോടീശ്വരന്റെ തൊഴില്‍നിയമലംഘനത്തിനെതിരെ തൊഴിലാളികള്‍ തെരുവില്‍

കോവിഡ് കാലത്ത് ഇന്ത്യക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട സൗദി കമ്പനിയുടെ വാര്‍ത്ത നേരത്ത ഏറെ ചര്‍ച്ചയായിരുന്നു. സൗദി അറേബ്യയിലെ അല്‍-ഖോബാര്‍ കേന്ദ്രമായുളള നാസ്സര്‍ എസ് അല്‍ ഹജ്ജി കോര്‍പറേഷനില്‍ ജോലി ചെയ്തവരെയാണ് കോവിഡ് മറവില്‍ ആനുകൂല്യം പോലും നല്‍കാതെ കൂട്ടത്തോടെ പിരിച്ചുവിട്ടത്. എന്നാല്‍ ഇപ്പോഴിതാ ഈ സംഭവത്തിന് പിന്നില്‍ പ്രവാസി വ്യവസായി രവിപിളളയാണെന്നാണ് തൊഴില്‍ നഷ്ടപ്പെട്ടവരുടെ ആരോപണം.

പ്രവാസി ക്ഷേമത്തിനായി രൂപീകരിക്കപ്പെട്ടിരിക്കുന്ന നോര്‍ക്ക റൂട്ട്‌സിന്റെ ഡയറക്ടര്‍ പദവിയിലിരുന്നുകൊണ്ട് പ്രവാസി തൊഴിലാളികളെ ചൂഷണം ചെയ്യുകയും കൊളളയടിക്കുകയുമാണ്‌ രവി പിളളയെന്നാണ്‌ ഇവരുടെ പരാതി. ഇന്ന് ഇതാ ഈ തൊഴില്‍ നഷ്ടപ്പെട്ടവര്‍ തങ്ങളുടെ സങ്കടം സര്‍ക്കാരിനെ അറിയിക്കാന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധവുമായി എത്തി. എന്നാല്‍ അവിടെയും അവര്‍ക്ക് പരാജയമായിരുന്നു. തിരുവനന്തപുരത്തേക്ക് പ്രതിഷേധസമരത്തിന് പങ്കെടുക്കാന്‍ വന്ന അവരുടെ ബസ്സ് കൊല്ലത്ത് വെച്ചേ പോലീസ് കസ്റ്റഡിയിലെടുത്തു. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകര്‍ നടത്തുന്ന സമരത്തോട് പ്രധാനമന്ത്രി നരേന്ദ്രമോദി എടുക്കുന്ന സമീപനമാണ് ഇപ്പോള്‍ ഇവിടെയും പ്രതിഫലിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.

വര്‍ഷങ്ങളായി ജോലി ചെയ്തിരുന്ന 163 തൊഴിലാളികളാണ് ഇപ്പോള്‍ കമ്പനി സേവന ആനുകൂല്യങ്ങള്‍ നല്‍കാത്തതിന്റെ പേരില്‍ പ്രതിഷേധവുമായി മുന്നോട്ട് വന്നിരിക്കുന്നത്. രവപിളളയ്‌ക്കെതിരെയുളള സമരം പൊളിക്കാന്‍ ഓടിയെത്തിയ സര്‍ക്കാരും പോലീസും സംസ്ഥാന ചരിത്ത്രില്‍ തന്നെ അത്യപൂര്‍വ്വമാണെന്നാണ് പുറത്തവരുന്ന റിപ്പോര്‍ട്ട്. സമരം നടത്താന്‍ വന്ന ബസ് സിഗ്നലില്‍ നിര്‍ത്തി ഇട്ടിരുന്ന സമയത്തായിരുന്നു ചിന്നക്കട പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇനിയും ഇതിനെതിരെ കടുത്ത നടപടികള്‍ ഉണ്ടാകുമെന്ന് അറിയാമെങ്കിലും സമരവുമായി മുമ്പോട്ട് പോകാനാണ് പ്രവാസികളായ തൊഴിലാളികളുടെ തീരുമാനം.

സൗദി അരേബ്യയിലെ തൊഴില്‍ നിയമമനുസരിച്ച് ലക്ഷകണക്കിന് രൂപയുടെ സാമ്പത്തിക ആനുകൂല്യത്തിന് അര്‍ഹരാണിവര്‍. ഈ ആനുകൂല്യം ലഭ്യമാകുന്നതിന് നിയമനടപടികളടക്കം സഹായം നല്‍കാന്‍ സൗദിയിലെ ഇന്ത്യന്‍ എംബസിക്ക് നിര്‍ദേശം നല്‍കണമെന്ന് എല്‍ബിബി ഇന്ത്യ ചാപ്റ്റര്‍ കണ്‍വീനര്‍ അഡ്വ.കെ ആര്‍ സുഭാഷ് ചന്ദ്രന്‍ നിവേദനത്തിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും ഒന്നും ഫലം കണ്ടില്ല. മാത്രമല്ല 12 സംസ്ഥാനങ്ങളില്‍ നിന്നുളള 500 ഓളം വരുന്ന തൊഴിലാളികളുടെ പരാതികള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി, കേരള മുഖ്യമന്ത്രിയുള്‍പ്പെടെ 11 ഓളം മുഖ്യമന്ത്രിമാര്‍, കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇന്ത്യന്‍ എംബസി തുടങ്ങിയവര്‍ക്ക് നല്‍കിയിട്ട് 4 മാസത്തിലേറെയായെങ്കിലും അതിനും അനുകൂല നടപടികളൊന്നും തന്നെയുണ്ടായില്ല.

ഇതിന്റെ ആദ്യഘട്ടം ജനുവരി 30ന് രവി പിളളയുടെ ഓഫീസിന് പുറത്ത് 163 തൊഴിലാളികള്‍ സമരം സംഘടിപ്പിച്ചിരുന്നു. ഇപ്പോള്‍ രണ്ടാം ഘട്ടമെന്ന നിലയിലാണ് ഇന്ന് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്താനിരുന്നത്. തുടര്‍ന്നും നീതി ലഭിച്ചില്ലെങ്കില്‍ രവി പിളളയുടെ വസതിക്ക് മുന്നില്‍ നിരാഹാരം ആരംഭിക്കാനാണ് തൊഴിലാളികളുടെ തീരുമാനം. വിദേശ രാജ്യങ്ങളിലെ തൊഴില്‍ തര്‍ക്കങ്ങളുള്‍പ്പെടെ പരിഹരിക്കാന്‍ സംവിധാനമുണ്ടെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മറുപടി സത്യവാങ്മൂലത്തില്‍ അറിയിച്ചിരുന്നു. എന്നിട്ടും ഇതിനനുസൃതമായ ഇടപെടല്‍ വിദേശകാര്യമന്ത്രാലയത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല എന്നത് രവി പിളളയുടെ സ്വാധീനത്തിന്റെ കരുത്താണ് കാണിക്കുന്നതെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

Back to top button
error: