ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കുള്ള സോഷ്യോ എക്കണോമിക് സര്‍വേ തുടരും

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കുള്ള സോഷ്യോ എക്കണോമിക് സര്‍വേ പദ്ധതി ഈ സാമ്പത്തിക വര്‍ഷം തുടരുന്നതിനുള്ള അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കി വരുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസിയുടെ ഭാഗമായാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ സോഷ്യോ എക്കണോമിക് സര്‍വേ നടത്തുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാരുടെ സര്‍വതോന്മുഖമായ പുരോഗതിയ്ക്ക് വേണ്ടിയാണ് സോഷ്യോ എക്കണോമിക് സര്‍വെയും വ്യക്തിഗത വികസന പദ്ധതിയും ഒരു ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമില്‍ നടത്തുന്നതിന് തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസിയുടെ ഭാഗമായി നിരവധി ട്രാന്‍സ്‌ജെന്‍ഡര്‍ സൗഹാര്‍ദ ക്ഷേമപദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നത്. ഇതിന്റെ ഭാഗമായാണ് ‘മഴവില്ല്’ എന്ന സമഗ്ര പദ്ധതി ആവിഷ്‌ക്കരിച്ചത്.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു വിഭാഗമെന്ന നിലയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതും മറ്റ് പൗരന്മാരെപ്പോലെ തുല്യ നീതിയും തുല്യ അവകാശങ്ങളും സേവനങ്ങളും ഈ വിഭാഗക്കാര്‍ക്കു കൂടി ഉറപ്പാക്കേണ്ടതും വകുപ്പിന്റെ കര്‍ത്തവ്യമാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിനായി വകുപ്പ് നടപ്പാക്കി വരുന്ന പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ഈ വിഭാഗക്കാരുടെ കൃത്യമായ എണ്ണം കണക്കാക്കേണ്ടതാണ്. ഈയൊരു ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സര്‍വേ നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *