സിപിഎമ്മിന് തന്നെ പേടിയെന്നു സരിത എസ് നായർ, പിൻവാതിൽ നിയമനങ്ങൾക്ക് പാർട്ടിക്കാർ തന്നെ സഹായിക്കുന്നുവെന്നും സരിത
ആരോഗ്യ കേരളം പദ്ധതിയിൽ പുറം വാതിലിലൂടെ നാലു പേർക്ക് ജോലി വാങ്ങി നൽകിയെന്ന് സരിത അവകാശപ്പെടുന്ന ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഈ ശബ്ദരേഖയിലാണ് സിപിഎമ്മിന് തന്നെ പേടിയാണെന്ന് സരിത പറയുന്നത്. സോളാർ കേസിൽ സിപിഎമ്മിനെ സഹായിച്ചതിന് പ്രത്യുപകാരം എന്ന നിലയിലാണ് താൻ പിൻവാതിൽ നിയമനം നടത്തുന്നതെന്നും സരിത പറയുന്നു.സരിത ഉൾപ്പെട്ട തൊഴിൽ തട്ടിപ്പ് കേസിലെ പരാതിക്കാരനായ അരുണിനോട് ഉള്ള ഫോൺ സംഭാഷണം എന്ന രീതിയിലാണ് ശബ്ദരേഖ പുറത്തുവന്നത്.
സിപിഎമ്മുകാർക്ക് തന്നെ പേടിയാണ്. അത് മുതലാക്കിയാണ് താൻ പിൻവാതിലിലൂടെ നിയമനങ്ങൾ നടത്തുന്നതെന്നും സരിത പറയുന്നു. പിൻവാതിൽ നിയമനങ്ങൾ നടത്തുന്നത് പാർട്ടി ഫണ്ടിന് വേണ്ടിയാണ്. പകുതി പണം പാർട്ടിക്കാർക്കും ഉദ്യോഗസ്ഥർക്കും നൽകും. രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും സഹായത്തോടെയാണ് നിയമനം നടത്തുന്നതെന്നും സരിത ശബ്ദ രേഖയിൽ പറയുന്നുണ്ട്.
അതേസമയം വാർത്തയിൽ യാതൊരു കഴമ്പുമില്ലെന്നും തെറ്റിദ്ധാരണ പരത്തുന്നതാണ് വാർത്ത എന്നുമാണ് സിപിഎം വൃത്തങ്ങളുടെ പ്രതികരണം.