കരി, സൂഫിയും സുജാതയും എന്നീ ചിത്രങ്ങളുടെ സംവിധായകനായ നരണിപ്പുഴ ഷാനവാസിന്റെ ആദ്യ തിരക്കഥയായ ”സൽമ” വിജയ് ബാബു സിനിമയാക്കുന്നു. ഷാനവാസിന്റെ അനുസ്മരണ ഭാഗമായി കൊച്ചിയിൽ ചേർന്ന യോഗത്തിലാണ് നടനും നിര്‍മ്മാതാവുമായ വിജയ് ബാബു പുതിയ ചിത്രം പ്രഖ്യാപിച്ചത്.
ഫ്രൈഡേ ഫിലിം ഹൗസ് ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ലാഭവിഹിതത്തിൽ ഒരു പങ്കു ഷാനവാസിന്റെ കുടുംബത്തിന് നൽകുമെന്ന് വിജയ് ബാബു അറിയിച്ചു. യോഗത്തിൽ വച്ച് തിരക്കഥയുടെ പകർപ്പ് ഷാനവാസിന്റെ ഭാര്യ അസു ഷാനവാസും മകനും ചേർന്ന് വിജയ് ബാബുവിന് കൈമാറി.
”ഷാനവാസിന് പ്രിയപ്പെട്ടവർ ഇന്ന് കൊച്ചിയിൽ ഒരു യോഗം ചേർന്നു. എന്റെ അഭ്യർത്ഥനപ്രകാരം ഷാനവാസിന്റെ ആദ്യ തിരക്കഥ അദ്ദേഹത്തിന്റെ ഭാര്യ എനിക്ക് കൈമാറി. സൽമ സിനിമയാക്കാനുള്ള എല്ലാ ശ്രമങ്ങളും എന്റെ ഭാഗത്തുനിന്ന് ഉണ്ടാവും. അതിന്റെ ലാഭവിഹിതം ഷാനവാസിന്റെ കുടുംബത്തിന് നൽകും” -വിജയ് ബാബു പറഞ്ഞു.
2020 ഡിസംബർ 23നാണ് ഹൃദയാഘാതംമൂലം നരണിപ്പുഴ ഷാനവാസ് മരണമടഞ്ഞത്. ഷാനവാസിന്റെ ഓർമ്മയ്ക്ക് വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ് ഹ്രസ്വ ചിത്രങ്ങള്‍ക്ക് വേണ്ടിയുള്ള മത്സരം സംഘടിപ്പിക്കും. 5 മിനിറ്റിൽ കൂടാത്ത ഹ്രസ്വചിത്രങ്ങൾ മത്സരത്തിനായി സമര്‍പ്പിക്കാം. അതിൽനിന്ന് തിരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച ചിത്രത്തിന് ഷാനവാസിന്റെ പേരിലുള്ള അവാർഡ് നല്‍കും. ഈ ചിത്രങ്ങൾ ഫ്രൈഡേ ഫിലിം ഹൗസിന്റെ യൂട്യൂബ് ചാനലിലൂടെ പ്രദർശിപ്പിക്കുകയും മികച്ച ചിത്രത്തിന്റെ സംവിധായകന് ഫ്രൈഡേ ഫിലിം ഹൗസിൽ ഒരു ഫീച്ചർ ഫിലിമിന്റെ തിരക്കഥ പറയാനുള്ള അവസരം നൽകുകയും ചെയ്യും.