LIFETRENDING

പിഷാരടി നിങ്ങള്‍ ഭാരതീയ സംസ്കാരത്തെ കൊഞ്ഞനം കുത്തുകയാണ്: എ.പി അബ്ദുള്ളക്കുട്ടി

വതാരകനായും നടനായും സംവിധായകനായും മലയാളികൾക്ക് പ്രിയങ്കരനാണ് രമേഷ് പിഷാരടി. താരത്തിന്റെ ഹാസ്യ പരിപാടികൾക്ക് വലിയ സ്വീകാര്യതയാണ് മലയാളികളിൽ നിന്ന് എല്ലായിപ്പോഴും ലഭിച്ചിട്ടുള്ളത്. ധർമ്മജനൊപ്പം ബ്ലഫ് മാസ്റ്റേഴ്സ് എന്ന പരിപാടിയിലൂടെയാണ് രമേശ് പിഷാരടി ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. പിന്നീട് മലയാളത്തിലെ വിവിധ ചാനലുകളിൽ അദ്ദേഹം പരിപാടി അവതരിപ്പിച്ചു. പിൽക്കാലത്ത് അഭിനയരംഗത്തേക്കും താരം ചുവടുമാറ്റിയിരുന്നു. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന ഹാസ്യ പരിപാടിയുടെ അവതാരകൻ ആയതോടെയാണ് മലയാളികൾ രമേശ് പിഷാരടി എന്ന താരത്തെ ഏറ്റെടുത്തു തുടങ്ങിയത്. മറ്റാരെയും വേദനിപ്പിക്കാത്ത തമാശകൾ ഹൃദ്യമായി അവതരിപ്പിക്കാനുള്ള രമേശ് പിഷാരടിയുടെ കഴിവ് തന്നെയാണ് ആളുകളിലേക്ക് അദ്ദേഹത്തെ പെട്ടെന്ന് അടുപ്പിച്ചത്. ഇടക്കാലത്ത് മറ്റു ചില കാരണങ്ങളാൽ ബഡായി ബംഗ്ലാവിൽ നിന്നും രമേശ് പിഷാരടിക്ക് മാറി നിൽക്കേണ്ടി വന്നപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞത് അദ്ദേഹത്തെ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുള്ള ട്രോളുകളായിരുന്നു. ഒരര്‍ത്ഥത്തില്‍ ബഡായി ബംഗ്ലാവ് എന്ന ഹാസ്യ പരിപാടിയുടെ നട്ടെല്ല് തന്നെ രമേശ് പിഷാരടി ആയിരുന്നുവെന്ന് മലയാളികൾ തിരിച്ചറിയുകയായിരുന്നു.


ടെലിവിഷൻ പ്രോഗ്രാമുകളിലൂടെ ശ്രദ്ധിക്കപ്പെടുബോഴും ചില ചിത്രങ്ങളിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കപ്പല് മുതലാളി എന്ന സിനിമയിൽ നായകനായും രമേശ് പിഷാരടി അഭിനയിച്ചിട്ടുണ്ട്. പിൽക്കാലത്ത് നായകവേഷം മാറ്റിവെച്ച് സഹനടനായും ഹാസ്യതാരവുമായൊക്കെ അദ്ദേഹം സിനിമകളിൽ നിറഞ്ഞിരുന്നു. ജയറാമിനെയും കുഞ്ചാക്കോ ബോബനേയും നായകൻമാരാക്കി പഞ്ചവർണ്ണതത്ത എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് അദ്ദേഹം സംവിധാന മേഖലയിലേക്കും കാലെടുത്തു വച്ചു. പിന്നീട് മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഗാനഗന്ധർവ്വൻ എന്ന ചിത്രവും രമേശ് പിഷാരടി സംവിധാനം ചെയ്തിരുന്നു.

സമൂഹമാധ്യമങ്ങളിൽ വളരെയധികം ഫോളോവേഴ്സുള്ള താരമാണ് രമേശ് പിഷാരടി. ഫേസ്ബുക്കിൽ അദ്ദേഹം ഇടുന്ന ചിത്രങ്ങളുടെ അടിക്കുറിപ്പ് തന്നെ പലപ്പോഴും ചര്‍ച്ചയാവാറുണ്ട്. എല്ലാ കാര്യത്തിലും നർമ്മം കണ്ടെത്തുന്ന രമേശ് പിഷാരടിയുടെ കമന്റുകൾ പലപ്പോഴും ഹാസ്യത്തിന്റെ ചുവയുള്ളതാണ്. ഇപ്പോഴിതാ രമേശ് പിഷാരടി ഫേസ്ബുക്കിൽ ഇട്ട ഒരു പോസ്റ്റും അതിന്റെ അടിക്കുറിപ്പുമാണ് വിവാദമായിരിക്കുന്നത്.

”മടിറ്റേഷന്‍ ഓണ്‍ ദ് റോക്സ്” എന്ന അടിക്കുറിപ്പോടെ ഒരു പാറപ്പുറത്ത് രമേശ് പിഷാരടി ഇരിക്കുന്ന ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. രമേശ് പിഷാരടിയുടെ പുതിയ ചിത്രത്തെയും അടി ക്കുറുപ്പിനെയും വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത് ബിജെപിയുടെ നേതാവായ എ പി അബ്ദുള്ളക്കുട്ടി ആണ്. ”പിഷാരടി നിങ്ങൾ നമ്മുടെ മഹാ സംസ്കാരത്തെ കൊഞ്ഞനം കാട്ടുകയാണ്” എന്നായിരുന്നു അബ്ദുല്ലക്കുട്ടിയുടെ വിവാദമായ കമന്റ്. അബ്ദുള്ളക്കുട്ടിയുടെ കമന്റിനെ വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

സംഭവം വിവാദമായതോടെ അബ്ദുള്ളക്കുട്ടി തന്റെ പ്രതികരണം ഔദ്യോഗികമായി ഒരു സ്വകാര്യ മാധ്യമത്തിലൂടെ അറിയിച്ചു കഴിഞ്ഞു. ”മഹാ സംസ്കാരത്തെ കൊഞ്ഞനം കാട്ടരുത് എന്നാണ് ഞാൻ പറഞ്ഞത് അത് തമാശയായി പറഞ്ഞതല്ല. മെഡിറ്റേഷനെ മടിറ്റേഷൻ എന്നു പറയുന്നത് ഭയങ്കര തെറ്റാണ്, അത് കളിയാക്കലുമാണ്. നമ്മുടെ ഇതിഹാസങ്ങളിൽ നിന്നും വേദങ്ങളിൽ നിന്നും ഉണ്ടായിട്ടുള്ള മഹത്തായ ഒന്നിനെ കളിയാക്കിയത് ശരിയായില്ല, അത് തന്നെയാണ് ഞാൻ ഉദ്ദേശിച്ചത്” അബ്ദുള്ളക്കുട്ടി പറയുന്നു. എന്നാല്‍ സംഭവത്തില്‍ ഇതുവരെ രമേശ് പിഷാരടി പ്രതികരിച്ചിട്ടില്ല.

Back to top button
error: