Lead NewsNEWS

പെണ്‍ ശബ്ദത്തില്‍ പുതിയ കെണി: കരുതൽ വേണം

കേരളത്തിൽ സൈബർ ഹണിട്രാപ്പ് കേസുകൾ ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഹണിട്രാപ്പിന്റെ കുടുക്കിൽ വീണവരില്‍ വിദ്യാസമ്പന്നരും സമൂഹത്തിലെ ഉന്നത സ്ഥാനം അലങ്കരിക്കുന്നവരുമുണ്ട് എന്നുള്ളതാണ് ഏറ്റവും കൗതുകകരമായ കാര്യം. പലരും ഇതിനു പിന്നിലെ ചതിക്കുഴികൾ അറിയാതെയാണ് ഇത്തരം ബന്ധങ്ങളിലേക്ക് ആദ്യം എത്തിപ്പെടുക. ചെന്ന് ചാടിയത് ഇത്തരമൊരു കേസിലായതിനാൽ പലരും ഇതിനെപ്പറ്റി തുറന്നു പറയാനോ നിയമപരമായി കേസ് രജിസ്റ്റർ ചെയ്ത് മുന്നോട്ട് പോവാനോ ശ്രമിക്കാറില്ല. എന്നാല്‍ ഇപ്പോഴിതാ സൈബർ ഹണിട്രാപ്പിനോട് സമാനമായ സംഭവങ്ങൾ കേരളത്തിന്റെ പലയിടത്തും അരങ്ങേറുന്നു എന്നുള്ള വാർത്തയാണ് പുറത്തുവരുന്നത്. ഇത്തരത്തിൽ ഹണിട്രാപ്പിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടവരാണ് സംഭവത്തെക്കുറിച്ച് വിശദീകരിച്ച് വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുന്നത്. കൊച്ചിയിലെ യുവ മാധ്യമപ്രവർത്തകനും കോട്ടയം ജില്ലക്കാരനായ ഐടി വിദഗ്ധനുമടക്കം ഇത്തരം തട്ടിപ്പിന്റെ ഭാഗമായിട്ടുണ്ട്. കോട്ടയം ജില്ലയിലെ ചെറുപ്പക്കാരന് ഹണിട്രാപ്പിലൂടെ നഷ്ടമായത് ഒരു ലക്ഷം രൂപയിൽ ഏറെയാണ്.

സമൂഹമാധ്യമത്തിൽ അപരിചിതയുടെ ഹായ് സന്ദേശം വന്നപ്പോഴേ യുവ മാധ്യമ പ്രവർത്തകന് അപകടം മണത്ത് അറിയാൻ സാധിച്ചു. പതിയെ സൗഹൃദ സംഭാഷണത്തിനു ശേഷം അവർ വാട്സ്ആപ്പ് നമ്പർ ആവശ്യപ്പെട്ടു. പെൺകുട്ടിയുടെ പെരുമാറ്റത്തിലെ അസ്വാഭാവികത മനസ്സിലായത് കൊണ്ടാവണം മാധ്യമ പ്രവർത്തകർ നൽകിയത് തന്റെ ഔദ്യോഗിക നമ്പരാണ്. പിന്നീട് എന്തെങ്കിലും പ്രശ്നമുണ്ടായാൽ ജോലിയുടെ ഭാഗമായിട്ടാണ് ഇവരെ ബന്ധപ്പെട്ടത് എന്ന രീതിയിൽ കാര്യങ്ങൾ കണക്കാക്കാനകും. വാട്സാപ്പിൽ സംസാരിച്ചു തുടങ്ങിയപ്പോൾ തന്നെ വീഡിയോ കോളിൽ വരാനാണ് മറുവശത്തു നിന്നും പെൺകുട്ടി ആവശ്യപ്പെട്ടത്. കാര്യങ്ങൾ പന്തികേട് അല്ല എന്ന് ഉറപ്പിച്ചതു കൊണ്ടുതന്നെ മാധ്യമപ്രവർത്തകൻ വീഡിയോ ചാറ്റിൽ വരാമെന്ന് സമ്മതിച്ചു. പക്ഷേ എതിര്‍വശത്തിരുന്നവരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു കൊണ്ട് മാധ്യമപ്രവർത്തകൻ മാസ്ക്കും തൊപ്പിയും ധരിച്ച് മുഖം മറച്ചാണ് വീഡിയോ ചാറ്റിൽ പ്രത്യക്ഷപ്പെട്ടത്. മറുവശത്തുള്ളയാൾ തങ്ങളേക്കാൾ വലിയ വിരുതൻ ആണെന്ന് മനസ്സിലാക്കിയത് കൊണ്ടാവാം പിന്നീട് ആ നബറില്‍ നിന്നും ചാറ്റും വീഡിയോകോളും വന്നിട്ടില്ലെന്ന് ചെറുപ്പക്കാരന്‍ പറയുന്നു.

ഹണിട്രാപ്പിന്റെ മറ്റൊരു വശമാണ് കോട്ടയംകാരനായ യുവാവിന് പറയാനുള്ളത്. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുമായി ഇയാൾ നിരന്തരം സന്ദേശങ്ങൾ അയച്ചിരുന്നു. നല്ല സൗഹൃദം എന്ന പേരിൽ തുടങ്ങിയ ബന്ധം പതിയെപ്പതിയെ അതിരുവിട്ടു തുടങ്ങി. സന്ദേശങ്ങളില്‍ ലൈംഗികത കടന്നു വന്നതോടെ ഇരുവരും കൂടുതൽ അടുത്തു. സമൂഹമാധ്യമങ്ങളിലെ ചാറ്റിംഗ് സാവധാനം ഫോൺ വിളികളിലേക്കും വാട്സപ്പ് ചാറ്റുകളിലേക്കും വഴിമാറി തുടങ്ങി. ഭാര്യയും മക്കളും അടുത്തുള്ളപ്പോൾ വിളിക്കരുതെന്ന കർശന നിർദ്ദേശം ഉണ്ടായിരുന്നുവെങ്കിലും അതൊക്കെ മറുവശത്തുള്ള പെൺകുട്ടി തെറ്റിച്ചു തുടങ്ങി. അസമയത്തും പാതിരാത്രിയിലും കോളുകളെത്തി. ഇരുവരുടെയും ബന്ധം കുറച്ചുകൂടി ഗാഢമായതോടെ ഫോൺ സെക്സിനും പെണ്‍കുട്ടി നിര്‍ബന്ധിച്ചു. കാര്യങ്ങളെല്ലാം വരുതിയിലായതിനുശേഷം പതിയെപ്പതിയെ പെൺകുട്ടി സ്വഭാവം മാറ്റി തുടങ്ങി. ചെറുപ്പക്കാരനോട് സ്ഥിരമായി അവൾ പണം ആവശ്യപ്പെട്ടു. അയ്യായിരവും പതിനായിരവും കടന്ന് തുക 50,000 ലും ഒരു ലക്ഷത്തിലും വരെ എത്തി. കുടുംബ ബന്ധം തകരാതിരിക്കാൻ യുവാവ് പെൺകുട്ടി ആവശ്യപ്പെട്ടതെല്ലാം നൽകി. പെൺകുട്ടിയുടെ ഭീഷണിപ്പെടുത്തലും മുതലെടുപ്പും വർധിച്ചതോടെയാണ് യുവാവ് സംഭവങ്ങളുടെ സത്യാവസ്ഥ തന്റെ സുഹൃത്തിനോട് പറഞ്ഞത്. കാര്യങ്ങളെല്ലാം കേട്ട ശേഷം സുഹൃത്ത് ഇനി ഒരു രൂപ പോലും കൊടുക്കരുത് എന്ന് കർശന നിർദ്ദേശവും നൽകി.

സംഭവത്തിന് പിന്നിലെ സത്യാവസ്ഥ അറിയാൻ സുഹൃത്ത് നടത്തിയ അന്വേഷണം അവസാനിച്ചത് ഒരു പുരുഷന്റെ അടുത്താണ്. നമ്മുടെ നായകനെ സ്ത്രീ എന്ന് പറഞ്ഞു വിളിച്ചു കൊണ്ടിരുന്നത് ഒരു പുരുഷനായിരുന്നുവെന്ന് ഫോൺ നമ്പറിന്റെ വിലാസം എടുത്തപ്പോൾ സുഹൃത്തിന് മനസ്സിലായി. വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് സുഹൃത്തിന് മനസ്സിലായത് ഏതോ ആപ്പ് ഉപയോഗിച്ചാണ് മറ്റൊരാൾ തന്റെ സുഹൃത്തിനെ സ്ത്രീയെന്ന നിലയിൽ പറ്റിച്ചത്. പെണ്‍കുട്ടിയുടെ പേരിൽ വീണ്ടും വിളി വന്നപ്പോൾ തന്റെ കള്ളത്തരങ്ങളെല്ലാം ഞങ്ങൾ കണ്ടെത്തിയെന്നും തൽക്കാലം നഷ്ടം സഹിക്കുക യാണെന്നും ഇനി മേലാൽ ഇത്തരം പരിപാടിയുമായി വന്നാൽ പോലീസിലേക്ക് പോകുമെന്നും അറിയിച്ചതോടെ മറുവശത്തു നിന്നുള്ള വിളിയും നിന്നു.

സൈബര്‍ ഹണി ട്രാപ്പുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് കേരളത്തിന്റെ പല ഭാഗത്തായി രജിസ്റ്റർ ചെയ്യപ്പെടുന്നത്. ഇത്തരം കേസുകളുടെ പിന്നാലെ പോയാലും എത്തിച്ചേരുക ഏതെങ്കിലും നിരപരാധികളിലേക്കാവും എന്നുറപ്പുള്ള പോലീസ് കാര്യങ്ങൾ ബോധ്യപ്പെടുത്തി ഇരയായവര്‍ക്ക് ധൈര്യം നൽകി തിരിച്ചയക്കുകയാണ് പതിവ്. ആരെയും ഒറ്റദിവസംകൊണ്ട് പറ്റിക്കാൻ സാധിക്കില്ലെന്നും ഇത്തരക്കാർ ഒരുപാട് നാളത്തെ പരിശ്രമത്തിന് ശേഷമാണ് ഇരകളിൽ നിന്നും പണം തട്ടുന്നതെന്നുമാണ് പോലീസിന്റെ നിലപാട്. അതുകൊണ്ടുതന്നെ ഇത്തരം വ്യാജ ഫോൺ കോളുകളിലും വാട്സ്ആപ്പ് ചാറ്റുകളിലും ചാടാതിരിക്കാനുള്ള ജാഗ്രത ജനങ്ങൾ പുലർത്തണമെന്നും പോലീസ് പറയുന്നു.

Back to top button
error: