ഇത്തവണ ബജറ്റിൽ ആരോഗ്യമേഖലയ്ക്കുള്ള വിഹിതത്തിൽ 137 ശതമാനം വർധന ഉണ്ടെന്നാണ് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ പ്രഖ്യാപിച്ചത് എന്നാൽ അതൊരു കൺകെട്ട് ആണെന്നും മുൻ വർഷത്തെ പുതുക്കിയ ബജറ്റ് വിഹിതത്തേക്കാൾ പുതിയ ബജറ്റിൽ പ്രഖ്യാപിച്ച വിഹിതം 9.5 ശതമാനം കുറവാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
2021-2022 ൽ 2,23,846 കോടി രൂപ ആരോഗ്യ മേഖലയ്ക്കായി വകയിരുത്തി എന്നാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. നടപ്പ് സാമ്പത്തിക വർഷം ഇത് 94,452 ആണെന്നും ധനമന്ത്രി പറഞ്ഞു.എന്നാൽ ബജറ്റ് ചെലവിനത്തിൽ നോക്കിയാൽ ആരോഗ്യ മേഖലയ്ക്കുള്ള നീക്കിയിരിപ്പ് 74,602 രൂപ എന്നാണ് കണക്കാക്കിയിരിക്കുന്നത്. നടപ്പ് സാമ്പത്തിക വർഷത്തിൽ ഇത് 82,445 ആണ്. അതായത് 9.5 ശതമാനത്തിന്റെ കുറവ്.
ഇനി ഈ 2.23 ലക്ഷം കോടിയുടെ വിശദ വിവരങ്ങൾ പരിശോധിക്കാം. ആരോഗ്യ- കുടുംബക്ഷേമത്തിനായി 71,269 കോടി രൂപ ആണ് വകയിരുത്തിയിരിക്കുന്നത്.ആരോഗ്യ ഗവേഷണം, ആയുഷ് പദ്ധതികൾ കൂടി ചേർക്കുമ്പോൾ ഇത് 76,902 ആകും.
എന്നാൽ ഇനിയാണ് കണക്കെട്ട്. ധനമന്ത്രി ആരോഗ്യ മേഖലയോടൊപ്പം കുടിവെള്ളം, ശുചീകരണം തുടങ്ങിയവക്കുള്ള നീക്കിയിരുപ്പ് കൂടി ചേർത്തു.60,030 കോടി രൂപയാണ് ഈ ഇനത്തിൽ ആരോഗ്യമേഖലയ്ക്ക് എന്ന് പറഞ്ഞ് കണക്കിൽ കൂട്ടിച്ചേർത്തത്. കുടിവെള്ളത്തിനും ശുചീകരണത്തിനുമുള്ള ധനക്കമ്മീഷന്റെ ഗ്രാന്റ് 36,000 കോടിയും ആരോഗ്യത്തിനായുള്ള ഗ്രാന്റ് 13,192 കോടിയും ഈ കണക്കിൽ ഉൾപ്പെടുത്തി. കോവിഡ് വാക്സിനേഷനുള്ള 35,000 കോടിയും ഇതോടൊപ്പം ചേർത്തു.