രാജ്യത്ത് ഇന്ധന വിലയുടെ പേരിൽ കേന്ദ്രസർക്കാർ കൊള്ള നടത്തുകയാണെന്ന ആരോപണവുമായി കോൺഗ്രസ് എം പി ശശി തരൂർ. ഇന്ധന വില വർധനയിലൂടെ നടക്കുന്ന “ഗ്രേറ്റ് ഇന്ത്യൻ കൊള്ള”യുടെ പട്ടിക പുറത്തു വിട്ടു കൊണ്ടാണ് ശശി തരൂരിന്റെ പ്രതികരണം.
യുപിഎ സർക്കാരിന്റെ കാലത്തെ നികുതി ഈടാക്കിയാൽ നിലവിലെ പെട്രോൾ വില വെറും 44 രൂപ മാത്രമായി കുറയുമായിരുന്നു എന്ന് ശശി തരൂർ ചൂണ്ടിക്കാണിക്കുന്നു. പെട്രോളിയം ഉൽപ്പന്നങ്ങൾ ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ മോഡി സർക്കാർ തയ്യാറായാൽ പെട്രോൾ വില 37 രൂപയായി കുറയുമെന്നും ശശി തരൂർ വിശദീകരിക്കുന്നു.
ഏഴു വർഷത്തിനുള്ളിൽ ക്രൂഡോയിൽ വില അമ്പത്തിരണ്ട് ശതമാനം കുറഞ്ഞു. 2014 ൽ പെട്രോളിന്റെ അടിസ്ഥാന വിലയുടെ 50 ശതമാനമായിരുന്നു നികുതി. എന്നാൽ 2021 ഫെബ്രുവരിയോടെ നികുതി 200 ശതമാനമാക്കി ഉയർത്തി എന്ന് ശശി തരൂർ വ്യക്തമാക്കി.
2014ൽ രാജ്യാന്തര വിപണിയിൽ ബാരലിന് 108 ഡോളറായിരുന്നു വില.അന്ന് പെട്രോളിന് അടിസ്ഥാന വിലയായി കണക്കാക്കിയിരിക്കുന്നത് 48 രൂപ. നികുതി 24 രൂപ. ഒരു ലിറ്റർ പെട്രോളിന് ഇന്ത്യയിലെ വില അന്ന് 72 രൂപ.
ഈ വർഷം ഫെബ്രുവരിയിൽ രാജ്യാന്തര വിപണിയിൽ എണ്ണ വില 50 ഡോളറാണ്. പെട്രോളിന്റെ അടിസ്ഥാന വിലയോ 29 രൂപയും. ആകെ നികുതിയായി ചുമത്തുന്നത് 58 രൂപ. അങ്ങനെ പെട്രോളിന് വില 87 രൂപയിലെത്തി. 2014 ലെ നികുതിനിരക്ക് ആയിരുന്നെങ്കിൽ ഒരു ലിറ്റർ പെട്രോൾ 44 രൂപയ്ക്ക് ഇന്ത്യയിൽ ലഭിക്കുമായിരുന്നു എന്ന് ശശി തരൂർ കണക്കുകൾ നിരത്തി സ്ഥാപിക്കുന്നു.
പെട്രോളിയം ഉൽപന്നങ്ങളുടെ എക്സൈസ് തീരുവ ബിജെപി സർക്കാർ 11 തവണയാണ് വർധിപ്പിച്ചത്. ബജറ്റിൽ പുതുതായി അഗ്രി- ഇൻഫ്രാ സെസ് കൂടി ഏർപ്പെടുത്തി.