സംസ്ഥാന രാഷ്ട്രീയത്തിൽ ശശി തരൂർ എംപിയ്ക്ക് ഇത്രയധികം പ്രാധാന്യം കിട്ടുന്ന അവസരം ഇതിനു മുമ്പുണ്ടായിട്ടില്ല. ഇത്തവണ അസംബ്ലി തെരഞ്ഞെടുപ്പിൽ പ്രചാരണ തന്ത്രങ്ങളുടെ താക്കോൽസ്ഥാനത്ത് ശശി തരൂരിനെ പ്രതിഷ്ഠിച്ചിരിക്കുകയാണ് യുഡിഎഫ്. സംസ്ഥാനത്തെ നാനാതുറകളിലുള്ള പ്രമുഖരുമായി ശശി തരൂർ കൂടിക്കാഴ്ച തുടരുകയാണ്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കേരളത്തെ കുറിച്ചുള്ള കാഴ്ചപ്പാട് പ്രതിഫലിക്കുന്നത് ആകും യുഡിഎഫ് പ്രകടനപത്രിക എന്ന് ശശി തരൂർ പ്രതികരിച്ചു. പ്രകടനപത്രിക ജനങ്ങളുടെ ജീവിത പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ എങ്ങനെ ഇടപെടണം എന്നുള്ളതിന് മാർഗ്ഗരേഖയാകും.
ഒരു സ്വാശ്രയ സമൂഹമായി കേരളം എങ്ങനെ വളരണം എന്നതിന്റെ പ്രതിഫലനം പ്രകടനപത്രികയിൽ ഉണ്ടാകും. യുവാക്കൾക്ക് കൂടുതൽ അവസരം നൽകാനുള്ള നിർദേശങ്ങൾ ഉണ്ടാകും.
ഇത്തവണത്തെ യുഡിഎഫ് പ്രകടനപത്രിക ജനങ്ങളുടെ കൂടി അഭിപ്രായം കേട്ടിട്ട് ആയിരിക്കും തയ്യാറാക്കുക. വിദ്യാർഥികളും പ്രൊഫഷണലുകളും സാധാരണക്കാരും ഒക്കെ യുഡിഎഫ് പ്രകടനപത്രികയുടെ ഭാഗമാണ്. ആശയങ്ങളും നിർദ്ദേശങ്ങളും ഈമെയിൽ വഴിയും അല്ലാതെയും ഒക്കെ ഓരോരുത്തരും നൽകുന്നുണ്ട്. ഫെബ്രുവരി അവസാനം നിർദ്ദേശങ്ങൾ കെപിസിസിയ്ക്ക് കൈമാറും.
എല്ലാവരും ചിന്തിക്കുന്നത് വെല്ലുവിളികളെ കുറിച്ച്ആണ്. എന്നാൽ സാധ്യതകളെക്കുറിച്ച് ആണ് താൻ ചിന്തിക്കുന്നത്. കേരളത്തിന് വളരാനുള്ള തടസങ്ങൾ നീക്കണം . കേരളത്തിലെ മികച്ച ഭാവി മുന്നിൽക്കണ്ട് നയിക്കാനുള്ള കഴിവും അനുഭവപരിചയവും യു ഡി എഫ് നേതൃത്വത്തിന് ഉണ്ടെന്ന് ശശി തരൂർ വ്യക്തമാക്കി.