ഓരോ ദിവസവും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ച് വരികയാണ്. ഇപ്പോഴിതാ അതിനെതിരെ നിയമങ്ങള്‍ കടുപ്പിക്കാനൊരുങ്ങുകയാണ് ഉത്തര്‍പ്രദേശ് പോലീസ്.
പ്രശ്‌നങ്ങളില്‍ അകപ്പെട്ടിരിക്കുന്ന സ്ത്രീകളെ അവരുടെ മുഖഭാവങ്ങളിലൂടെ തിരിച്ചറിഞ്ഞ് വേഗത്തില്‍ സഹായമെത്തിക്കാനുളള നൂതന സാങ്കേതിക വിദ്യ നടപ്പാക്കാനാണ് ശ്രമം. ഇതിനായി പൊതുഇടങ്ങളില്‍ നിര്‍മിതബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കാമറകള്‍ സ്ഥാപിക്കുന്നു. സ്ത്രീകളുടെ മുഖഭാവങ്ങള്‍ നിരീക്ഷിച്ച് പ്രശ്നത്തിലകപ്പെട്ടിരിക്കുന്നവരെ കാമറകള്‍ പകര്‍ത്തും. തുടര്‍ന്ന് സമീപമുളള പോലീസ് സ്റ്റേഷനിലേക്ക് ജാഗ്രതാ സന്ദേശമയയ്ക്കുകയും ചെയ്യുന്നു.
അതിനാല്‍ കൂടുതല്‍ സ്ത്രീകള്‍ കടന്നുപോകുന്ന ഇടങ്ങള്‍, കൂടുതല്‍ പരാതികള്‍ റിപ്പോര്‍ട്ട് ചെയ്ത ഇടങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതിനായി 200 ഹോട്ട്സ്പോട്ടുകള്‍ പോലീസ് ഇതിനോടകം കണ്ടെത്തിക്കഴിഞ്ഞു. ഇവിടെ നിന്ന് തൊട്ടടുത്തുളള പോലീസ് സ്റ്റേഷനിലേക്ക് വിവരം കൈമാറാന്‍ സാധിക്കുന്ന നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന കാമറകള്‍ സ്ഥാപിക്കും. പ്രശ്നത്തിലകപ്പെടുന്ന സ്ത്രീകളുടെ മുഖഭാവം മാറുന്ന മുറയില്‍ കാമറകള്‍ പ്രവര്‍ത്തനനിരതമാകുകയും പോലീസ് സ്റ്റേഷനില്‍ സന്ദേശമെത്തുകയും ചെയ്യും.
പ്രശ്നത്തിലകപ്പെടുന്ന സ്ത്രീ സഹായത്തിനായി 100,112 എന്നീ നമ്പറുകള്‍ ഡയല്‍ ചെയ്യുന്നതിന് മുമ്പേ സന്ദേശം ഈ കാമറകള്‍ പോലീസ് സ്റ്റേഷനില്‍ ആദ്യം എത്തിക്കുമെന്നാണ് പോലീസ് അവകാശപ്പെടുന്നത്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് ഉത്തര്‍പ്രദേശ്. അതിനാല്‍ സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു.