തനിക്കെതിരെയുള്ള അവിശ്വാസപ്രമേയം അപവാദ പ്രചാരണങ്ങളുടെ ബലത്തിൽ കെട്ടിപ്പൊക്കിയതെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ. പ്രതിപക്ഷം തനിക്കെതിരെ തിരിയുന്നത് സർക്കാരിനെ അടിക്കാൻ ആവാത്തതിനാൽ ആണെന്നും അദ്ദേഹം പറഞ്ഞു. അടിയന്തരപ്രമേയ ചർച്ചയ്ക്ക് മറുപടി പറഞ്ഞു കൊണ്ട് സംസാരിക്കുകയായിരുന്നു സ്പീക്കർ.
വസ്തുതകൾ ഇല്ലാതെ കേട്ടുകേൾവികൾ മാത്രം അടിസ്ഥാനമാക്കിയുള്ള ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. കെ എസ് യു നേതാവിനെ പോലെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസാരിക്കുന്നത്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ആണ് ഉന്നയിക്കുന്നത്.
പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ മറുപടി നൽകാൻ തനിക്ക് സമയമില്ല. അതുകൊണ്ടാണ് ആരോപണങ്ങൾക്ക് മറുപടി പറയാത്തത്. നിയമസഭാ മന്ദിരത്തിൽ നിർമാണത്തിൽ അഴിമതി ഉണ്ടായിട്ടില്ലെന്നും ആരോപണങ്ങൾ തെളിയിച്ചാൽ ഈ പണി തന്നെ നിർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഊരാളുങ്കൽ സൊസൈറ്റിയ്ക്ക് ടെൻഡർ നൽകിയതിനെ ശ്രീരാമകൃഷ്ണൻ ന്യായീകരിച്ചു. മുൻ സർക്കാരിന്റെ കാലത്ത് ടെൻഡർ ഒഴിവാക്കിയുള്ള നിർമ്മാണ പ്രവർത്തികൾ നടത്തിയതിന്റെ പട്ടിക അദ്ദേഹം വായിച്ചു.
സാമാന്യം അന്തസ്സുള്ള കുടുംബത്തിൽ പിറന്ന ആളാണ് താൻ. വള്ളുവനാട്ടിലെ കുടിയാൻ കർഷകർക്കായി പ്രവർത്തിച്ച പിതാമഹനായ മാഞ്ചേരി രാമൻനായരുടെ സംസ്കാരത്തിന്റെ ബലത്തിൽ പറയുന്നു, നിങ്ങൾ പറയുന്നത് കാലം വിലയിരുത്തും. ചരിത്രം ഒരു ദിവസം കൊണ്ട് അവസാനിക്കുന്നില്ല. അപവാദ പ്രചരണങ്ങൾ നടത്തിയ അവിശ്വാസപ്രമേയം തള്ളിക്കളയണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു.