കുഞ്ഞനന്തന്‍ നായരുടെ വിഭ്രമങ്ങൾ: ഡോ. ആസാദ്
തൊണ്ണൂറു പിന്നിട്ട് ആസന്ന മരണ ചകിതനായി കഴിയുന്ന ഒരാള്‍ക്ക് പലവിധ വിഭ്രമങ്ങളുണ്ടാകുമെന്ന് ഒരിക്കല്‍ പാര്‍ട്ടി പറഞ്ഞതാണ്. അന്നു സഖാവ് നൃപന്‍ ചക്രവര്‍ത്തിയോടു ക്ഷമിച്ചുകൊണ്ടായിരുന്നു അത്. പാര്‍ലമെന്ററി വ്യാമോഹമായിരുന്നു നൃപനില്‍ പാര്‍ട്ടി കണ്ട രോഗം. അദ്ദേഹം കയര്‍ത്തത് ജ്യോതിബാസു ഈ പാര്‍ട്ടിയെ ഇല്ലാതാക്കും എന്നു പറഞ്ഞുകൊണ്ടാണ്.
ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ക്കും വിഭ്രമങ്ങളാവാം. ഓര്‍മ്മയും ഭാവനയും മേയുന്ന സമൃദ്ധലോകമാണ് ബര്‍ലിന്റേത്. യാങ്കിച്ചെകുത്താനെതിരായ സോഷ്യലിസ്റ്റ് ആഖ്യാന നിര്‍മ്മിതികളും പ്രചാരണവും യൂറോപ്പില്‍ പരിശീലിച്ചതാണ്. അതിന്റെ കാലാന്തരത്തിണര്‍പ്പുകള്‍ പൊട്ടിപ്പൊടിക്കുന്ന പല ഘട്ടവും നാം കണ്ടിട്ടുണ്ട്. അതൊരു അച്ചിന്റെ പകര്‍പ്പാണ്. അതില്‍ കമ്യൂണിസ്റ്റ് അഭിനിവേശം മാത്രമേയുള്ളു. ശത്രുക്കളുള്ള സോഷ്യലിസ്റ്റു രൂപീകരണ കാലത്തെ പടയാളി വേഷമാണത്. ശത്രുവെ പ്രതിഷ്ഠിച്ചാല്‍ എതിര്‍പ്പിന്റെ ആഖ്യാനങ്ങള്‍ക്കു ബലമേറും. ഉടലില്‍ ഉന്മേഷമേറും. ആറിത്തണുത്താല്‍ എങ്ങനെയും വളയുമെന്ന് എത്രയോ ഉദാഹരണങ്ങള്‍.
സ്വാസ്ഥ്യമാണ് വാര്‍ദ്ധക്യത്തില്‍ പ്രധാനം.
വയസ്സിനോടു പൊരുതാവുന്നിടത്തോളം പൊരുതും. അകവീറിന്റെ ആളലുകളാണവ. അതു കഴിഞ്ഞാല്‍ രോഗഗ്രഹണം. ഒറ്റപ്പെടല്‍. ആളലുകളുടെ പിന്മടക്കം. തീവ്രഭാവനകളുടെ വിപരീത സഞ്ചാരം. ആസ്തികരുടെ ദൈവങ്ങള്‍ ആസ്തികരെ കൈവിടും. നാസ്തികരെ ആശ്ലേഷിക്കും. നാസ്തികരുടെ ആള്‍ദൈവങ്ങള്‍ തിരിച്ചും. ആരോഗ്യമുള്ളവര്‍ വിഭ്രമങ്ങളെക്കുറിച്ചു പ്രബന്ധങ്ങളെഴുതും.
നാറാത്തെ ബര്‍ലിന്‍ റേഡിയോയില്‍ സ്തോത്രങ്ങള്‍ പതയ്ക്കട്ടെ. പുറത്തു ചെമ്പട മാര്‍ച്ചു ചെയ്യട്ടെ. മോസ്കോവില്‍നിന്നുള്ള സന്ദേശങ്ങള്‍ ഡീകോഡ് ചെയ്യട്ടെ. ഇന്ത്യന്‍ നേതാക്കള്‍ക്ക് അതെത്തിക്കുന്ന ടെലിപ്രിന്ററുകള്‍ മൂളട്ടെ. ഇടവേളകളില്‍ നാറാത്തെ വീടിന്റെ വാസ്തുസൗന്ദര്യം ഇരുമ്പുമറവെച്ചു വൃത്തികേടാക്കിയ ഒളിഭീരുത്വങ്ങള്‍ വാഴ്ത്തപ്പെടുന്നതിലെന്ത്…? ആ സ്വാതന്ത്ര്യം ബര്‍ലിന്‍ കാരണവര്‍ക്ക് അനുവദിക്കാം.
(ബര്‍ലിനെക്കുറിച്ച് ഇപ്പോഴെന്താണ് മൗനമെന്ന ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഒരു പ്രതികരണം).