ശബരിമല സന്നിധാനത്ത് സ്ഥാപിച്ച ആധുനിക അന്നദാന മണ്ഡപം പിണറായി സർക്കാരിന്റെ മാത്രം ഫണ്ടുപയോഗിച്ച് ആണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇതിൽ മോദി സർക്കാരിന്റെ ചില്ലിക്കാശുപോലും ഉപയോഗിച്ചിട്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. മണ്ഡപം സ്ഥാപിച്ചത് മോദി സർക്കാരിന്റെ പൈസ കൊണ്ടാണെന്ന് ഒരുവിഭാഗം പ്രചരണം നടത്തിയിരുന്നു.
കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്-
ശബരിമല സന്നിധാനത്ത് ആധുനിക അന്നദാന മണ്ഡപം യാഥാര്‍ഥ്യമാക്കിയത് പിണറായി സര്‍ക്കാരിന്റെ മാത്രം ഫണ്ട് ഉപയോഗിച്ചാണ്. സംസ്ഥാന സര്‍ക്കാർ 21.55 കോടി രൂപയാണ് അന്നദാന മണ്ഡപം നിര്‍മ്മിക്കാന്‍ വിനിയോഗിച്ചത്. ഏഷ്യയിലെ ഏറ്റവും വലിയ അന്നദാന മണ്ഡപങ്ങളില്‍ ഒന്നായ ഇവിടെ ഒരേസമയം 5000 തീര്‍ത്ഥാടകര്‍ക്ക് അന്നദാനം നല്‍കാന്‍ കഴിയും.
അപ്പോള്‍ മിത്രംസ്, ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം പോലും അവഗണിച്ച മോദി സര്‍ക്കാര്‍ ഒരു രൂപ പോലും ഈ അന്നദാന മണ്ഡപത്തിന് മുടക്കിയിട്ടില്ല. അന്നദാനം മഹാദാനമാണ്. അതില്‍ പോലും ഉളുപ്പില്ലാത്ത അവകാശ വാദവുമായി വരരുത്.
പിണറായി വിജയന്‍ സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിയ അന്നദാന മണ്ഡപം കേന്ദ്രത്തിന്റേതെന്ന് ഗീര്‍വാണം അടിക്കുന്നവരോട് ഒരു പഴഞ്ചൊല്ല് ഓര്‍മ്മിപ്പിക്കാം. ”ആരാന്റെ പന്തലില്‍ വാ എന്റെ വിളമ്പു കാണണമെങ്കില്‍’ എന്ന തൊലിക്കട്ടി അലങ്കാരമാക്കരുത്.
– കടകംപള്ളി സുരേന്ദ്രൻ