Lead NewsNEWS

ദാരിദ്ര്യനിര്‍മാര്‍ജനം: കുടുംബശ്രീയുടെ പങ്ക് പ്രധാനം – മുഖ്യമന്ത്രി

ബജറ്റില്‍ പ്രഖ്യാപിച്ച പൂര്‍ണ ദാരിദ്ര്യനിര്‍മാര്‍ജനമെന്ന ലക്ഷ്യം നേടുന്നതിന് കുടുംബശ്രീക്ക് പ്രധാന പങ്ക് വഹിക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നവകേരള നിര്‍മിതിക്കുള്ള ചാലകശക്തിയായിട്ടാണ് കുടുംബശ്രീയെ സര്‍ക്കാര്‍ കാണുന്നത്.

14 ജില്ലകളിലേയും കുടുംബശ്രീ പ്രാദേശിക ഭാരവാഹികളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ആശയവിനിമയം നടത്തുകയായിരുന്നു മുഖ്യമന്ത്രി. നവകേരള നിര്‍മിതിക്കുള്ള നാലു മിഷനുകള്‍ക്കും കുടുംബശ്രീ വലിയ പിന്തുണയാണ് നല്‍കിയത്. അഗതിരഹിത കേരളം പദ്ധതി വിജയിപ്പിക്കുന്നതിനും കുടുംബശ്രീ അംഗങ്ങള്‍ വലിയ പങ്ക് വഹിച്ചു. കേരളം അവിടെനിന്നും മുന്നോട്ടുപോകണം. അതുകൊണ്ടാണ് പൂര്‍ണ ദാരിദ്ര്യ നിര്‍മ്മാര്‍ജനമെന്ന ലക്ഷ്യം ബജറ്റില്‍ പ്രഖ്യാപിച്ചത്.

Signature-ad

കുടുംബശ്രീ അംഗങ്ങളായ 45 ലക്ഷം സ്ത്രീകളിലൂടെയാണ് സര്‍ക്കാരിന്‍റെ ക്ഷേമപദ്ധതികള്‍ ജനങ്ങളിലേക്ക് എത്തുന്നത്. സംസ്ഥാനത്തെ പകുതിയോളം കുടുംബങ്ങളുമായി കുടുംബശ്രീ അംഗങ്ങള്‍ നേരിട്ട് ബന്ധപ്പെടുന്നുണ്ട്. ഓരോ കുടുംബത്തിന്‍റെയും പ്രശ്നങ്ങള്‍ അവര്‍ക്ക് അറിയാന്‍ കഴിയും. തൊഴിലെടുക്കാന്‍ ശേഷിയുണ്ടായിട്ടും തൊഴിലില്ലാതെ വീടുകളില്‍ കഴിയുന്ന ലക്ഷക്കണക്കിന് സ്ത്രീകളുണ്ട്. തൊഴില്‍ പരിശീലനത്തിലൂടെയും നൈപുണ്യവികസനത്തിലൂടെയും അവര്‍ക്ക് തൊഴിലും വരുമാനവും ഉണ്ടാക്കാനുള്ള പദ്ധതിയാണ് ഈ ബജറ്റില്‍ പ്രഖ്യാപിച്ചത്. ഓരോ വീട്ടിലും കഴിയുന്ന സ്ത്രീകള്‍ക്ക് ഏതു തരത്തിലുമുള്ള പരിശീലനമാണ്, പിന്തുണയാണ് വേണ്ടതെന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് മനസ്സിലാക്കാന്‍ കഴിയും. അതനുസരിച്ച് നൈപുണ്യവികസന പദ്ധതികള്‍ ആവിഷ്കരിക്കാന്‍ കഴിയും.

ഇടവേളയില്ലാത്ത പ്രതിസന്ധികളാണ് കഴിഞ്ഞ നാലു വര്‍ഷം കേരളം നേരിട്ടത്. ഈ പ്രതിസന്ധിഘട്ടങ്ങളിലെല്ലാം കുടുംബശ്രീ സഹോദരിമാര്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ചു. മഹാപ്രളയകാലത്ത് രണ്ടു ലക്ഷം വീടുകളാണ് കുടുംബശ്രീ അംഗങ്ങള്‍ വൃത്തിയാക്കിയത്. മാനസികമായി തകര്‍ന്ന 50,000 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി. ദുരിതത്തിലായവര്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിച്ചുകൊടുത്തു. കുടുംബശ്രീ പ്രവര്‍ത്തകര്‍ അവരുടെ സമ്പാദ്യത്തില്‍നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 11 കോടി രൂപ സംഭാവന ചെയ്തു. ഇതിനുപുറമെ നവകേരള ലോട്ടറിയിലൂടെ ഒമ്പത് കോടി രൂപ സമാഹരിച്ചു. ലോക്ഡൗണിനെ തുടര്‍ന്ന് ജനങ്ങള്‍ വലഞ്ഞപ്പോള്‍ അവര്‍ക്ക് വലിയ സഹായമായത് കുടുംബശ്രീ പ്രവര്‍ത്തകരാണ്. ആരും പട്ടിണി കിടക്കരുത് എന്ന പ്രഖ്യാപനം സമൂഹഅടുക്കളകള്‍ ആരംഭിച്ചുകൊണ്ട് മികച്ച രീതിയില്‍ അവര്‍ നടപ്പാക്കി. ഇത്തരത്തിലുള്ള മാതൃകാ പ്രവര്‍ത്തനങ്ങളിലൂടെ രാജ്യവും ലോകവും ശ്രദ്ധിക്കുന്ന പ്രസ്ഥാനമായി കുടുംബശ്രീ വളര്‍ന്നു. 2016-ല്‍ ഇന്നത്തെ സര്‍ക്കാര്‍ അധികാരമേറ്റതുമുതല്‍ കുടുംബശ്രീയെ ശക്തിപ്പെടുത്താനുള്ള നടപടികളാണ് സ്വീകരിച്ചത്. 2015-16-ല്‍ കുടുംബശ്രീക്ക് സര്‍ക്കാര്‍ നല്‍കിയത് 75 കോടി രൂപയായിരുന്നു. ഇത് പടിപടിയായി വര്‍ധിപ്പിച്ചു. ഈ ബജറ്റില്‍ വിവിധ പദ്ധതികളിലായി 1749 കോടി രൂപയാണ് കുടുംബശ്രീക്ക് ലഭിക്കുന്നത്. നാലര വര്‍ഷത്തിനിടയില്‍ 2000 കോടി രൂപ വിവിധ ഇനങ്ങളില്‍ കുടുംബശ്രീക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

വയോജനങ്ങളെയും ഭിന്നശേഷിക്കാരെയും സഹായിക്കാന്‍ സര്‍ക്കാര്‍ ആവിഷ്കരിച്ച പരിപാടികള്‍ വിജയിപ്പിക്കുന്നതിന് കുടുംബശ്രീ നടത്തുന്ന ശ്രമങ്ങള്‍ ശ്ലാഘനീയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ആദ്യ നൂറുദിന പരിപാടിയില്‍ സംരംഭങ്ങളിലൂടെ 50,000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആവേശകരമായ പ്രതികരണമാണ് ഇതിനുണ്ടായത്. കുടുംബശ്രീയിലൂടെ മാത്രം 40,917 തൊഴിലാവസരങ്ങള്‍ സൃഷ്ടിച്ചു. കുടുംബശ്രീയുടെ നേതൃശേഷിയും സംഘടനാപാടവവും ഉത്തരവാദിത്വബോധവുമാണ് ഇതിലൂടെ പ്രകടമായത്.

നാലു വര്‍ഷം കൊണ്ട് 850 പഞ്ചായത്തുകളില്‍ ഹരിതകര്‍മസേന രൂപീകരിച്ച് മാലിന്യനിര്‍മാര്‍ജനം നടത്തുകയാണ്. 25000 കുടുംബശ്രീ അംഗങ്ങളാണ് ഇതില്‍ പങ്കാളികളാകുന്നത്. ലൈഫ് മിഷനിലൂടെ 350 വീടുകളുടെ നിര്‍മാണം കുടുംബശ്രീയുടെ നിര്‍മാണ യൂണിറ്റ് പൂര്‍ത്തിയാക്കി. പ്രളയത്തെതുടര്‍ന്ന് 2.02 ലക്ഷം കുടുംബങ്ങള്‍ക്ക് കുടുംബശ്രീ വഴി 1794 കോടി രൂപ പലിശരഹിത വായ്പയായി വിതരണം ചെയ്തു. കോവിഡ് കാലത്ത് 1907 കോടി രൂപയാണ് കുടുംബശ്രീ വഴി വായ്പയായി നല്‍കിയത്.

എല്ലാ വീടുകളിലും മത്സ്യം വളര്‍ത്താനുള്ള പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പ്രാവര്‍ത്തികമാകുമ്പോള്‍ കുടുംബങ്ങള്‍ക്ക് നല്ല വരുമാനം ലഭിക്കും. ഈ പദ്ധതിയിലും കുടുംബശ്രീക്ക് നല്ല പങ്കുവഹിക്കാന്‍ കഴിയും. ജോലി നഷ്ടപ്പെട്ട് നാലു ലക്ഷം പ്രവാസികളാണ് തിരിച്ചുവരുന്നത്. അവരെ സഹായിക്കാനുള്ള പ്രവര്‍ത്തനവും കുടുംബശ്രീ ഏറ്റെടുക്കണം. ജാതി-മത ചിന്തകള്‍ക്കും വലുപ്പചെറുപ്പത്തിനും അതീതമായ തുല്യതയുടെ ഇടങ്ങളാണ് കുടുംബശ്രീയുടെ അയല്‍ക്കൂട്ടങ്ങള്‍. മാനവികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നാട് കെട്ടിപ്പടുക്കുന്നതിന് കുടുംബശ്രീക്ക് വലിയ പങ്കുവഹിക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

14 ജില്ലകളിലെയും കുടുംബശ്രീ ഭാരവാഹികള്‍ വിവിധ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചു. അവയെല്ലാം ഗൗരവമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. തദ്ദേശസ്വയംഭരണ മന്ത്രി എ.സി. മൊയ്തീന്‍, തദ്ദേശസ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദ മുരളീധരന്‍, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹരികിഷോര്‍ എന്നിവരും സംബന്ധിച്ചു.

Back to top button
error: