ഹൈക്കമാൻഡ് പ്രതിനിധികളുമായി ചർച്ച നടത്തുന്നതിന് കോൺഗ്രസ് നേതാക്കൾ 18ന് ഡൽഹിയിലെത്തും. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരാണ് ദില്ലിക്ക് പോകുന്നത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി,രാഹുൽ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. കേരളത്തിൽ ഏതുവിധേനയും ഭരണത്തിൽ തിരിച്ചു വരിക എന്നതാണ് കോൺഗ്രസ് നേതൃത്വം ലക്ഷ്യംവയ്ക്കുന്നത്. പുതുമുഖങ്ങളെ ഇറക്കി പരീക്ഷിക്കുന്നതിനുള്ള നീക്കവും കോൺഗ്രസിനുള്ളിൽ ശക്തം ആണ്. ഹൈക്കമാൻഡിനും ഇതേ നിലപാടാണ് ഉള്ളത്.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടി പാഠമായി ഉൾക്കൊണ്ട് മുന്നോട്ട് പോകുന്നതിനാണ് കോൺഗ്രസ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. അതേസമയം എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനങ്ങൾ തിരിച്ചടിയാകുമോ എന്ന ഭയവും നേതാക്കൾക്കുണ്ട്. അത് മുൻകൂട്ടി കണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾക്കാണ് കോൺഗ്രസ് രൂപം നൽകുന്നത്.