കേരള ചലച്ചിത്ര അക്കാദമിയില്‍ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുവാന്‍ സര്‍ക്കാരിന് കത്തെഴുതി സംവിധായകന്‍ കമല്‍
കേരള ചലച്ചിത്ര അക്കാദമിയില്‍ ഇടതുപക്ഷ അനുഭാവികളായ 4 കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുവാന്‍ സര്‍ക്കാരിന് സംവിധായകന്‍ കമല്‍ കത്തെഴുതിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കമല്‍ സര്‍ക്കാരിനെഴുതിയ കത്ത് സഹിതമാണ് രമേശ് ചെന്നിത്തല വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. ഇടതുപക്ഷക്കാരായ നാല് പേരെയും നിയമിക്കുന്നതിലൂടെ സര്‍ക്കാരിന് ഗുണമേയുണ്ടാകുവെന്ന് കത്തില്‍ സൂചിപ്പിക്കുന്നു. ഫെസ്റ്റിവല്‍ ഡയറക്ടര്‍, ഫെസ്റ്റിവല്‍ പ്രോഗ്രാം മാനേജര്‍, പ്രോഗ്രാംസ് ഡെപ്യൂട്ടി ഡയറക്ടര്‍, പ്രോഗ്രാം മാനേജര്‍ എന്നീ പോസ്റ്റുകളില്‍ ജോലി ചെയ്യുന്ന നാല് ഇടതുപക്ഷക്കാരെ സ്ഥിരപ്പെടുത്തണമെന്നാണ് കത്തിലെ ഉള്ളടക്കം. ഇവരെ സ്ഥിരപ്പെടുത്തുന്നതിലൂടെ അക്കാദമിക്കും കേരള സര്‍ക്കാരിനും നേട്ടമുണ്ടാവുമെന്ന് കത്തില്‍ സൂചിപ്പിക്കുന്നു. സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലനാണ് സംവിധായകന്‍ കമല്‍ കത്തെഴുതിയത്
സുതാര്യമായ നടപടിക്രമങ്ങളിലൂടെയാണ് കത്തില്‍ സൂചിപ്പിക്കുന്ന നാല് പേരെയും തിരഞ്ഞെടുത്തിരിക്കുന്നതെന്നും ഈ നിയമനം മൂലം അക്കാദമിക്കോ സര്‍ക്കാരിനോ യാതൊരുവിധത്തിലുള്ള അധിക സാമ്പത്തിക ചിലവ് വരില്ലെന്നും കത്തില്‍ പറയുന്നു. ഇത്തരത്തില്‍ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയാല്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒരിക്കലും ജോലി ലഭിക്കാതെ പുറം വഴി നടക്കേണ്ടി വരുന്ന അവസ്ഥയുണ്ടാകും. നാല് താല്‍ക്കാലിക ജീവനക്കാരുടേയും പേര് സൂചിപ്പിച്ചാണ് കത്ത് തയ്യാറാക്കിയിട്ടുള്ളത്. ചലച്ചിത്ര മേളകളുടെ നടത്തിപ്പിലും അക്കാദമിയുമായി ബന്ധപ്പെട്ട മറ്റ് പ്രോഗ്രാമുകളുടെ സംഘാടനത്തിലും കഴിവ് തെളിയിച്ചവരാണെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് ഇവരുടെ സ്ഥിരനിയമനത്തിന് ശുപാര്‍ശ ചെയ്യുന്നതെന്നും കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ഒഴിവുകള്‍ വിജ്ഞാപനം ചെയ്ത് മുന്‍നിര പത്രങ്ങളില്‍ പരസ്യപ്പെടുത്തി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ശ്രീ.കെ ശശികുമാര്‍ അധ്യക്ഷനായും സാംസ്‌കാരിക വകുപ്പിന്റെ പ്രതിനിധിയെ ഉള്‍പ്പെടുത്തിയും ഇന്റര്‍വ്യു ബോര്‍ഡ് രൂപീകരിച്ച് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുമാണ് ഈ ജീവനക്കാരെ തിരഞ്ഞെടുത്തതെന്നും കത്തില്‍ സൂചിപ്പിക്കുന്നു.
കേരള ചലച്ചിത്ര അക്കാദമി ഉള്‍പ്പടെ ചില സര്‍ക്കാര്‍ ഓഫീസുകളിലെ ഒഴിവുകള്‍ കൃത്യമായി പിഎസ്‌സിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല എന്ന് ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു. ആ കൂട്ടത്തിലേക്കാണ് ഇത്തരത്തിലുള്ള സ്ഥിരനിയമനങ്ങളും നടക്കുന്നത്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളുടേ സ്ഥാനം പിന്നിലേക്ക് വലിക്കുന്ന ഇത്തരം പ്രവര്‍ത്തികളോട് സര്‍ക്കാര്‍ കൂട്ടു നില്‍ക്കരുതെന്ന് ആവശ്യം ഉയരുന്നുണ്ട്