കറകളഞ്ഞ മതനിരപേക്ഷ നിലപാടാണ് നാളിതുവരെ താന്‍ സ്വീകരിച്ചിട്ടുള്ളതെന്നും മറിച്ചുള്ള ആരോപണം കെട്ടിച്ചമച്ചതാണെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം.
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒരു ധാരണയും കോണ്‍ഗ്രസ് ഉണ്ടാക്കിയിട്ടില്ല.തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പും അതിന് ശേഷവും പലതവണ ഇത് വ്യക്തമാക്കിയതാണ്. അത് ഇപ്പോഴും ആവര്‍ത്തിക്കുന്നു. ഈ വിഷയം വീണ്ടും കുത്തിപ്പൊക്കുന്നത് ആര്‍ക്കോ വേണ്ടിയുള്ള അജണ്ട നടപ്പിലാക്കാനുള്ള ഗൂഢനീക്കമായി മാത്രമെ കാണാന്‍ കഴിയൂവെന്നും മുല്ലപ്പള്ളി പറഞ്ഞു.
മതനിരപേക്ഷ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണ് താന്‍ വന്നത്. സുതാര്യവും സത്യസന്ധവുമായ നിലപാടാണ് പൊതുജീവിതത്തില്‍ എന്നും സ്വീകരിച്ചിട്ടുള്ളത്. അതില്‍ ഇന്നുവരെ വെള്ളംചേര്‍ത്തിട്ടില്ല. വെല്‍ഫെയര്‍ പാര്‍ട്ടി വിഷയത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം കൃത്യമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും പലയാവര്‍ത്തി ഇത് വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ നിന്നും വ്യത്യസ്തമായ ഒരു നിലപാട് കെപിസിസി അധ്യക്ഷന്‍ എന്ന നിലയ്ക്ക് സ്വീകരിക്കാന്‍ സാധ്യമല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
മുഖ്യമന്ത്രിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും തന്റെ മതനിരപേക്ഷ നിലപാടില്‍ അദ്ദേഹത്തിന് ഭിന്നാഭിപ്രായം ഉണ്ടാകില്ലെന്ന് ചോദ്യത്തിന് മറുപടിയായി മുല്ലപ്പള്ളി പറഞ്ഞു.
യുഡിഎഫ് മുന്നണി വിപുലീകരണത്തെക്കുറിച്ച് ഒരു ചര്‍ച്ചയും ഇതുവരെ ആരംഭിച്ചിട്ടില്ല.ഈ വിഷയത്തില്‍ ഒറ്റയ്ക്ക് അഭിപ്രായം പറയാന്‍ തനിക്ക് സാധ്യമല്ല. ഇതുമായി ബന്ധപ്പെട്ട് തന്നെ ആരും വിളിച്ചിട്ടില്ല.മുന്നണി വിപുലീകരണം നേതാക്കള്‍ കൂട്ടായി ആലോചിച്ച് തീരുമാനിക്കും. ഈ വിഷയത്തില്‍ കെപിസിസിയുടെ അഭിപ്രായം അപ്പോള്‍ യുഡിഎഫ് നേതൃത്വത്തെ അറിയിക്കുമെന്നും മുല്ലപ്പള്ളി ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.