Lead NewsNEWS

മനുഷ്യാവകാശ കമ്മീഷൻ തുണച്ചു; ജീവൻ നിലനിർത്താനുള്ള ശസ്ത്രക്രിയക്ക് സർക്കാർ  പെൻഷൻ കുടിശിക അനുവദിച്ചു 

തിരുവനന്തപുരം: രോഗബാധിതയായ മുൻ ജീവനക്കാരിക്ക് ജീവൻ നിലനിർത്തുന്നതിന് വേണ്ടിയുള്ള ശസ്ത്രക്രിയക്കായി കുടിശികയുള്ള പെൻഷൻ ആനുകൂല്യങ്ങൾ നാലു തുല്യ ഗഡുക്കളായി നൽകണമെന്ന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്  സർക്കാർ നടപ്പിലാക്കി.

ആനുകൂല്യങ്ങൾ ഡിസംബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ  കൊടുത്തു തീർക്കണമെന്ന   കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ  ഉത്തരവാണ് സർക്കാർ നടപ്പാക്കിയത്. കേരള കരകൗശല വികസന കോർപ്പറേഷനിലെ മുൻ ജീവനക്കാരിക്കാണ് ആനുകൂല്യങ്ങൾ ലഭിച്ചത്. ടെർമിനൽ സറണ്ടറും പേ ഫിക്സേഷൻ കുടിശികയുമായി നൽകാനുണ്ടായിരുന്ന 1,12,483 രൂപയാണ് ഡിസംബർ മുതൽ നാല് ഗഡുക്കളായി നൽകാൻ സർക്കാർ തീരുമാനിച്ചത്. ഇതിൽ ഡിസംബറിൽ നൽകാനുള്ള 28,121 രൂപ സർക്കാർ പരാതിക്കാരിക്ക് കൈമാറി. 

പരാതിക്കാരിക്ക് എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ ബന്ധപ്പെട്ട അധികാരികൾ സമാധാനം പറയേണ്ടി വരുമെന്നു ജസ്റ്റിസ് ആന്റണി ഡൊമിനിക്  ഉത്തരവിൽ പറഞ്ഞിരുന്നു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും  കരകൗശല വികസന കോർപ്പറേഷൻ എം.ഡിക്കുമാണ്   ഉത്തരവ്  നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കുടിശിക അനുവദിച്ചത്.

കുടിശിക നൽകണമെന്ന്   2019 മാർച്ച് 7 ന് ഒരു ഉത്തരവ് കമ്മീഷൻ പാസാക്കിയിരുന്നു.  എന്നാൽ കോവിഡ് കാരണം സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ പെൻഷൻ ആനുകൂല്യങ്ങൾ നൽകാൻ സമയം വേണമെന്ന് കോർപ്പറേഷൻ അഭ്യർത്ഥിച്ചു.  പരാതിക്കാരി 2 ശസ്ത്രക്രിയ കഴിഞ്ഞയാളാണ്. മൂന്നാമത്തെ ശസ്ത്രക്രിയ സാമ്പത്തിക പ്രതിസന്ധി കാരണം മുടങ്ങി. 

Back to top button
error: