Lead NewsNEWS

കോഴിക്കോട് ജില്ലയിൽ രണ്ട് സീറ്റ് അധികം ആവശ്യപ്പെട്ട് മുസ്ലിം ലീഗ്

രുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ രണ്ട് സീറ്റുകൾ കൂടി അധികം ആവശ്യപ്പെട്ട് മുസ്ലിം ലീഗ്. മുസ്ലിംലീഗ് ജില്ലാ നേതൃയോഗത്തിലാണ് തീരുമാനം. വടകര, പേരാമ്പ്ര, ബേപ്പൂർ എന്നിവയിൽ രണ്ടെണ്ണമാണ് ലീഗ് ഉന്നം വെക്കുന്നത്. ഇക്കാര്യത്തിൽ സംസ്ഥാന നേതൃത്വം യുഡിഎഫിൽ ആവശ്യം ഉന്നയിക്കണമെന്ന് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു.

Signature-ad

ലോക താന്ത്രിക് ജനതാദൾ,കേരള കോൺഗ്രസ് എം എന്നീ പാർട്ടികൾ എൽഡിഎഫിലേയ്ക്ക് പോയ പശ്ചാത്തലത്തിലാണ് ലീഗിന്റെ പുതിയ ആവശ്യം. യുഡിഎഫിൽ ഉണ്ടായിരുന്നപ്പോൾ ലോക താന്ത്രിക് ജനതാദൾ മത്സരിച്ച സീറ്റാണ് വടകര. കേരള കോൺഗ്രസ് എം മത്സരിച്ച മണ്ഡലമാണ് പേരാമ്പ്ര. ഇതോടൊപ്പം കഴിഞ്ഞ തവണ കോൺഗ്രസ് മത്സരിച്ച ബേപ്പൂരും ലീഗ് അവകാശവാദമുന്നയിച്ച മണ്ഡലങ്ങളിൽ ഉൾപ്പെടുന്നു. രണ്ട് മണ്ഡലങ്ങൾ ഉറപ്പുവരുത്തുന്ന കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് ലീഗ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്.

കുന്നമംഗലവും ബാലുശ്ശേരിയും വെച്ചു മാറണമെന്നും ലീഗിന് ആവശ്യമുണ്ട്. കഴിഞ്ഞതവണ ബാലുശ്ശേരിയിൽ ലീഗാണ് മത്സരിച്ചത്. കുന്നമംഗലത്ത് പിടിഎ റഹീം കോൺഗ്രസ് നേതാവ് ടി സിദ്ദിഖിനെ വലിയ വോട്ടിന് തോൽപ്പിച്ചു. കുന്നമംഗലത്ത് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിനെ മത്സരിപ്പിക്കാനാണ് ലീഗ് ആലോചിക്കുന്നത്. ബാലുശ്ശേരിയിൽ ഒരു വിജയസാധ്യതയും ഇല്ലെന്നാണ് ലീഗ് നേതൃത്വത്തിന്റെ അഭിപ്രായം.

ദളിത് ലീഗും കുന്നമംഗലം ലക്ഷ്യമിടുന്നുണ്ട്. ദളിത്‌ ലീഗിന് മതിയായ പ്രാതിനിധ്യം നൽകണമെന്ന് യു സി രാമൻ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു.

കോഴിക്കോട് പല മണ്ഡലങ്ങളിലും കോൺഗ്രസിനെക്കാൾ വലിയ പാർടി തങ്ങൾ ആണെന്ന് ലീഗ് അവകാശപ്പെടുന്നു. വടകര, പേരാമ്പ്ര, ബേപ്പൂർ തുടങ്ങിയ മണ്ഡലങ്ങൾ ഒക്കെ ഉദാഹരണമായി ലീഗ് ചൂണ്ടിക്കാട്ടുന്നു.

ആർ എം പി -യു ഡി എഫ് ബാന്ധവം നിയമസഭ തെരഞ്ഞെടുപ്പിലും തുടരുമെന്നാണ് കരുതുന്നത്. അങ്ങിനെയെങ്കിൽ വടകര ആർ എം പിയ്ക്ക് നൽകിയേക്കും. കെ കെ രമയോ, എൻ വേണുവോ വടകരയിൽ മത്സരിക്കും.

വടകര ആർ എം പിയ്ക്ക് നൽകുക ആണെങ്കിൽ പേരാമ്പ്രയോ ബേപ്പൂരോ ആകും ലീഗ് ആവശ്യപ്പെടുക. ജമാഅത്ത് ഇസ്ലാമിയുടെ പിന്തുണ നിയമസഭാ തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് ഉണ്ടാകുമെന്നാണ് ലീഗ് കരുതുന്നത്. ഇത് യുഡിഎഫ് തലത്തിൽ ആകണം എന്നും ഇല്ല. പരസ്യമായ ബന്ധവും ഉണ്ടാകില്ല. ലീഗും ജമാഅത്തെ ഇസ്‌ലാമിയും ഇത് സംബന്ധിച്ച ധാരണയിലെത്തി എന്നാണ് സൂചന. തിരുവമ്പാടി അടക്കമുള്ള മണ്ഡലങ്ങളിൽ ജമാഅത്തെ ഇസ്ലാമിയുടെ സഹായം തങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് ലീഗ് കരുതുന്നത്. തിരുവമ്പാടിയിൽ ലീഗ് സ്ഥിരമായി തോൽക്കുകയാണ്. തിരുവമ്പാടിയിൽ കോൺഗ്രസിനും ഒരു കണ്ണുണ്ട്. എന്നാൽ പുതിയ സാഹചര്യത്തിൽ ലീഗ് തിരുവമ്പാടി വിട്ടു നൽകില്ല.

Back to top button
error: