LIFETRENDING

കോവിഡ് കാലത്ത് മൂന്നാറിലെ കോടമഞ്ഞിലേയ്ക്ക് -അബ്ദുൾ റിയാസ്. കെ

കോവിഡ് കാലം വീട്ടിലിരുപ്പ് കാലമാണല്ലോ.. യാത്രകളൊന്നും തീരെ ഇല്ലായിരുന്നു. കുറെക്കാലത്തിനു ശേഷം ഡിസംബർ അവസാനം ഒരു യാത്ര പോയി. മൂന്നാറിലെ കോടമഞ്ഞിലേക്ക്!

തൊട്ടുമുൻപത്തെ ഞായറാഴ്ച അടിമാലി മൂന്നാർ റോഡിൽ മണിക്കൂറുകളോളം ട്രാഫിക്ക് ബ്ലോക്കാണെന്നൊക്കെ കേട്ടിരുന്നു. പക്ഷേ ഞങ്ങളുടെ യാത്രയിൽ ചുരത്തിലെ റോഡുപണി ഒഴിച്ചാൽ പ്രത്യേകിച്ച് ഒരു തടസ്സവും ഉണ്ടായില്ല. ജനത്തിരക്ക് പാടേ ഒഴിഞ്ഞ മൂന്നാർ പട്ടണവും മാട്ടുപ്പെട്ടിയും മറ്റും കൗതുകക്കാഴ്ചയായി. പതിവിലേറെ വരണ്ടുണങ്ങിയ ഭാവം തന്നെ ആയിരുന്നു ചുറ്റിലെ പ്രകൃതിക്കും.

അമലും അരുണും (അഖിലും) നടത്തുന്ന ടെന്റ്-സ്റ്റേ ക്യാമ്പ് ആയ ക്ലൗഡ് ഫാമിൽ ഞങ്ങൾ തവളപിടുത്തക്കാരുടെ (അഖിലകേരള പാമ്പുതവള സർവേത്തൊഴിലാളി യൂണിയൻ) ഒരു സമ്മേളനം. ടോപ്സ്റ്റേഷനടുത്ത് യെല്ലപ്പട്ടിയിൽ നിന്ന് ശുഷ്ക്കിച്ച തേയിലച്ചെടികൾക്കിടയിലൂടെ നാലുകിലോമീറ്ററോളം നടത്തവും കുത്തനെ മലകയറ്റവും കഴിഞ്ഞാൽ ക്ലൗഡ് ഫാമിലെത്താം. നല്ല തെളിഞ്ഞ ദിവസങ്ങളിൽ ആ പ്രദേശം അക്ഷരാർഥത്തിൽ മേഘങ്ങളുടെ കൃഷിയിടം തന്നെയാണ്. നമ്മളിരിക്കുന്നതിനു തൊട്ടുതാഴെയായി പഞ്ഞിക്കെട്ടുകൾ കൊണ്ട് പായവിരിച്ചതു പോലെയുള്ള ക്ലൗഡ് ബെഡ് കാണാം. ആ മേഘക്കെട്ടുകൾക്കുള്ളിലൂടെ സൂര്യൻ ഉദിച്ചുയരുന്ന കാഴ്ച മറക്കാനാവാത്ത ഒന്നാണ്. മഴയും കോടയുമാണെങ്കിൽ പക്ഷേ ഒന്നും കാണാൻ കഴിയില്ല.

ഞാൻ ക്യാമറ എടുത്തിരുന്നില്ല. അതിനാൽ “നന്നായി മഴ പെയ്യും, നിങ്ങൾ ക്യാമറ എടുത്തത് വെറുതെയാകും മാഷേ” എന്ന് ഞാൻ സജിത്ത് മാഷോട് തമാശയായി പറഞ്ഞിരുന്നു. അത് അറം പറ്റി. അത്യാവശ്യം സീരിയസ് ആയിത്തന്നെ മഴ പെയ്തു. മഴയല്ല, കോടമഞ്ഞ് ഘനീഭവിച്ച് മഴയായി വീഴുന്ന അവസ്ഥ. മരം പെയ്യുന്നത് കാണണമെങ്കിൽ ഇവിടെ വരണം. കോടമഞ്ഞിൽ നിന്ന് ഈർപ്പം ഊറ്റിയെടുക്കാനും അത് മഴപോലെ പെയ്യിക്കാനും ചോലക്കാട്ടിലെ മരങ്ങൾക്ക് ഒരു പ്രത്യേക കഴിവുണ്ട്.

ഞങ്ങൾ പതിനഞ്ചോളം പേരുണ്ടായിരുന്നു. ആചാരലംഘനം വയ്യല്ലോ.. രാത്രി മഴയത്ത് തവളയെയും പാമ്പിനെയും തപ്പിയിറങ്ങി. എവിടെ നോക്കിയാലും Raorchestes dubois എന്ന Kodaikanal Bush Frogs നിറയെ. മഞ്ഞയുടെയും പച്ചയുടെയും പല വകഭേദങ്ങൾ. Munnar bush frogs ചുറ്റും കരഞ്ഞുകൊണ്ടിരിക്കുന്നത് കേൾക്കാം. അവസാനം ഞങ്ങൾ കാത്തിരുന്ന അതിഥിയെ കണ്ടെത്തി. Large scaled pit viper എന്ന സുന്ദരൻ പാമ്പ്. എല്ലാവരും ചുറ്റും നിരന്നുനിന്ന് പാവത്തിനെ ക്യാമറകൾ കൊണ്ട് ഭേദ്യം ചെയ്തശേഷം വിട്ടയച്ചു.

ടെന്റിലെ ഉറക്കം ഒരു പ്രത്യേക അനുഭൂതി തന്നെ. ഞാൻ നന്നായി കൂർക്കം വലിച്ചുറങ്ങി. ചുറ്റിലുമുള്ള മലകളിൽ തട്ടി പ്രതിധ്വനിച്ച് അതൊരു മുരൾച്ച ആയിമാറി, വേസ്റ്റ് തിന്നാൻ വന്ന പുലി പേടിച്ചോടി എന്നൊക്കെയാണ് ഐതിഹ്യം. ഇടുക്കിയിലെ റിസോർട്ടുകൾ എല്ലാം ഇപ്പോൾ പോലീസ് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്നാണ് വാർത്ത. പോരാൻ നേരം മാക്രിയാശാൻ ഞങ്ങൾ നാലു മാഷന്മാരുടെ (സജിത്ത്, വിപിൻ, ഇഖ്ബാൽ & ഞാൻ) തിരിച്ചറിയൽ കാർഡ് വാങ്ങി കോപ്പി എടുപ്പിച്ചു. പോലീസൊ ഈഡിയോ മറ്റോ അന്വേഷിച്ചുവന്നാൽ കൊടുക്കാൻ. വയസ്സൻ വാധ്യാന്മാർ ഏതായാലും കഞ്ചാവടിക്കാൻ മൂന്നാറിൽ വരില്ലല്ലോ!

അങ്ങോട്ടുള്ള നടത്തത്തിലോ രാത്രി സർവേയിലോ അട്ടയുടെ ശല്യം ഉണ്ടായില്ല. പക്ഷേ തിരിച്ചിറങ്ങുമ്പോൾ മഴപെയ്തു നനഞ്ഞുകുതിർന്ന വഴിയിൽ നിറയെ അട്ടകൾ. മുന്നാറിലെ മഞ്ഞവരയുള്ള പോത്തൻ അട്ടകൾ കടിച്ചാൽ ഭയങ്കര ചൊറിച്ചിൽ ആണെന്ന് ആരോ പറഞ്ഞിരുന്നു. ‘ഓ.. നമ്മളിതൊക്കെ എത്ര കണ്ടതാ’ എന്ന ഭാവമായിരുന്നു എനിക്ക്. യെല്ലപ്പട്ടിയിൽ തിരിച്ചെത്തി ഷൂ അഴിച്ചപ്പോൾ 14 കടി തികച്ചും കിട്ടിയിട്ടുണ്ട്. ചൊറിച്ചിൽ ഇതുവരെ മാറിയിട്ടില്ല.

(അബ്ദുൾ റിയാസ്. K
ജന്തുശാസ്ത്ര അധ്യാപകൻ
ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ്, കോഴിക്കോട്)

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker