മലയാളികള്‍ക്ക് സുപരിചിതനായ സംവിധായകനാണ് വി.കെ.പ്രകാശ്. ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ്, നിര്‍ണായകം തുടങ്ങിയ സിനിമകളിലൂടെയാണ് ഇക്കാലഘട്ടത്തിലെ പ്രേക്ഷകര്‍ക്ക് വി.കെ.പ്രകാശെന്ന സംവിധായകനെ അറിയുക. ചലച്ചിത്രലോകത്ത് ഇന്ന് സംഭവിച്ചിരിക്കുന്ന പല നിര്‍ണായ മാറ്റങ്ങളുടെയും കാരണക്കാരന്‍ വി.കെ.പ്രകാശാണ്.
മലയാള സിനിമ ഇന്ന് കാണുന്ന ഡിജിറ്റള്‍ ഫോര്‍മാറ്റിലേക്ക് മാറ്റപ്പെട്ടതില്‍ പ്രധാന പങ്ക് വഹിച്ച വ്യക്തി കൂടിയാണദ്ദേഹം. മലയാളത്തിലെ ആദ്യത്തെ ഡിജിറ്റില്‍ പ്രൊഡക്ഷനും ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ പ്രൊജക്ഷനും നടത്തിയ സിനിമ വി.കെ.പ്രകാശം സംവിധാനം ചെയ്ത മൂന്നാമതൊരാള്‍ എന്ന ചിത്രമാണ്. ഡിജിറ്റല്‍ പ്രൊജക്ഷന്‍ എന്ന ആശയവുമായി കടന്നു വന്നപ്പോള്‍ സിനിമ ആകാശത്ത് കൂടി പറന്നു വരുമോ എന്ന് കളിയാക്കി ചോദിച്ചവരുണ്ടെന്ന് വി.കെ.പി പറയുന്നു. ഇന്ന് ഡിജിറ്റലൈസേഷനെ പറ്റി ഒരുപാട് സംസാരിക്കുന്ന മലയാളികള്‍ പക്ഷേ ഈ വലിയ മാറ്റം സാധ്യമാക്കിയ വി.കെ.പ്രകാശെന്ന സംവിധായകനെപ്പറ്റി എവിടെയും കാര്യമായി പരാമര്‍ശിച്ച് കാണാറില്ല
മലയാളം, ഹിന്ദി, മറാത്തി, കന്നഡ, ഇംഗ്ലീഷ് ഭാഷകളിലെല്ലാം സിനിമയും പരസ്യങ്ങളും വി.കെ.പ്രകാശ് സംവിധാനം ചെയ്തിട്ടുണ്ട്. പല ഭാഷകളില്‍ നിന്നും മലയാളത്തിലെ ചലച്ചിത്ര നിര്‍മ്മാണത്തെ വ്യത്യസ്തമാക്കുന്നത് നമ്മുടെ ഇന്‍ഡസ്ട്രിയിലെ കൃത്യതയില്ലായ്മയാണ്. കേരളത്തില്‍ ഏഴ് മണിക്കൊരു ഷോട്ട് എടുക്കാന്‍ പ്ലാന്‍ ചെയ്താല്‍ അത് ചിത്രീകരിക്കുമ്പോള്‍ പത്ത് മണിയാകുമെന്ന് അദ്ദേഹം പറയുന്നു. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വി.കെ.പ്രകാശ് ഇക്കാര്യം തുറന്ന് പറഞ്ഞത്.
മെഗാസ്റ്റാര്‍ മമ്മുട്ടിയെ നായകനാക്കി സൈലന്‍സ് എന്ന ചിത്രം ചെയ്തപ്പോള്‍ തനിക്കൊരു ഷോട്ട് ഏഴ് മണിക്ക് മോര്‍ണിംഗ് ലൈറ്റില്‍ എടുക്കണമെന്ന് മമ്മുട്ടിയോട് പറഞ്ഞു. തന്റെ ആവശ്യം കേട്ടയുടന്‍ മമ്മുട്ടി പറ്റില്ലെന്നാണ് പറഞ്ഞത്. പക്ഷേ കുറച്ച് സമയത്തിന് ശേഷം ഏഴ് മണിക്ക് വന്നാല്‍ കൃത്യമായി ഷൂട്ട് ചെയ്യുമോയെന്ന് മമ്മുട്ടി തന്നോട് തിരിച്ച് ചോദിച്ചെന്നും ഷൂട്ട് ചെയ്യാമെന്ന് താന്‍ മറുപടി പറയുകയും ചെയ്‌തെന്ന് വി.കെ.പ്രകാശ് പറയുന്നു. മമ്മുട്ടിയെന്ന നടന്‍ തീര്‍ത്തും പ്രൊഫഷണലാണ്. അദ്ദേഹത്തിന് സംവിധായകന്റെ ആവശ്യാനുസരണം കഥാപാത്രമായി മാറാന്‍ സന്നദ്ധതയുള്ള നടനാണെന്നും അദ്ദേഹം പറഞ്ഞു