രക്തസമ്മർദ്ദത്തിൽ കാര്യമായ വ്യതിയാനം വന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ രജനികാന്തിന് പെട്ടെന്ന് രോഗശാന്തി ഉണ്ടാകട്ടെ എന്ന് ആശംസിച്ച് നടൻ മമ്മൂട്ടി. ഫേസ്ബുക്കിലൂടെയാണ് ആശുപത്രിയിൽ കഴിയുന്ന രജനികാന്തിന് മമ്മൂട്ടി ആശംസ നേർന്നത്.1991 ൽ പുറത്തിറങ്ങിയ ദളപതി എന്ന മണിരത്നം ചിത്രത്തിലെ കഥാപാത്രങ്ങളെ അനുസ്മരിച്ചാണ് മമ്മൂട്ടിയുടെ ആശംസ. ചിത്രത്തിൽ സൂര്യ എന്ന കഥാപാത്രമായി രജനികാന്തും ദേവ എന്ന കഥാപാത്രമായി മമ്മൂട്ടിയുമാണ് അഭിനയിച്ചത്.
അതേസമയം രജനികാന്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അപ്പോളോ ആശുപത്രി അധികൃതർ വ്യക്തമാക്കി.”ഇന്ന് ചെയ്ത ചില പരിശോധനകളുടെ ഫലം വന്നു. ആശങ്കപ്പെടാൻ ഒന്നുമില്ല “എന്നാണ് ഹൈദരാബാദ് അപ്പോളോ ആശുപത്രി അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.
10 ദിവസമായി ഹൈദരാബാദിൽ ഷൂട്ടിൽ ആയിരുന്നു രജനീകാന്ത്.കഴിഞ്ഞ ദിവസം രാവിലെയാണ് രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സെറ്റിലെ കുറച്ചുപേർക്ക് കോവിഡ് പോസിറ്റീവ് ആയിരുന്നു. ഡിസംബർ 22ന് നടത്തിയ ടെസ്റ്റിൽ രജനികാന്ത് കോവിഡ് നെഗറ്റീവ് ആയിരുന്നു. അതിനുശേഷം നിരീക്ഷണത്തിൽ ആയിരുന്നു.
കോവിഡ് രോഗ ലക്ഷണങ്ങൾ ഇല്ലെങ്കിലും രക്തസമ്മർദ്ദത്തിൽ വ്യതിയാനം വന്നത് ആണ് ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ കാരണം. രക്തസമ്മർദ്ദം സാധാരണ ഗതിയിൽ ആകുന്നതുവരെ ആശുപത്രിയിൽ തുടരും.