Lead NewsNEWS

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ബന്ധുക്കള്‍

കാഞ്ഞങ്ങാട് കൊല്ലപ്പെട്ട ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുല്‍റഹ്മാന്റെ ബന്ധുക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. അമ്മാവന്‍ ഹുസൈന്‍ മൗലവിയും മറ്റു ബന്ധുക്കളുമാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

പടന്നക്കാട് നടന്ന കൂടിക്കാഴ്ചയില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, സിപിഐ (എം) കേന്ദ്രകമ്മിറ്റിയംഗം പി കരുണാകരന്‍, ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

ബുധനാഴ്ച രാത്രി പത്തരയോടെയായിരുന്നു കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ മുസ്ലിം ലീഗുകാര്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുല്‍റഹ്മാനെ കുത്തിക്കൊലപ്പെടുത്തിയത്. തുടര്‍ന്ന് സംഭവത്തില്‍ യൂത്ത് ലീഗ് ഭാരവാഹി ഇര്‍ഷാദ് ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

തദ്ദേശ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കല്ലൂരാവി മേഖലയില്‍ സംഘര്‍ഷം നിലനിന്നിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു.

ഔഫിന്റെ സുഹൃത്ത് ശുഹൈബിനെയും അക്രമികള്‍ കുത്തിയിരുന്നു. ഇവര്‍ രണ്ടുപേരും ബൈക്കില്‍ പഴയ കടപ്പുറത്തേക്ക് വരുന്ന വഴിയിലായിരുന്നു ആക്രമണം. ബൈക്ക് തടഞ്ഞുനിര്‍ത്തി കുത്തുകയായിരുന്നു. കുത്തിയ ഉടന്‍ അക്രമികള്‍ ഓടി മറഞ്ഞു. ഔഫിന്റെ രണ്ട് സുഹൃത്തുക്കള്‍ മറ്റൊരു ബൈക്കില്‍ പിന്നാലെ ഉണ്ടായിരുന്നു. ഇവര്‍ ഔഫിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊലപാതകത്തിനു പിന്നില്‍ മുസ്ലിം ലീഗ് ആണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. എന്നാല്‍ സംഭവത്തില്‍ പങ്കില്ലെന്നാണ് ലീഗിന്റെ നിലപാട്.

Back to top button
error: