അനിലിനെ 8 മിനിറ്റിൽ കരയിലെത്തിച്ചു, എന്നിട്ടും മരണം
വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിക്കാണ് ഇടുക്കി തൊടുപുഴ മുട്ടത്തിന് സമീപം മലങ്കര അണക്കെട്ടിൽചലചിത്രനടൻ നെടുമങ്ങാട് മുങ്ങിമരിച്ചത്.സുഹൃത്തുക്കൾക്കൊപ്പം മലങ്കര അണക്കെട്ടിൽ കുളിക്കാനിറങ്ങിയ അനിൽ കയത്തിൽ മുങ്ങിത്താഴ്ന്നു പോവുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ഉടൻ തന്നെ നാട്ടുകാരെ വിവരമറിയിച്ചു. പ്രദേശവാസിയായ യുവാവ് അനിലിനെ കരയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
വെള്ളത്തിൽ വീണ് എട്ടു മിനിറ്റിനുള്ളിൽ തന്നെ അനിലിനെ കരയ്ക്ക് എത്തിച്ചിരുന്നു. ജോജു നായകനാകുന്ന സിനിമ “പീസി”ന്റെ ഷൂട്ടിങ്ങിന് ആണ് അനിൽ തൊടുപുഴയിൽ എത്തിയത്.ചിത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ ഡിക്സൻ എന്ന വേഷമായിരുന്നു അനിലിന്. കെ സൻഫീർ ആണ് ചിത്രത്തിന്റെ സംവിധാനം.
20 ദിവസത്തിലേറെയായി അനിൽ ചിത്രത്തിന്റെ ലൊക്കേഷനിൽ ഉണ്ട്. രണ്ടുദിവസം “അനുരാധ” എന്ന സിനിമയുടെ ലൊക്കേഷനിൽ പോയിരുന്നെങ്കിലും തിരിച്ചെത്തിയിരുന്നു. ഷൂട്ട് ഇല്ലാത്തതിനാൽ രണ്ട് സുഹൃത്തുക്കൾക്കൊപ്പം പുറത്തു പോയപ്പോഴാണ് അപകടം സംഭവിച്ചത്.