പ്രശസ്ത കവയിത്രി സുഗതകുമാരി അന്തരിച്ചു. 86 വയസ്സായിരുന്നു. കോവിഡ് ബാധിതയായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെ
ഇന്നു രാവിലെ 10.52നായിരുന്നു അന്ത്യം. ശ്വസനപ്രക്രിയ പൂര്‍ണമായും വെന്റിലേറ്റര്‍ സഹായത്തിലായിരുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിനും തകരാര്‍ സംഭവിച്ചിരുന്നു. മരുന്നുകളോട് തൃപ്തികരമായി പ്രതികരിക്കുന്നില്ലായിരുന്നു.
വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തിന്റെ സൂക്ഷ്മ നിരീക്ഷണത്തിലായിരുന്നു സുഗതകുമാരി ടീച്ചര്‍. തിങ്കളാഴ്ചയാണ് സുഗതകുമാരിയെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് സ്ഥിരീകരിച്ച സുഗതകുമാരി ടീച്ചര്‍ ആശുപത്രിയിലെത്തുമ്ബോള്‍ ബ്രോങ്കോ ന്യുമോണിയയെ തുടര്‍ന്നുള്ള ശ്വാസതടസമാണ് പ്രധാന പ്രശ്നമായി ഉണ്ടായിരുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചയുടന്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പരിശോധിക്കുകയും തീവ്രപരിചരണത്തില്‍ വെന്റിലേറ്ററിലേയ്ക്ക് മാറ്റുകയും ചെയ്തിരുന്നു.
സ്വാതന്ത്രസമരസേനാനിയും എഴുത്തുകാരനുമായിരുന്ന ബോധേശ്വരന്റെയും പ്രഫ. വി.കെ. കാർത്ത്യായനിയമ്മയുടെയും മകളായി 1934 ജനുവരി 22 നാണ് ജനനം. തത്വശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം നേടി. തിരുവനന്തപുരം ജവഹർ ബാലഭവന്റെ പ്രിൻസിപ്പൽ, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തളിര് മാസിക പത്രാധിപർ, സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ, പ്രകൃതി സംരക്ഷണ സമിതി സെക്രട്ടറി, നവഭാരതവേദി വൈസ്പ്രസിഡന്റ്, കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗം, കേരള ഫിലിം സെൻസർ ബോർഡ് അംഗം തുടങ്ങിയ ചുമതലകൾ വഹിച്ചു.
മുത്തുച്ചിപ്പി, പാതിരാപ്പൂക്കൾ, പാവം മാനവഹൃദയം, പ്രണാമം, ഇരുൾ ചിറകുകൾ, രാത്രിമഴ, അമ്പലമണി, കുറിഞ്ഞിപ്പൂക്കൾ, തുലാവർഷപ്പച്ച, രാധയെവിടെ, കൃഷ്ണകവിതകൾ, മേഘം വന്നു തൊട്ടപ്പോൾ, ദേവദാസി, വാഴത്തേൻ, മലമുകളിലിരിക്കെ, സൈലന്റ് വാലി (നിശ്ശബ്ദ വനം), വായാടിക്കിളി, കാടിനു കാവൽ തുടങ്ങിയവയാണ് പ്രധാന കൃതികൾ.