ജനങ്ങളിലേക്ക് നേരിട്ടെത്താന്‍ മുഖ്യമന്ത്രി തയ്യാറെടുക്കുന്നു

ദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ശ്രദ്ധേയമായ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി ജനങ്ങളിലേക്ക് നേരിട്ടെത്തുന്നു. ഓരോ ജില്ല തോറും നേരിട്ട് പര്യടനം നടത്താനാണ് ഇപ്പോള്‍ ആലോചിക്കുന്നത്. ഈ മാസം 22 നാണ് മുഖ്യമന്ത്രിയുടെ പര്യടനം ആരംഭിക്കുന്നത്. കൊല്ലത്ത് നിന്നായിരിക്കും പര്യടനം ആരംഭിക്കുക. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടിട്ടുള്ള പ്രചരണം കൂടിയായി ഇതിനെ പരിഗണിക്കാം. ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന് ശേഷമായിരിക്കും പ്രസ്തുത പര്യടനത്തെപ്പറ്റിയുള്ള അന്തിമ തീരുമാനം പുറത്തറിയുക. 14 ജില്ലകളിലും മുഖ്യമന്ത്രി നേരിട്ടെത്തി സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. ഈ കൂടിക്കാഴ്ചയില്‍ രൂപപ്പെടുന്ന അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച ശേഷമായിരിക്കും നിയമസഭാ പ്രകടന പത്രിക തയ്യാറാക്കുക

മുഖ്യമന്ത്രിയുടെ ജില്ലാ പര്യടനം തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പേ തീരുമാനിച്ചിരുന്നതാണ്. ഇപ്പോള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി നേടിയ തിളക്കമേറിയ വിജയം മുഖ്യമന്ത്രിയുടെ ജില്ലാ പര്യടനങ്ങള്‍ക്ക് മാറ്റ് കൂട്ടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ജനവരിയില്‍ ബജറ്റ് സമ്മേളനം ചേരുമ്പോള്‍ സാധാരണക്കാര്‍ക്ക് പ്രയോജനകരമായ പദ്ധതികള്‍ ഉള്‍പ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുമെന്ന കാര്യത്തിലും തര്‍ക്കമില്ല. നിയമസഭാ തിരഞ്ഞെടുപ്പിലേക്കും ഇതേ വിജയം നേടാനാവുമെന്ന പ്രതീക്ഷയിലാണ് ഇടത് പക്ഷം. തുടര്‍ഭരണമാണ് സര്‍ക്കാരിന്റെയും പാര്‍ട്ടിയുടേയും ലക്ഷ്യം

സര്‍ക്കാരിനെതിരെ അന്വേഷണ ഏജന്‍സികള്‍ തുടരെ ആരോപണങ്ങള്‍ കൊണ്ട് വളഞ്ഞപ്പോഴും ഇത്രയും വലിയ വിജയം ജനങ്ങള്‍ നല്‍കിയത് ഈ സര്‍ക്കാരനോടുള്ള വിശ്വാസമായി പരിഗണിക്കാം. കോവിഡ് കാലത്ത് സര്‍ക്കാര്‍ തുറന്ന സാമൂഹിക അടുക്കളയും, ഇപ്പോഴും തുടര്‍ന്ന് പോരുന്ന കിറ്റ് വിതരണവും ജനങ്ങളില്‍ വളരെയധികം സ്വാധീനം ഉണ്ടാക്കിയിരുന്നു. സര്‍ക്കാരിന്റെ നേട്ടങ്ങളെ അട്ടിമറിക്കാന്‍ ഇറക്കിയ അന്വേഷണ ഏജന്‍സികളെ ജനങ്ങള്‍ വിശ്വസിക്കുന്നില്ല എന്നതിന്റെ സൂചനയായിട്ടും ഈ തിരഞ്ഞെടുപ്പ് വിജയത്തെ പരിഗണിക്കാം.

Leave a Reply

Your email address will not be published. Required fields are marked *