ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്ന് കെ സുരേന്ദ്രനെ മാറ്റണമെന്ന ആവശ്യം ശക്തം. കേന്ദ്രനേതൃത്വത്തിന് പി കെ കൃഷ്ണദാസ്,ശോഭാസുരേന്ദ്രൻ പക്ഷങ്ങൾ കത്തയച്ചു. പാർട്ടിക്ക് അനുകൂലമായ സാഹചര്യമുണ്ടായിട്ടും തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം ലഭിച്ചില്ല എന്നതാണ് കത്തിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇതിനു കാരണം അധ്യക്ഷന്റെ പിടിപ്പുകേടും ഏകാധിപത്യ നിലപാടുകളാണ് എന്നാണ് കത്തിലെ ആരോപണം.
പ്രകടനപത്രിക തയ്യാറാക്കിയില്ല,കോർ കമ്മിറ്റിയോ തെരഞ്ഞെടുപ്പ് കമ്മിറ്റിയോ ചേർന്നില്ല തുടങ്ങിയ കാര്യങ്ങളും കത്തിൽ ചൂണ്ടിക്കാണിക്കുന്നു. സുരേന്ദ്രൻ രാജിവെക്കണമെന്ന നിലപാടിലാണ് നേതാക്കൾ.
തിരുവനന്തപുരം തൃശ്ശൂർ കോർപ്പറേഷനുകൾ നേടും എന്നായിരുന്നു സംസ്ഥാന നേതൃത്വം നൽകിയ ഉറപ്പ്. ഒപ്പം 8000 സീറ്റുകളും 194 പഞ്ചായത്തുകളും 24 നഗരസഭകളും നേടും എന്ന ഉറപ്പു കൂടിയുണ്ടായിരുന്നു. എന്നാൽ ഇത് നേടാൻ ബിജെപിക്ക് ആയില്ല.
കേന്ദ്രപദ്ധതികൾ ബിജെപിക്ക് അനുകൂലമായി ഉപയോഗിക്കാൻ സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞില്ല. എന്നാൽ സംസ്ഥാന സർക്കാർ ഇത് സ്വന്തം പേരിലാക്കി എൽഡിഎഫ് നേട്ടം കൊയ്തു എന്നും കത്തിലുണ്ട്. സുരേന്ദ്രനെ മാറ്റി എല്ലാ വിഭാഗങ്ങളെയും ഒന്നിച്ചുകൊണ്ടുപോകാൻ കഴിയുന്ന പുതിയ അധ്യക്ഷനെ നിയമിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.