മാധ്യമപ്രവര്ത്തകന് എസ്.വി പ്രദീപിന്റെ അപകടമരണത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് ഇതുവരെയുള്ള അന്വേഷണത്തിലാണ് ഈ നിഗമനം. അതേസമയം, ഡ്രൈവറുടെയും വാഹന ഉടമയുടെയും മൊഴികളിലെ വൈരുദ്ധ്യമടക്കം മരണത്തിലെ മറ്റ് ദുരൂഹതകള്‍ നീക്കാന്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.
തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്ത് വെച്ച് പ്രദീപിനെ ഇടിച്ചിട്ട ലോറി നിര്‍ത്താതെ പോയതോടെ വലിയ ദുരൂഹത ഉയര്‍ന്നിരുന്നു. അപകടത്തില്‍ സംശയവുമായി ബന്ധുക്കളും സുഹൃത്തുക്കളും രംഗത്ത് വന്നിരുന്നു. പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് വാഹനം കണ്ടെത്തിയതും ഡ്രൈവറെ പിടികൂടിയതും.
ലോറിയില്‍ ലോഡെടുത്തത് മുതലുള്ള സഞ്ചാര വിവരം പോലീസ് ശേഖരിച്ചു. വ്യക്തത വരുത്താന്‍ ഇന്നലെ കൂടുതല്‍ സാക്ഷികളുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ഡ്രൈവറുടെ മൊഴി പരിശോധിച്ച ശേഷമാവും കൂടുതല്‍ നടപടികളെന്നും പോലീസ് പറഞ്ഞു. ആക്രമിക്കപ്പെടുമോ എന്ന ഭയത്താലാണ് അപകട ശേഷം ലോറി നിര്‍ത്താതെ പോയതെന്നാണ് ഡ്രൈവറുടെ മൊഴി. എന്നാല്‍ അപകടം നടന്നത് അറിഞ്ഞില്ലെന്നാണ് വാഹന ഉടമ പറഞ്ഞത് .
മൊഴികളിലെ ഈ വൈരുദ്ധ്യവും പൊലീസ് പരിശോധിക്കും. വട്ടിയൂര്‍ കാവില്‍ നിന്നും വാഹനത്തില്‍ ഉണ്ടായിരുന്ന എം സാന്റ് വെള്ളായണിയില്‍ കൊണ്ടിട്ട ശേഷം മറ്റൊരു വഴിയിലൂടെ പേരൂര്‍ക്കടയിലേക്കാണ് പോയത്. പിറ്റേ ദിവസം ലോറിയുമായി ഇറങ്ങി. ഈ വിവരങ്ങളെല്ലാം പൊലീസ് വിശദമായി പരിശോധിക്കും. അറസ്റ്റിലായ ഡ്രൈവര്‍ ജോയിയെ റിമാന്‍ഡ് ചെയ്തു.