രാജ്യത്ത് ഇന്ധനവിലയും പാചകവാതക വിലയും കുതിച്ചുയരുന്നു. ഗാർഹികാവശ്യത്തിനുള്ള പാചകവാതകത്തിന്റെ (എൽ.പി.ജി.) വില സിലിൻഡറിന് ചൊവ്വാഴ്ച 50 രൂപ വർധിച്ചു. ഇതോടെ, കൊച്ചിയിൽ വില 701 രൂപയായി. രണ്ടാഴ്ചയ്ക്കിടെ 100 രൂപയുടെ വർധന.
പാചകവാതകത്തിനുപുറമേ ഇന്ധനവിലയും ബിഹാർ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടാഴ്ചയ്ക്കിടെ ഒരു ലിറ്റർ പെട്രോളിന് 1.37 രൂപയും ഡീസലിന് 1.53 രൂപയും കൂട്ടി. അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില കൂടിയതാണ് വിലവർധനവിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്.
എന്നാൽ, കഴിഞ്ഞ രണ്ടാഴ്ചകൊണ്ട് അസംസ്‌കൃത എണ്ണവിലയിൽ വെറും മൂന്നു ഡോളറിന്റെ മാത്രം വർധനയാണുണ്ടായത്. ബ്രെന്റ് ക്രൂഡ് വില ഇപ്പോൾ വീപ്പയ്ക്ക് 50 ഡോളറിനടുത്താണ്.