തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലം ഇന്ന് രാവിലെ എട്ടു മുതൽ അറിയാം. കോവിഡ് ബാധിതർക്ക് വിതരണം ചെയ്ത സ്പെഷ്യൽ തപാൽ വോട്ടുകൾ ഉൾപ്പെടെയുള്ള തപാൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. പഞ്ചായത്തുകളുടെ വോട്ടെണ്ണൽ ബ്ലോക്ക് തല കേന്ദ്രത്തിൽ ആവും ഉണ്ടാവുക. മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും അതത് സ്ഥാപനങ്ങളുടെ കേന്ദ്രങ്ങളിലാണ് നടക്കുക.
പരമാവധി എട്ടു പോളിംഗ് സ്റ്റേഷനുകൾക്ക് ഒരു മേശ എന്ന രീതിയിൽ സാമൂഹിക അകലം പാലിച്ചാണ് കൗണ്ടിംഗ് ഒരുക്കുന്നത്. ഒന്നാം വാർഡ് മുതൽ എന്ന ക്രമത്തിലാണ് വോട്ടെണ്ണൽ ആരംഭിക്കുക. ഒരു വാർഡിൽ ഒന്നിലധികം ബൂത്തുകൾ ഉണ്ടെങ്കിൽ ഒരേ മേശയിൽ എണ്ണും.
പോസ്റ്റൽ വോട്ടുകൾ എണ്ണുക റിട്ടേണിംഗ് ഓഫീസറുടെ ടേബിളിൽ ആയിരിക്കും. അതിനുശേഷം കൺട്രോൾ യൂണിറ്റുകൾ കൗണ്ടിങ് ടേബിളിൽ എത്തിക്കും. വാർഡിലെ എല്ലാ വോട്ടിംഗ് മെഷീനുകളുടെയും വോട്ടെണ്ണൽ കഴിഞ്ഞശേഷം അന്തിമഫലം തയ്യാറാക്കും.