നടി ആര്യ ബാനര്‍ജിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കൊല്‍ക്കത്ത: അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ബംഗാളി നടി ആര്യ ബാനര്‍ജിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്.

ആര്യയുടെ മരണം കൊലപാതകമല്ലെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ലിവര്‍ സിറോസിസ് രോഗിയായിരുന്ന ആര്യയുടെ ആമാശയത്തിനുള്ളില്‍ മദ്യത്തിന്റെ അംശം ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ദിവസമാണ് ജോധ്പുര്‍ പാര്‍ക്കിലെ ഫ്‌ലാറ്റില്‍ തനിച്ചു താമസിച്ചിരുന്ന ആര്യയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. രാവിലെ അപ്പാര്‍ട്ട്മെന്റിലെത്തിയ ജോലിക്കാരി കോളിങ് ബെല്ല് അടിച്ചിട്ടും ഫോണില്‍ വിളിച്ചിട്ടും പ്രതികരിക്കാത്തതിനെ തുടര്‍ന്ന് സമീപവാസികളെ വിവരം അറിയിക്കുകയായിരുന്നു. ഇവര്‍ പൊലീസിനെ വിളിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

ബോളിവുഡ് ചിത്രങ്ങളില്‍ ഉള്‍പ്പെടെ അഭിനയിച്ച് ശ്രദ്ധ നേടിയ ബംഗാളി നടി ഏറെ വര്‍ഷമായി ഒറ്റയ്ക്കാണ് ആര്യ താമസിച്ചിരുന്നത്.

സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്ന ആര്യയുടെ മരണത്തിന്റെ ഞെട്ടലിലാണ് ആരാധകര്‍. 2011ല്‍ പുറത്തിറങ്ങിയ ഹിന്ദി ചിത്രമായ ‘ദ് ഡേര്‍ട്ടി പിക്ച്ചറില്‍’ വിദ്യാ ബാലനോടൊപ്പം അഭിനയിച്ചാണ് ആര്യ ശ്രദ്ധ നേടിയത്.

ലവ് സെക്‌സ് ഔര്‍ ധോക്ക എന്നിവയാണു ശ്രദ്ധേയമായ സിനിമകള്‍. സാവ്ധാന്‍ ഇന്ത്യ എന്ന ടിവി സീരിയലിലും അഭിനയിച്ചിട്ടുണ്ട്. ഹിന്ദുസ്ഥാനി സംഗീതത്തില്‍ ബിരുദാനന്തര ബിരുദമുള്ള ആര്യയുടെ യഥാര്‍ഥ പേര് ദേബദത്ത എന്നാണ്. പ്രമുഖ സിത്താര്‍ വാദകന്‍ പണ്ഡിറ്റ് നിഖില്‍ ബാനര്‍ജിയുടെ മകളാണ്.

Leave a Reply

Your email address will not be published. Required fields are marked *