NEWSTRENDING

സിംഗിള്‍ പേരന്റ് ചലഞ്ചിന് പിന്നാലെയെത്തിയ ചതിക്കുഴികള്‍: പ്രവാസി ദുരനുഭവം തുറന്ന് പറയുന്നു

സോഷ്യല്‍ മീഡിയകള്‍ ഇപ്പോള്‍ ചലഞ്ചുകള്‍ക്ക് പിന്നാലെയാണ്. പേരന്റ് ചലഞ്ച്, ഡ്രീം ചലഞ്ച്, പെറ്റ് ചലഞ്ച്, സ്‌മൈല്‍ ചലഞ്ച് അങ്ങനെ ചലഞ്ചുകളുടെ പട്ടിക നീണ്ട് പോവുകയാണ്. സോഷ്യല്‍ മീഡിയകളില്‍ ഇത്തരം ചലഞ്ചിന്റെ ഭാഗമാകുന്നവര്‍ അതിന് പിന്നാലെയെത്താന്‍ സാധ്യതയുള്ള പൊല്ലാപ്പുകളെയും ചതിക്കുഴികളേയും പറ്റി അറിയുന്നില്ല. എല്ലാവരും പങ്കെടുക്കുന്ന കൊണ്ട് ഞാനും പങ്കെടുക്കുന്നു എന്ന മനസ്ഥിതിയില്‍ നിങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിങ്ങളുടെ സ്വകാര്യത പങ്കുവെക്കരുത്. തന്റെ ജീവിതത്തില്‍ ഇത്തരമൊരു ചലഞ്ച് കൊണ്ടുവന്ന പൊല്ലാപ്പുകളെക്കുറിച്ച് പ്രവാസിയായ ബിജു ഒരു പ്രമുഖ മാധ്യമത്തിനോട് പറഞ്ഞ അനുഭവം ഓരോ മലയാളിയും തീര്‍ച്ചയായും വായിക്കേണ്ടതാണ്.

സോഷ്യല്‍ മീഡിയയില്‍ സിംഗിള്‍ പേരന്റ് ചലഞ്ചിലാണ് ബിജു തന്റെ ജീവിതാനുഭവം കുറിച്ചത്. ക്യാന്‍സര്‍ ബാധിതയായ ഭാര്യ മരിച്ച ശേഷം നാല് മക്കളുമായി താന്‍ തനിച്ച് താമസിക്കുകയാണെന്ന് തുടങ്ങുന്ന കുറിപ്പില്‍ ബിജു തന്നെക്കുറിച്ച് തുറന്നെഴുതുകയായിരുന്നു. സാധാരണ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യാറുള്ള സാധാരണ കുറിപ്പെന്നതിനപ്പുറത്തേക്ക് ആ പോസ്റ്റ് ഒരിക്കലും തന്റെ ജീവിതം മാറ്റി മറിക്കുവെന്ന് ബിജുവും വിചാരിച്ചിരുന്നില്ല. പോസ്റ്റ് ഇട്ടതിന് പിന്നാലെ തന്റെ ജീവതത്തിലെ സ്വസ്ഥതയും സാമാധാനവും നഷ്ടപ്പെട്ടെന്ന് ബിജു പറയുന്നു. ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ഇട്ടതിന് ശേഷം എട്ടോളം ഫെയ്ക്ക് അക്കൗണ്ടുകളില്‍ നിന്നാണ് ബിജുവിനെ ബന്ധപ്പെട്ടിരിക്കുന്നത്. പലരും സഹായിക്കാമെന്നും മക്കളെ നോക്കാമെന്നുമൊക്കെയാണ് അറിയിച്ചത്.

അക്കൂട്ടത്തില്‍ നാട്ടില്‍ നിന്നും വിളിച്ചൊരു സ്ത്രീ മക്കളെ നോക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞപ്പോളും സംശയമൊന്നും തോന്നിയിരുന്നില്ല. അവരുടെ അക്കൗണ്ട് പരിശോധിച്ചപ്പോള്‍ ഫെയ്ക്ക് ആണെന്ന് തോന്നിയതുമില്ല. താനിപ്പോള്‍ കുവൈറ്റില്‍ ആണെന്നും നാട്ടിലെത്തുമ്പോള്‍ വിളിക്കാമെന്ന് പറഞ്ഞ് ഫോണ്‍ സംഭാഷണം അവസാനിപ്പികുകയായിരുന്നു. ഫോണ്‍ കട്ട് ചെയ്തതിന് പിന്നാലെ ബിജുവിന്റെ ഫോണിലേക്ക് ആ അക്കൗണ്ടില്‍ നിന്നും വീഡിയോ കോള്‍ വന്നു. പ്രത്യേകിച്ച് അപകടമൊന്നും പ്രതീക്ഷിക്കാത്തതുകൊണ്ട് വീഡിയോ കോള്‍ അറ്റന്റ് ചെയ്തപ്പോള്‍ മറുവശത്ത് നിന്നും കാണുന്നത് അതുവരെ തന്നോട് സംസാരിച്ച സ്ത്രീ പെട്ടെന്ന് വിവസ്ത്രയാകുന്നതാണ്. എന്താണ് നടക്കുന്നതെന്ന് പെട്ടെന്ന് മനസിലായില്ലെങ്കിലും ഇതൊരു കെണിയാണെന്ന് മനസിലാക്കിയ ബിജു ഫോണ്‍ കട്ട് ചെയ്തു. വീണ്ടും അതേ നമ്പറില്‍ നിന്നും കോള്‍ വന്നപ്പോള്‍ മുഖം കാണിക്കാതെ ഫോണെടുത്ത് സംസാരിക്കുവാന്‍ ആരംഭിച്ചു. കോള്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്ന് മനസിലാക്കിയ സ്ത്രീ കഴിഞ്ഞ വീഡിയോ റെക്കോര്‍ഡ് ചെയ്‌തെന്നും അതില്‍ തന്റെ മുഖം പതിഞ്ഞിട്ടുണ്ടെന്നും ഭീഷണിപ്പെടുത്തുവാന്‍ ആരംഭിച്ചു. നിന്റെ കുഞ്ഞുങ്ങളുടെ ഭാവി തകര്‍ക്കുന്ന തരത്തില്‍ വീഡിയോ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.

ബിജുവിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത റാക്കറ്റ് ഭാര്യയുടെ സുഹൃത്തുക്കള്‍ക്ക് തന്റെ മെസെഞ്ചറില്‍ നിന്നും സെക്‌സ് ചാറ്റിന് താല്‍പ്പര്യമുണ്ടോ എന്ന തരത്തില്‍ മെസേജ് അയച്ചതായും മെസേജ് കണ്ട് സംശയം തോന്നിയ സുഹൃത്തുക്കള്‍ തന്നെ നേരിട്ട് വിളിച്ച് കാര്യം അന്വേഷിക്കുകയായിരുന്നുവെന്നും ബിജു പറയുന്നു. ഈ സംഭവത്തിന് ശേഷം പിന്നെയും പല അക്കൗണ്ടുകളില്‍ നിന്നും ബിജുവിന് വീഡിയോ കോളുകള്‍ വന്നുകൊണ്ടിരുന്നു. ഫോണെടുത്താല്‍ ചതിയില്‍പ്പെടുമെന്ന് മനസിലാക്കിയ ബിജു എല്ലാം ഒഴിവാക്കി വിടുകയായിരുന്നു. കല്യാണ ആലോചന എന്ന പേരിലും ഒരു അക്കൗണ്ടില്‍ നിന്നും കോള്‍ വന്നിരുന്നു. പക്ഷേ അവരുടെ പ്രൊഫൈലില്‍ ഒരു ഫോട്ടോ പോലും ഉണ്ടായിരുന്നില്ല. പിന്നീട് കാര്യങ്ങള്‍ വിശദമായി ചോദിച്ച് തുടങ്ങിയപ്പോള്‍ അവരും പിന്‍വലിഞ്ഞു.

ഒരു ചലഞ്ചില്‍ സ്വന്തം അനുഭവം തുറന്ന് പറഞ്ഞ താന്‍ പിന്നീട് അനുഭവിക്കേണ്ടി വന്നത് കഠിനമായ മനപ്രയാസങ്ങളാണെന്ന് ബിജു പറയുന്നു. സോഷ്യല്‍ മീഡിയയില്‍ നാം കാണുന്ന ഇത്തരം ചലഞ്ചുകള്‍ക്ക് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളില്‍ മറ്റൊരാളും പെടാതിരിക്കട്ടെ. സോഷ്യല്‍ മീഡിയയുടെ മറവില്‍ നമ്മളെ കാത്തിരിക്കുന്ന വലിയ ചതിക്കുഴികള്‍ സ്വയം തിരിച്ചറിയാന്‍ ശ്രമിക്കുക.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker