ഐഎസ്ആര്‍ഒ ചാരക്കേസില്‍ അടുത്തയാഴ്ച തെളിവെടുപ്പ്
ഐഎസ്ആര്‍ഒ ചാരക്കേസില്‍ അടുത്തയാഴ്ച തെളിവെടുപ്പ്.സുപ്രീംകോടതി ചുമതലപ്പെടുത്തിയ ജസ്റ്റിസ് ഡി.കെ. ജെയിന്‍ അദ്ധ്യക്ഷനായ സമിതിയുടെ തെളിവെടുപ്പാണ് അടുത്തയാഴ്ച ആരംഭിക്കുന്നത്.
ഈ മാസം 14,15 തിയതികളില്‍ സമിതി തിരുവനന്തപുരത്തെത്തി തെളിവെടുക്കും. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന സിബി മാത്യൂസ്, കെ.കെ. ജോഷ്വ, എസ്. വിജയന്‍ എന്നിവര്‍ ഗൂഢാലോചന നടത്തിയോ എന്നതുള്‍പ്പെടെയുള്ള വിഷയങ്ങളാണ് സമിതി അന്വേഷിക്കുന്നത്.
കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടി സമിതി സുപ്രീംകോടതിക്ക് ശിപാര്‍ശ ചെയ്യും. നമ്പി നാരായണനോടും ഐ.എസ്.ആര്‍.ഒ. കേസ് അന്വേഷിച്ച സംസ്ഥാന പൊലീസിലെ ഉദ്യോഗസ്ഥരോടും തെളിവുകള്‍ ഹാജരാക്കാന്‍ സമിതി നിര്‍ദേശിച്ചിട്ടുണ്ട്.
നിലവില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടോയെന്ന കാര്യമാണ് പരിഗണിക്കുന്നതെന്ന് കേന്ദ്ര അഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ പ്രതികരിച്ചു.