NEWS

വീണ്ടും സ്പീക്കർക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്,ആരോപണങ്ങൾ അല്ല താൻ ഉന്നയിച്ചത് വസ്തുതകൾ

ഇന്നും വാർത്താ സമ്മേളനത്തിലൂടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കർ ശ്രീരാമകൃഷ്ണനെതിരെ ആഞ്ഞടിച്ചു. താൻ ഉന്നയിക്കുന്ന ആരോപണങ്ങൾ അല്ല, നിരത്തുന്നത് വസ്തുതകളാണ്.രമേശ് ചെന്നിത്തലയുടെ വാർത്താ സമ്മേളനത്തിന്റെ പ്രസക്തഭാഗങ്ങൾ.

1. നിയമസഭയിലെ ലക്കും ലഗാനുമില്ലാത്ത അഴിമതിയെയും ധൂര്‍ത്തിനെയും പറ്റി വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തില്‍ ഞാന്‍ ഇന്നലെ ചില വസ്തുതകള്‍ പുറത്തുകൊണ്ടുവന്നിരുന്നു. അവ ആരോപണങ്ങളല്ല. കൃത്യമായ വസ്തുതകളാണ്. ഇന്നലെ ഉച്ച തിരിഞ്ഞ് അവയ്ക്ക് പത്രസമ്മേളനം വിളിച്ച് മറുപടി നല്കിയ ബഹുമാനപ്പെട്ട സ്പീക്കര്‍ക്ക് അവ ഒന്നും നിഷേധിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ ഉന്നയിച്ച വസ്തുതകളെല്ലാം ശരിവയ്ക്കുന്ന തരത്തിലാണ് അദ്ദേഹം സംസാരിച്ചത്.

2. എങ്കിലും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ ഭരണഘടനാ സ്ഥാപനങ്ങളെ കടന്നാക്രമിക്കുന്നത് ശരിയാണോ എന്ന് അദ്ദേഹം ചോദിക്കുകയുണ്ടായി. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ ഒന്നും ഞാന്‍ പറഞ്ഞിട്ടില്ല. വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ പറഞ്ഞത്.

3. കഴിഞ്ഞ ദിവസം ഞാന്‍ പറഞ്ഞ ഒരു കാര്യം ആവര്‍ത്തിക്കട്ടെ. സ്പീക്കര്‍ സ്ഥാനം ഉന്നതമായ ഭരണഘടനാ പദവിയാണ്. സംശയത്തിന്റെ നിഴല്‍ പോലും ആ പദവിക്ക് മേല്‍ വീഴാല്‍ പാടില്ല. എങ്കില്‍ അത് ജനാധിപത്യത്തിന് കളങ്കമുണ്ടാക്കും.

4. ഉന്നതമായ ആ പദവി നല്‍കുന്ന പരിരക്ഷ ഉപയോഗിച്ച് പൊതുജനങ്ങളുടെ നികുതിപണം യാതൊരു തത്വദീക്ഷയുമില്ലാതെ ധൂര്‍ത്തടിക്കുകയും  കൊള്ളയടിക്കുകയും ചെയ്യുമ്പോള്‍ കണ്ണടച്ച് നോക്കി നില്‍ക്കാന്‍ എന്റെ നീതി ബോധം എന്നെ അനുവദിക്കുന്നില്ല. അത് പുറത്തു കൊണ്ടുവരിക  എന്നത് പ്രതിപക്ഷനേതാവെന്ന നിലയിലുള്ള എന്റെ കര്‍ത്തവ്യമാണ്. അതിനാലാണ് ദുഖത്തോടെയാണെങ്കിലും ജനാധിപത്യത്തിന്റെ ശ്രീകോവിലിലെ അഴിമതിയും കൊള്ളയും എനിക്ക് പുറത്തുകൊണ്ടുവരേണ്ടി വന്നത്.

5. തനിക്ക് ഒന്നിലേറെ തവണ ദേശീയ പുരസ്‌കാരം ലഭിച്ചു എന്ന് ബഹുമാനപ്പെട്ട സ്പീക്കര്‍ ആമുഖമായി അവകാശപ്പെടുന്നു. കേരള നിയമസഭയ്ക്ക് പ്രശംസ ലഭിക്കുന്നതില്‍ സന്തോഷമേയുള്ളു. ഇപ്പോള്‍ മാത്രമല്ല, എപ്പോഴും കേരള നിയമസഭ ഇന്ത്യക്ക് മാതൃകയാണ്. പുരസ്‌കാരങ്ങള്‍ നേരത്തെയും കിട്ടിയിട്ടുണ്ട്. ആ മാതൃകാ സ്ഥാപനത്തെ മലിനപ്പെടുത്തി എന്നതാണ് എന്റെ പരാതി.

6. ബഹുമാനപ്പെട്ട സ്പീക്കര്‍ ഇന്നലെ നടത്തിയ ന്യായീകരണങ്ങള്‍ നമുക്ക് ഓരോന്നായി പരിശോധിക്കാം. ജനാധിപത്യത്തിന്റെ വികസന സാദ്ധ്യതകള്‍ പുതിയ ലോകത്ത് എങ്ങനെ വിനിയോഗിക്കുന്നു എന്നതാണ് ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി കൊണ്ട് ഉദ്ദേശിച്ചതെന്ന് സ്പീക്കര്‍ പറയുന്നു. പക്ഷേ, ജനാധിപത്യത്തിന്റെ വികസന സാധ്യതകള്‍ ഉപയോഗിച്ച് എങ്ങനെ കൊള്ള നടത്താം എന്നതിന്റെ ഉത്സവമായിരുന്നു യഥാര്‍ത്ഥത്തില്‍ നടന്നത്.

ട്രിവാന്‍ഡ്രം ഡിക്ലറേഷന്‍ ഉണ്ടാക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമായി അദ്ദേഹം ഉയര്‍ത്തിക്കാട്ടുന്നു. അത് അയച്ചുകൊടുത്തപ്പോള്‍ 9 നിയമസഭകളില്‍ നിന്ന് സ്പീക്കര്‍ക്ക് ക്ഷണവും കിട്ടിയത്രേ. നല്ല കാര്യം. പക്ഷേ, നമുക്ക് അതിന് ചിലവാക്കേണ്ടിവന്നത് രണ്ടേകാല്‍ കോടി രൂപയാണ്.

7. ഏതു സമയത്താണ് ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി നടത്തിയെന്ന് ഓര്‍ക്കണം. 2018- ലെ മഹാപ്രളയത്തില്‍ കേരളം തകര്‍ന്നടിഞ്ഞു കിടക്കുകയും എല്ലാ ചെലവുകളും നിയന്ത്രിക്കുകയും ചെയ്തിരുന്നപ്പോഴാണ് 2019 ഫെബ്രുവരിയില്‍ ഉത്സവം നടത്തിയത്. പിഞ്ചുകുഞ്ഞുങ്ങള്‍ പോലും തങ്ങളുടെ കുടുക്ക പൊട്ടിച്ച് പ്രളയത്തില്‍ എല്ലാം തകര്‍ന്നവരെ സഹായിക്കാന്‍ മുന്നോട്ടുവന്ന ആ സമയത്താണ് നയമസഭയില്‍ കോടികള്‍ പൊടിച്ചു കളഞ്ഞ് ഈ ധൂര്‍ത്ത നടത്തിയത്. ഒരുവശത്ത് ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍നിന്ന് കയ്യിട്ട് വാരി. മറുവശത്ത് ധൂര്‍ത്തും. 6 പരിപാടികളാണ് ആവിഷ്‌കരിച്ചത്. യഥാര്‍ത്ഥത്തില്‍ കോവിഡാണ് രക്ഷിച്ചത്. അതിനാല്‍ രണ്ടു പരിപാടികയേ നടത്തിയുള്ളു. അതിനാണ് രണ്ടേകാല്‍ കോടി ചെലവാക്കിയത്. ആറു പരിപാടി നടത്തിയിരുന്നെങ്കില്‍ എത്ര കോടി ആകുമായിരുന്നു? എന്ത് നേട്ടമാണ് അതുകൊണ്ട് നമ്മുടെ സംസ്ഥാനത്തിന് ഉണ്ടായത്?

8. ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസി അവസാനിച്ചിട്ട് രണ്ട് വര്‍ഷമായിട്ടും അതിനായി കരാര്‍ അടിസ്ഥാനത്തിലെടുത്ത ജീവനക്കാരെ മാസം 30,000 രൂപ ശമ്പളം നല്‍കി ഇപ്പോഴും നിലനിര്‍ത്തിയിരിക്കുന്നത് എന്തിനാണെന്ന് സ്പീക്കര്‍ ഇന്നലെ പറഞ്ഞില്ല. കഴിഞ്ഞ സെപ്തംബര്‍ വരെ അവര്‍ക്ക് ശമ്പളമായി നല്‍കിയത് 21.16 ലക്ഷം രൂപയാണ്. ജനങ്ങളുടെ പണമല്ലേ ഇത്?

ഇ നിയമസഭ
————
9. നിയമസഭ ഡിജിറ്റലൈസ് ചെയ്യുന്നതോടെ 40 കോടി രൂപയുടെ പേപ്പര്‍ ലാഭിക്കാനാവുമെന്ന് സ്പീക്കര്‍ പറയുന്നു. അദ്ദേഹത്തിന് എവിടെ നിന്ന് ഈ കണക്ക് കിട്ടി എന്ന് അറിയില്ല. 120 കോടി രൂപയാണ് നിയമസഭയുടെ ആകെ ബജറ്റ് അതില്‍ 40 കോടി രൂപ അച്ചടിക്ക് മാത്രമാണോ. എക്‌സാജറേറ്റ് ചെയ്ത കണക്കാണിത്. അത് പരിശോധിക്കണം.

10. അതവിടെ നില്‍ക്കട്ടെ. പേപ്പറും അച്ചടിയും ലാഭിക്കുന്നത് നല്ല കാര്യം. പക്ഷേ ഡിജിറ്റലൈസേഷന്‍ നടത്തുമ്പോള്‍ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതില്ലേ. 52.31 കോടിയുടെ പടുകൂറ്റന്‍ പദ്ധതി നടപ്പാക്കുമ്പോള്‍ ടെന്‍ഡര്‍ വിളിക്കേണ്ടേ?  എങ്ങനെയാണ് 52.31 കോടി എന്ന തുകയില്‍ എത്തിയത്? ഈ കരാര്‍ നല്‍കിയ ഊരാളുങ്കലുമായി നെഗോഷിയേഷന്‍ നടത്തിയോ?

11. ഊരാളുങ്കലിന് മൊബിലൈസേഷന്‍ അഡ്വാന്‍സ് നല്‍കിയതായി സ്പീക്കറും സമ്മതിക്കുന്നു. മുന്‍ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞും ചെയ്തത് അത് തന്നെയാണ്.  ഇബ്രാഹിം കുഞ്ഞ് പലിശ വാങ്ങിയാണ് മൊബിലൈസേഷന്‍ അഡ്വാന്‍സ് നല്‍കിയത്. ശ്രീരാമകൃഷ്ണന്‍ പലിശ വാങ്ങാതെയും നല്‍കി. ഇബ്രാഹിംകുഞ്ഞ് ചെയ്യുമ്പോള്‍ അത് കുറ്റമാവുകയും ശ്രീരാമകൃഷ്ണന്‍ ചെയ്യുമ്പോള്‍ അത് കുറ്റമല്ലാതാവുകയും ചെയ്യുന്നതെങ്ങനെ?

13. ഇവിടെ ഒരു കാര്യം ശ്രദ്ധിക്കണം. ഇന്ത്യയില്‍ ആദ്യം നിയമസഭ ഡിജിറ്റലൈസ് ചെയ്തത് ഹിമാചല്‍ പ്രദേശ് ആണ്. ചിലവ് 8.12 കോടി രൂപ. കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെയാണ് 2014 ല്‍ ആ പദ്ധതി നടപ്പാക്കിയത്. ഡിജിറ്റലൈസേഷന്‍ നടത്തിയത് നാഷണല്‍ ഇന്‍ഫര്‍മാറ്റിക്ക് സെന്ററാണ്. നാം സ്വന്തം കയ്യില്‍നിന്ന് കാശ് മുടക്കി  ഡിജിറ്റലൈസ് ചെയ്യുന്നതിന് മുമ്പ് കേന്ദ്രസഹായത്തിന് ശ്രമിച്ചോ?  ഊരാളുങ്കലിന് ഈ പണി കൊടുക്കുന്നതിന് മുമ്പ് ഈ പണി ചെയ്ത് പ്രാവീണ്യമുള്ള എന്‍.ഐ.സി.യെ എന്തുകൊണ്ട് സമീപിച്ചില്ല?

13. കേരള നിയമസഭയില്‍ തന്നെ ചോദ്യോത്തരം 2013-14 ല്‍ ഡിജിറ്റലൈസ് ചെയ്തിരുന്നു. എന്‍.ഐ.സിയാണ് അന്ന് സോഫ്റ്റ് വെയര്‍ തയ്യാറാക്കി അത് ചെയ്തത്. അത് വളരെ നല്ല നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. 60 ലക്ഷത്തോളം രൂപ അന്ന് മുടക്കുകയും ചെയ്തു. ആ നിലയ്ക്ക് എന്‍.ഐ.സി.യുടെ സേവനം നിര്‍ബന്ധമായി ആവശ്യപ്പെടേണ്ടതായിരുന്നു. അതുണ്ടായില്ല. പകരം ഊരാളുങ്കലിന് കൊടുക്കാന്‍ ആദ്യമേ തീരുമാനിക്കുയാണ് ചെയ്തത്. ടെന്‍ഡര്‍ പോലും ഉണ്ടായില്ല.

ശങ്കരനാരായണന്‍ തമ്പി ഹാള്‍
————-
14. ലോകകേരള സഭയുടെ മറവില്‍ നിയമസഭയിലെ പ്രൗഢഗംഭീരമായിരുന്ന ശങ്കര നാരായണന്‍ തമ്പി ഹാള്‍ പൊളിച്ച കാര്യവും ബഹുമാനപ്പെട്ട സ്പീക്കര്‍ സമ്മതിച്ചിരിക്കുകയാണ്. ഹാള്‍ പൊളിച്ചു പണിതതിന് 16.65 കോടി രൂപയുടെ ഭരണാനുമതിയാണ് നല്‍കിയതെങ്കിലും 9.17 കോടി രൂപയ്ക്ക് പണി പൂര്‍ത്തിയായതെന്നാണ് സ്പീക്കര്‍ പറയുന്നത്. 16.65 കോടി രൂപയായിരുന്നു എസ്റ്റിമേറ്റ് എന്നാണ് ഞാനും ഇന്നലെ പറഞ്ഞിരുന്നത്.

ഇവിടെ ഒരു കാര്യം ശ്രദ്ധിക്കണം. 16.65 കോടി രൂപയ്ക്ക് എസ്റ്റിമേറ്റ് തയ്യാറാക്കി കരാറും നല്‍കിയിട്ട് അതിന്റെ ഏതാണ്ട് പകുതി രൂപയ്ക്ക് പണി തീര്‍ത്തിട്ടുണ്ടെങ്കില്‍ എന്തു തരം എസ്റ്റിമേറ്റാണ് തയ്യാറാക്കിയത്? എത്ര ലാഘവത്തോടെയാണ് എസ്റ്റിമേറ്റ് തയ്യാറാക്കുകയും  കരാര്‍ നല്‍കുകയും ചെയ്തത് എന്ന് ഇതില്‍നിന്ന് തന്നെ വ്യക്തമാണ്.

15. 2018 ല്‍ ഒന്നാം കേരള സഭ ചേരുമ്പോള്‍ ഇരിപ്പിടങ്ങള്‍ മാറ്റുന്നതിന് മാത്രമായി 1.84 കോടി രൂപ ചെലവാക്കി എന്ന എന്റെ ആരോപണവും സ്പീക്കര്‍ ശരിവച്ചിട്ടുണ്ട്. ആ കസേരകള്‍ വീണ്ടും ഉപയോഗിച്ചു എന്നാണ് സ്പീക്കര്‍ അവകാശപ്പെടുന്നത്.  അക്കാര്യത്തില്‍ സംശയമുണ്ട്. അന്വേഷിക്കണം.

16. സംസ്ഥാനം സാമ്പത്തിക ഞെരുക്കത്തില്‍പ്പെട്ട് നട്ടം തിരിയുമ്പോള്‍ ഇത്രയേറെ കോടികള്‍ മുടക്കി ഹാള്‍ നവീകരിച്ചതെന്തിന് എന്ന ചോദ്യത്തിന് സ്പീക്കര്‍ യുക്തിസഹമായ മറുപടി നല്‍കിയിട്ടില്ല. ലോക കേരള സഭയിലെ അംഗങ്ങള്‍ക്ക് ഇരിക്കാന്‍ അവരുടെ അന്തസ്സിന് ചേര്‍ന്ന ഹാള്‍ വേണമെന്നാണ് സ്പീക്കര്‍ പറയുന്നത്. പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും പാര്‍ട്ടി എന്ന് അവകാശപ്പെടുന്ന തൊഴിലാളിവര്‍ഗ്ഗ പാര്‍ട്ടിയുടെ നേതാവ് തന്നെയാണോ  ഇത് പറയുന്നത്? പ്രൗഡഗംഭീരമായിരുന്ന പഴയ ശങ്കരനാരായണന്‍ തമ്പി ഹാളിന് എന്തായിരുന്നു കുഴപ്പം?
ഇത്രയും കോടികള്‍ ചിലവഴിച്ച ഹാള്‍ ഒന്നര ദിവസത്തെ സമ്മേളത്തിന് ശേഷം ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്. ഈ പാഴ്ചിലവിന് ആരാണ് സമാധാനം പറയുക?

17. ഈ ഹാള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് വാടകയ്ക്ക് കൊടുക്കാമെന്നാണ് സ്പീക്കര്‍ ഇപ്പോള്‍ പറയുന്നത്. തന്ത്രപ്രധാനമായ സ്ഥലമാണ് നിയമസഭാ സമുച്ചയം. 24 മണിക്കുറും പൊലീസ് കാവലുള്ള ഹൈ സെക്യൂരിറ്റി ഏരിയ. അവിടെത്തെ ഹാള്‍ കല്യാണത്തിനും ആഘോഷത്തിനും വാടകയ്ക്ക് കൊടുക്കുന്നതെങ്ങനെ. ഈ സ്പീക്കര്‍ക്ക് എന്തുപറ്റി?

18. ഒന്നാം കേരളസഭയില്‍ പ്രതിപക്ഷം സഹകരിച്ചതാണ്. പക്ഷേ, രണ്ടാം കേരള സഭയില്‍ നിന്ന് പ്രതിപക്ഷം വിട്ടുനിന്നു. കേരളത്തിന് പുറത്തുനിന്ന് ഇവിടെ സംരംഭം തുടങ്ങാന്‍ വന്ന പ്രവാസികളായ ആന്തൂരിലെ സാജന്റെയും പുനലൂരിലെ സുഗതന്റെയും ദാരുണമായ ആത്മഹത്യകള്‍ സര്‍ക്കാരിന്റെയും ഭരണകക്ഷികളുടെയും തനിനിറം പുറത്തു കൊണ്ടുവന്നത് കാരണമാണ് പ്രതിപക്ഷം രണ്ടാം ലോകകേരള സഭയില്‍ നിന്ന് മാറിനിന്നത്. ആര്‍ഭാടം കാണിക്കാനല്ലാതെ പ്രവാസിക്ഷേമത്തില്‍ സര്‍ക്കാരിന് ആത്മാര്‍ത്ഥത ഇല്ലെന്ന് ഈ സംഭവങ്ങള്‍ തെളിയിച്ചു.

 ഒന്നാം ലോക കേരള സഭയിലെടുത്ത ഒരു തീരുമാനവും നടപ്പാക്കാത്തതും സര്‍ക്കാരിന്റെ പൊള്ളത്തരം പുറത്തുകൊണ്ടുവന്നു. ലോക കേരള സഭയുടെ പേരില്‍ അഴിമതിക്ക് മാത്രമായിരുന്നു സര്‍ക്കാരിന് താത്പര്യം.

സഭാ ടിവി
——-
19. നിയമസഭാ ടിവി എന്ന വെള്ളാന സംബന്ധിച്ച എന്റെ ആരോപണങ്ങള്‍ സ്പീക്കര്‍ നിരാകരിച്ചിട്ടില്ല. ചീഫ് കണ്‍സള്‍ട്ടന്റ് തിരുവനന്തപുരത്ത് വരുമ്പോള്‍ തങ്ങുന്നതിന് മാത്രമായി 25,000 രൂപ പ്രതിമാസ വാടകയ്ക്ക് ഫ്ളാറ്റ് എടുത്ത ധൂര്‍ത്ത് സ്പീക്കര്‍ ശരിവച്ചു. എം.എല്‍.എ. ഹോസ്റ്റലില്‍ മുറികള്‍ ഇല്ലാത്തതിനാലാണ് ഫ്ളാറ്റ് എടുത്തതെന്ന് സ്പീക്കര്‍ പറയുന്നത് ശരിയല്ല. എം.എല്‍.എ. ഹോസ്റ്റലില്‍ മുന്‍ സമാജികര്‍ക്കുള്ള മുറികള്‍ ഒഴിഞ്ഞു കിടക്കുമ്പോഴാണ് ഈ ധൂര്‍ത്ത്.

ഇ.എം.എസ്. സ്മൃതി
————-
20. നിയമസഭാ സമുച്ചയത്തിലെ ചില്‍ഡ്രന്‍സ് ലൈബ്രറി പൊളിച്ചുമാറ്റി 87 ലക്ഷം രൂപ ചെലവില്‍ ഇ.എം.എസ്. സ്മൃതി ഉണ്ടാക്കുന്നു എന്ന എന്റെ ആരോപണവും സ്പീക്കര്‍ പൂര്‍ണ്ണമായി തള്ളിക്കളഞ്ഞിട്ടില്ല.  പദ്ധതി തയ്യാറാക്കിയതേ ഉള്ളു നടപ്പാക്കിയിട്ടില്ല എന്നാണ് സ്പീക്കര്‍ ന്യയീകരിക്കുന്നത്.  എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഏഴര ലക്ഷം രൂപ മുടക്കി സജ്ജീകരിച്ച ചില്‍ഡ്രന്‍സ് ലൈബ്രറി എന്തിന് പൊളിച്ചു കളഞ്ഞു എന്ന് സ്പീക്കര്‍ വിശദീകരിക്കണം. കെ.എം.മാണി ഉദ്ഘാടനം ചെയ്തതായിരുന്നു ആ ലൈബ്രറി.

21. തന്റെ കാലയളവില്‍ 18 ഗ്രന്ഥങ്ങള്‍ നിയമസഭ പ്രസിദ്ധീകരിച്ചത് നേട്ടമായി സ്പീക്കര്‍ എടുത്തുകാട്ടുന്നു. അതൊന്നും ആരും ചോദ്യം ചെയ്തിട്ടില്ല. ഈ ഗ്രന്ഥങ്ങളില്‍ പകുതിയും നേരത്തെ പ്രസിദ്ധീകരിച്ചവയുടെ പുന:പ്രസിദ്ധീകരണങ്ങളാണ് എന്നതാണ് വസ്തുത.  എല്ലാ കാലത്തും ഇതേ പോലെ നിയമസഭ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാറുണ്ട്.

22. സ്പെഷല്‍ റൂള്‍സ് സംബന്ധിച്ച സ്പീക്കറുടെ അവകാശവാദം ശരിയല്ല. സ്പെഷ്യല്‍ റൂള്‍സ് ഇല്ലാത്തതിനാല്‍ നിയമങ്ങള്‍ നടപ്പാക്കാനാവാതെ വര്‍ഷങ്ങളായി മുടങ്ങിക്കിടന്നതിന് തനിക്ക് പരിഹാരമുണ്ടാക്കാനായി എന്നാണ് സ്പീക്കര്‍ അവകാശപ്പെട്ടത്.  എന്നാല്‍, സെപ്ഷ്യല്‍ റൂള്‍സ് ഇല്ലാത്തതിനാല്‍  പൊതുമേഖലാ സ്ഥാപനങ്ങളിലെ 99 തസ്തികകളില്‍  ഇപ്പോഴും പി.എസ്.സി വഴിയുള്ള നിയമനങ്ങള്‍ നടക്കുന്നില്ലെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി തന്നെ മറുപടി നല്‍കിയിട്ടുണ്ട്. നിയമസഭാ വളപ്പില്‍ പ്രവര്‍ത്തിക്കുന്ന ലോകായുക്തയില്‍ പോലും സ്പെഷ്യല്‍ റൂള്‍സ് ഇല്ലാത്തതിനാല്‍ പി.എസ്.സി വഴി നിയമനം നടത്താന്‍ കഴിഞ്ഞിട്ടില്ല. നിയമസഭാ വളപ്പിലെ ലോകായുക്തയുടെ കാര്യമെങ്കിലും അന്വേഷിച്ച ശേഷം സ്പീക്കര്‍ക്ക് ഈ അവകാശവാദം ഉന്നയിക്കാമായിരുന്നു.

23. നിയമസഭയില്‍ ഒട്ടേറെ  നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ധൂര്‍ത്തും ഇതിന് പുറമേ ഇപ്പോഴും നടക്കുന്നുണ്ട്. കാട്ടിലെ തടി, തേവരുടെ ആന, പിടിയെടാ പിടി എന്നത് പോലെയാണ് കാര്യങ്ങള്‍.

24. നിയമസഭാ മന്ദിരത്തിന്റെ മൊത്തം നിര്‍മ്മാണച്ചെലവ് 76 കോടി രൂപയാണ്. എന്നാല്‍, കഴിഞ്ഞ നാലരവര്‍ഷത്തിനിടയില്‍ 100 കോടിയിലേറെ രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ആഘോഷങ്ങളും നടത്തി. അതിനൊന്നും യുക്തിസഹമായ മറുപടി നല്‍കാന്‍ സ്പീക്കര്‍ക്ക് കഴിഞ്ഞിട്ടില്ല. സംസ്ഥാന ഇത്ര രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ നടത്തിയ ഈ അഴിമതികളേയും ധൂര്‍ത്തിനെയും കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറുണ്ടോ?

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: