ഭാരത് ബന്ദ്: സുരക്ഷ ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം

ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരേ കര്‍ഷക സംഘടനകള്‍ നടത്തുന്ന പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നാളെ നടക്കുന്ന ഭാരത് ബന്ദിനെ കര്‍ശനമായി നേരിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍.

ബന്ദുമായി ബന്ധപ്പെട്ട് ഉണ്ടാവാനിടയുള്ള സംഘര്‍ഷങ്ങള്‍ കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും കത്തയച്ചു. അതിനും പുറമെ സമരങ്ങളും പ്രതിഷേധങ്ങളും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

രാജ്യത്ത് സമാധാനവും സുരക്ഷയും ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നാണ് കേന്ദ്രം നിര്‍ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ 12 ദിവസമായി ആയിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹിയില്‍ കേന്ദ്രത്തിന്റെ കര്‍ഷക വിരുദ്ധ നിയമത്തിനെതിരേ സമരം നടത്തുന്നത്. നാളെ കര്‍ഷകര്‍ റോഡുകള്‍ ഉപരോധിക്കാനും വിവിധ സര്‍വീസുകള്‍ തടയാനും സാധ്യതയുണ്ടെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

സര്‍ക്കാരും കര്‍ഷക നേതാക്കളും തമ്മിലുള്ള അടുത്ത ചര്‍ച്ച ബുധനാഴ്ച നടക്കും.ബന്ദിന്റെ മുന്നോടിയായി ഡല്‍ഹിയിലേക്ക് വരുന്ന മിക്കവാറും റോഡുകള്‍ പോലിസ് അടച്ചിട്ടുണ്ട്. പല നഗരങ്ങളിലും 144ഉം പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *