NEWS

മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കാത്തതിനാലാണ് കെ എം മാണിയെ ബാർ കോഴയിൽ കുടുക്കിയത്: ചെന്നിത്തലയ്‌ക്കെതിരെ പാലാരൂപത മുഖപത്രം

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മുഖ്യമന്ത്രി സ്ഥാനമോഹത്തെ പിന്‍തുണക്കാതിരുന്നതാണ് കെ.എം. മാണിയെ ബാര്‍ കോഴക്കേസില്‍ കുടുക്കാന്‍ ചെന്നിത്തലയെ പ്രേരിപ്പിച്ചത്. പാലാരൂപതയുടെ മുഖപത്രത്തില്‍ ചെന്നിത്തലയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വന്ന ദീപനാളത്തില്‍ ‘കാവ്യനീതി’ എന്ന തലക്കെട്ടില്‍ വന്ന ലേഖനമാണിത്.

കുര്യാസ് കുമ്പളക്കുഴി എഴുതിയ ലേഖനത്തിലാണ് പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷ വിമര്‍ശനമുള്ളത്.

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പും ,കര്‍ഷക സമരവും മുഖ്യ വിഷയമായി ചര്‍ച്ച ചെയ്യുന്ന രൂപത മുഖപത്രം ദീപനാളത്തിന്റെ ഡിസംബര്‍ ലക്കത്തിലാണ് കെ.എം.മാണിയെന്ന വികാരം ഉയര്‍ത്തി രമേശ് ചെന്നിത്തലയെ കടന്നാക്രമിക്കുന്നത്. ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കുമെന്ന കാവ്യനീതിയാണ് ചെന്നിത്തലക്ക് നേരെ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണമെന്ന് മുഖപത്രം പറയുന്നു.

കെ.എം.മാണിയെന്ന സമുന്നത രാഷ്ട്രിയ നേതാവിന്റെ രാഷ്ട്രീട്രീയ ജീവിതത്തെയും ,വ്യക്തി ജീവിതത്തെയും തകര്‍ത്തെറിഞ്ഞ വ്യാജ കേസിന്റെ അപമാനം പേറിയാണ് കെ.എം.മാണി മരിച്ചതെന്ന് ഓര്‍ക്കണമെന്നും ആ ആരോപണം ഇപ്പോള്‍ ബൂമറാങ്ങായി പ്രതിപക്ഷ നേതാവിന് നേരെ വരുന്നതെന്നും ലേഖനത്തില്‍ പറയുന്നു. കെ എം മാണി ക്കെതിരായ ത്വരിതാന്വേഷണത്തിന് ഉത്തരവിടുമ്പോള്‍ രമേശ് ചെന്നിത്തലയുടെ കയ്യില്‍ അഴിമതിയുടെ കറ പുരണ്ടിരുന്നുവെന്നും ഇപ്പോള്‍ ഉയര്‍ന്ന ബാര്‍ കോഴ ആരോപണത്തെ ഓര്‍മ്മിപ്പിച്ച് ലേഖനത്തില്‍ പറയുന്നുണ്ട്.

ഉമ്മന്‍ ചാണ്ടിയെ മാറ്റി തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ചിലരെ രമേശ് ചെന്നിത്തല കെ.എം.മാണിയുടെ അടുത്തേക്ക് അയച്ചെന്നും എന്നാല്‍ ഇക്കാര്യത്തിന് കൂട്ടുനില്‍ക്കില്ലെന്ന് കെ.എം.മാണി നിലപാടെടുത്തുമെന്നും ലേഖനത്തിലുണ്ട്. ഇതിനെ തുടര്‍ന്നാണ് കെ.എം.മാണിയെ തകര്‍ക്കാന്‍ രമേശ് ശ്രമം തുടങ്ങിയതെന്നും മുഖപത്രം പറയുന്നു.

രൂപതയുടെ രാഷ്ട്രിയ നിലപാടിന്റെ പ്രഖ്യാപനം തന്നെയാണെന്നാണ് ഈ ലേഖനമെന്നാണ് വിലയിരുത്തല്‍. എന്തായാലും തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ചെന്നിത്തലയ്‌ക്കെതിരെ ഇത്തരത്തില്‍ ഒരു വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. ഇത് തിരഞ്ഞെടുപ്പിനെ എത്രത്തോളം ബാധിക്കുമെന്ന് കണ്ടറിയാം.

Back to top button
error: